പരേറ്റോ സംവരണം
(1) ജാതിക്കൂമ്ബാരങ്ങളിലെ ഭിന്ന ജാതികള്‍ക്കിടയില്‍ സംവരണവിഹിതം നീതിപൂര്‍വം വിതരണം ചെയ്യപെടുന്നുണ്ടോ എന്ന ചോദ്യം പഴയതാണ്. പക്ഷെ ഉത്തരം അന്നുമിന്നും 'ഇല്ല' എന്നുതന്നെ. ജാതിക്കൂമ്ബാരം യഥാര്‍ത്ഥത്തില്‍ ജാതിവാദികളെ അസ്വസ്ഥരാക്കേണ്ടതാണ്. ജാതി സംഘടനകളോ പ്രവര്‍ത്തകരോ ഒരിക്കലും സ്വജാതി പിന്നാക്കംപോകണമെന്ന് ആഗ്രഹിക്കില്ലല്ലോ. ഓരോരുത്തരും സ്വജാതിക്ക് വേണ്ടി പോരാടുമ്ബോള്‍ നൂറുകണക്കിന് ജാതികളെ കൂട്ടി ഒരു ജാതിമുന്നണി(cluster) ഉണ്ടാക്കി ആ മുന്നണിക്ക് സംവരണം നല്‍കുന്നതിനെ അവര്‍ അനുകൂലിക്കുന്നുവെങ്കില്‍ അവിടെ രണ്ട് കാര്യങ്ങള്‍ പ്രസക്തമാകുന്നു: (1) അത്തരം ജാതികൂമ്ബാരങ്ങളിലെ വിഹിതംവെപ്പില്‍ സ്വജാതിക്ക് സ്ഥിരമായി മുന്‍തൂക്കം ലഭിക്കുന്നു (2) ജാതിമുന്നണിയില്‍ നേതൃത്വവും പ്രാമുഖ്യവും സ്വജാതിക്കാര്‍ക്കാണ്. ജാതിമുന്നണി നഷ്ടകച്ചവടമാണെന്ന് മനസ്സിലാക്കുന്നവര്‍ സ്വന്തംനിലയില്‍ വിഹിതം ആവശ്യപെടാതിരിക്കില്ലെന്ന് ഉറപ്പാണ്. മറിച്ചായാല്‍ അവര്‍ക്കെങ്ങനെ സ്വന്തംജാതിയെ പോഷിപ്പിക്കുന്നു എന്ന് അവകാശപെടാനാകും!? എല്ലാവരും ഒരുപോലെ മത്സരസജ്ജരല്ല, പിന്നാക്കാവസ്ഥകള്‍ തമ്മില്‍ ശ്രേണീബദ്ധമായ വ്യത്യാസമുണ്ട് എന്ന സംവരണസാഹിത്യയുക്തി അവിടെ വിസ്മരിക്കപ്പെടാന്‍ കാരണം ഈ വസ്തുതകളാണ്.
(2) ജാതിക്കൂമ്ബാരങ്ങളിലെ പ്രഭുജാതികളും ജാതികളിലെ ജാതിപ്രഭുക്കളും മുന്നണിസംവരണത്തിന്റെ സിംഹഭാഗവും നേടിയെടുക്കും എന്ന് തിരിച്ചറിയാന്‍ ഇലക്ടോണ്‍ മൈക്രോസ്‌കോപ്പിന്റെ ആവശ്യമില്ല. മനുഷ്യര്‍ ഇടപെടുന്ന മേഖലകളിലെല്ലാം അതാണ് സംഭവിക്കുക. എസ്‌ഇ എസ്ടി/ ഒബിസി വിഭാഗങ്ങളില്‍ ആയിരക്കണക്കിന് ജാതികളുണ്ട്. ഒബിസിയില്‍ മാത്രം 5000-6000 ജാതികള്‍. കേന്ദ്ര സര്‍വീസില്‍ ഒബിസി സംവരണം 27% ആണ്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രസര്‍വീസിലും കേവലം 40 ഒബിസി ജാതികള്‍ (ഒരു ശതമാനത്തിലും താഴെ) മൊത്തം ഒബിസി സംവരണത്തിന്റെ 50 ശതമാനവും സ്വന്തമാക്കുന്നു എന്ന് ഇത് സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച ജസ്റ്റീസ് രോഹിണി പാനല്‍ എന്ന സര്‍ക്കാര്‍തല സമിതി കണ്ടെത്തിയതായി ദി പ്രിന്റ് എന്ന ദേശീയ പ്രസിദ്ധീകരണം പറയുന്നു(https://theprint.in/.../less-than-1-of-obc-castes-cor.../458860/).
(2) അതായത് ഒരു ശതമാനം ജാതികള്‍ക്ക് ആകെ സംവരണത്തിന്റെ 50%! 2017 ഒക്ടോബറില്‍ നിയമിതമായ സമിതിയുടെ കാലാവധി 2020 ജൂണില്‍ ഒമ്ബതാമത്തെ തവണ നീട്ടികൊടുത്തിരുന്നു. ഇത്തരമൊരു വിതരണക്രമം ന്യായമായും എവിടെയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. പക്ഷെ പ്രകടമായ ഈ അസമത്വം പരിഹരിക്കാന്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. 2014-18 കാലയളവില്‍ ഒരൊറ്റ തൊഴില്‍പോലും കിട്ടാത്ത 983 ജാതികള്‍ ഒബിസി പട്ടികയിലുണ്ടായിരുന്നുവെന്നാണ് സമിതിയുടെ കണ്ടത്തല്‍. മറ്റൊരു 994 ജാതികള്‍ക്കെല്ലാംകൂടി കിട്ടയത് 2.68% മാത്രം. ഫലത്തില്‍ രണ്ടായിരത്തോളം ഒബിസി ജാതികള്‍ക്ക് ഇക്കാലയളവില്‍ ഒബിസി സംവരണത്തിന്റെ 3 ശതമാനത്തില്‍ താഴെ മാത്രമേ ലഭിച്ചിട്ടുള്ളൂ!
(3) എസ്‌ഇ എസ്ടിയുടെ കാര്യവും സമാനമാണ്. അരനൂറ്റാണ്ടു കഴിഞ്ഞിട്ടും കൂട്ടത്തിനുള്ളില്‍ നീതി വിതരണം അസാധ്യമായി തുടരുന്നു. ജാതികൂമ്ബാരങ്ങളിലെ വ്യത്യസ്ത ജാതികള്‍ക്കിടയില്‍ വലിയതോതില്‍ അസമത്വം നിലനില്‍ക്കുന്നുവെന്നും ഒബിസികള്‍ക്കിടയില്‍ ഉപവര്‍ഗ്ഗീകരണങ്ങള്‍ അനിവാര്യമാണെന്നും ജസ്റ്റീസ് രോഹിണി സമിതിയിലെ അംഗമായ ജെകെ ബജാജ് ചൂണ്ടിക്കാണിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഛആഇ ജാതികള്‍ക്കിടയിലുള്ള ജാതിവിവേചനമാണോ(caste discrimination) ഈ അസമത്വത്തിന് കാരണം? ജാതിവിവേചനം ഉണ്ടായിരുന്നില്ലെങ്കില്‍ എല്ലാ ജാതികള്‍ക്കും ആനുപാതികമായി കിട്ടുമായിരുന്ന വിഹിതം വിതരണം ചെയ്യുന്ന മഹാനീതിയാണ് ജാതിസംവരണത്തിലുള്ളത് എന്ന നിറംകെട്ട തമാശ തട്ടിവിടുന്നവര്‍പോലും അങ്ങനെ പറയാനിടയില്ല.
(4) മനുഷ്യര്‍ ഇടപെടുന്ന മേഖലകളിലും പ്രവര്‍ത്തനങ്ങളിലും അസമത്വം സ്വാഭാവികമായി ഉണ്ടാകുന്നു എന്നത് അനിഷേധ്യമായ കാര്യമാണ്. അതങ്ങനെയാണെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് മനുഷ്യസമൂഹം ഏര്‍പെടേണ്ടത്. ജാതിവിവേചനം ഇല്ലെങ്കിലും ഉണ്ടെങ്കിലും ജാതികള്‍ തന്നെ അപ്രത്യക്ഷമായാലും ഒരു സമൂഹത്തിലും എല്ലാ ഗ്രൂപ്പുകള്‍ക്കും എല്ലായിടത്തും ആനുപാതികമോ തുല്യമോ ആയ വിഹിതമോ പങ്കാളിത്തമോ ലഭിക്കാനിടയില്ല. സംവരണത്തിലെന്നല്ല, യാതൊരു കാര്യത്തിലും. പരേറ്റോ വിതരണക്രമം മനുഷ്യരെ വിട്ടൊഴിയില്ല എന്നതാണ് വസ്തുത. അസമത്വം സ്വാഭാവികമല്ലെന്ന് വെറുതെ ശഠിച്ചതുകൊണ്ട് ഇല്ലാതാകില്ല, അവിടെ ഇടപെടലുകള്‍ അനിവാര്യമാണ്. യാഥാര്‍ത്ഥ്യങ്ങളെ വാദിച്ച് തോല്‍പ്പിക്കാനോ ആഗ്രഹിച്ച് ഇല്ലാതാക്കാനോ സാധിക്കില്ല.