Latest News

അരമനയില്‍ നിന്ന് ഒരു വാറോല എഴുതിക്കൊടുത്താല്‍ വിറയ്ക്കുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയോ? ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കല്‍: ഗൂഢാലോചന ആരുടെ ആലയില്‍? നൗഷാദ് മണ്ണിശ്ശേരി എഴുതുന്നു

Malayalilife
അരമനയില്‍ നിന്ന് ഒരു വാറോല എഴുതിക്കൊടുത്താല്‍ വിറയ്ക്കുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയോ? ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കല്‍: ഗൂഢാലോചന ആരുടെ ആലയില്‍? നൗഷാദ് മണ്ണിശ്ശേരി എഴുതുന്നു

കേ രളത്തില്‍ ന്യൂനപക്ഷ ക്ഷേമം എന്ന ഒരു വകുപ്പ് ഉണ്ടാകുന്നത് തന്നെ 2004-ലെ മന്മോഹന്‍സിങ് ഗവണ്‍മെന്റ് സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പരിഗണിച്ചതിനു ശേഷമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംകള്‍ ഒരേ സമയം പിന്നാക്കവും ന്യൂനപക്ഷവും ദരിദ്രരും അരക്ഷിതരുമാണ്. സിഖുകാരും പാഴ്‌സികളും ക്രിസ്ത്യാനികളും ന്യൂനപക്ഷമാണെങ്കിലും പിന്നാക്കമല്ല. മുന്നോക്കവും സുരക്ഷിതരുമാണ്. എന്നാല്‍ 18 കോടിയിലധികം വരുന്ന മുസ്ലിംകളില്‍ ഭൂരിഭാഗവും സാമൂഹികമായ എല്ലാ അടിച്ചമര്‍ത്തലുകളും നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ മന്മോഹന്‍ സിങ് സര്‍ക്കാര്‍ നിയമിക്കുന്നത്. 2005 മാര്‍ച്ച്‌ 9-നാണ് ഈ കമ്മിറ്റി നിലവില്‍ വന്നത്. സയ്യിദ് ഹാമിദ്, ഡോ.ടി.കെ. ഉമ്മന്‍, എം.എ.ബാസിത്, ഡോ.അക്തര്‍ മജീദ്, ഡോ.അബൂ സ്വാലിഹ് ഷരീഫ്, ഡോ.രാഗേഷ് ബസന്ത് എന്നിവരയായിരുന്നു കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സന്ദര്‍ശിച്ച്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും മുസ്ലിം സംഘടനകളുമായി ചര്‍ച്ച ചെയ്തും വ്യവസ്ഥാപിതമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും വിശദമായി പഠിച്ചാണ് 403 പേജ് വരുന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. ഏകദേശം ഒരു സഹസ്രാപ്തത്തോളം കാലം ഇന്ത്യാഭൂഖണ്ഡം ഭരിച്ച മുസ്ലിംകള്‍ സ്വാതന്ത്രത്തിനു ശേഷം ആദിവാസികളേക്കാളും ദലിതരേക്കാള്‍ പിന്നാക്കമാണ് എന്ന് സച്ചാര്‍ സമിതി കണ്ടെത്തി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിച്ച ബംഗാളില്‍ പോലും അവരുടെ സ്ഥിതി തുലോം കഷ്ടമാണ്. ഇതിനൊരു പരിഹാരമായി സച്ചാര്‍ സമിതി ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിച്ചത് വിദ്യാഭ്യാസമില്ലാത്ത ഇവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കണം, അവര്‍ക്ക് ഉദ്യോഗസ്ഥതലത്തില്‍ മതിയായ പ്രാതിനിധ്യം നല്‍കണം എന്നൊക്കെയാണ്. അത് പ്രകാരമാണ് അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ അഞ്ച് ഓഫ് കാമ്ബസുകള്‍ ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ ജില്ലകളില്‍ തുടങ്ങാന്‍ തീരുമാനിക്കുന്നത്. അതിലൊന്നാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ആരംഭിച്ചത്. അന്നത്തെ മാനവ വികസനമന്ത്രി (കേന്ദ്ര വിദ്യാഭ്യാസ മന്ത്രി) കപില്‍ സിബലാണ് അത് ഉദ്ഘ്ടനം ചെയ്തത്. അലിഗഡ് നിയമപ്രകാരം ആ യൂനിവേഴ്‌സിറ്റിക്ക് ഓഫ് കാമ്ബസ് പാടില്ലാത്തതാണ്. എന്നാല്‍ നിയമം ഭേദഗതി ചെയ്താണ് ഓഫ് കാമ്ബസുകള്‍ കൊണ്ടുവന്നത്. അതുപോലെ ഉദ്യോഗരംഗത്ത് നാമമാത്രമായ പ്രാധിനിത്യം പോലും മുസ്ലിം സമുദായത്തിനില്ല എന്നും സച്ചാര്‍ സമിതി കണ്ടെത്തി. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാര്‍ക്ക് സിവില്‍ സര്‍വീസില്‍ പരിശീലനം നല്‍കുന്നതിന് വേണ്ടി കോച്ചിങ് സെന്ററുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം. അതുപ്രകാരം ആരംഭിച്ചതാണ് 'സിവില്‍ സര്‍വീസ് കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത്‌സ് '

വിരോധാഭാസമെന്ന് പറയട്ടെ ഇന്ത്യയില്‍ എല്ലായിടത്തും ഇതിന്റെ പേര് സിവില്‍ സര്‍വീസ് കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത്‌സ് എന്നാണെങ്കിലും കേരളത്തിലത് സിവില്‍ സര്‍വില്‍ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്‌സ് എന്നാക്കി മാറ്റി. ഇവിടെയും ഒരു വര്‍ഷത്തോളം മുസ്ലിം യൂത്ത്‌സ് എന്നായിരുന്നു. മുസ്ലിം പ്രമോട്ടര്‍മാരെ നിയമിച്ചിടത്തൊക്കെ മൈനോരിറ്റി പ്രമോട്ടര്‍മാരെ വെച്ചു. അതിനുശേഷം ആ തസ്തിക തന്നെ എടുത്ത് കളഞ്ഞു. ഇങ്ങിനെയൊക്കെയായിട്ടും ഒരു മുസ്ലിം സംഘടനയും അതില്‍ ഒരു പരാതിയും പറഞ്ഞില്ല. 100% മുസ്ലിംകള്‍ക്ക് വേണ്ടി തുടങ്ങിയ കേന്ദ്രത്തില്‍ 20% മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് നല്‍കിയപ്പോഴും ആരും പ്രതിഷേധിച്ചില്ല. ഇപ്പോള്‍ ക്രിസ്ത്യാനികള്‍ പറയുന്നത് ഈ 80:20 അനുപാതം വിവേചനവും അനീതിയുമാണ്. അത് 50:50 ആക്കണം എന്നാണ്. ജനസംഖ്യാനുപാതത്തേക്കാള്‍ എത്രയോ കൂടുതല്‍ പ്രാതിനിധ്യം ഉള്ളവര്‍ നാമമാത്ര പ്രാതിനിധ്യം പോലുമില്ലാത്തവര്‍ക്ക് പരിശീലനം നല്‍കുമ്ബോള്‍ അതില്‍ അസഹിഷ്ണുത കാണിക്കുകയാണ്. മുസ്ലിം ഗേള്‍സ് സ്‌കോളര്‍ഷിപ്പ് ക്രിസ്ത്യാനിക്ക് വേണമെന്ന് പറയുന്നത് പോലുള്ള അസംബന്ധം മാത്രമാണിത്. കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങളെ പറ്റി പഠിക്കാന്‍ ജസ്റ്റിസ് കോശി അധ്യക്ഷനായും ജേക്കബ് പുന്നൂസ് മുതലായ മൂന്ന് ഉന്നതരായ ക്രിസ്ത്യന്‍ ഉദ്യോഗസ്തന്മാര്‍ അംഗങ്ങളായും ഉള്ള ഒരു സമിതിയെ കഴിഞ്ഞ പിണറായി ഗവണ്‍മെന്റ് നിയമിച്ചിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വരാനിരിക്കുകയാണ്.

ഈ അവസരത്തില്‍ മുസ്ലിം വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ക്രിസ്ത്യന്‍ വര്‍ഗീയത സംഘ്പരിവാര്‍ ഗൂഢാലോചനയൊ മറ്റ് ആരുടെ ഫലഭൂയിഷ്ടമായ തലച്ചോറില്‍ നിന്നോ ഉണ്ടായതാണെന്ന് മനസിലാക്കുന്നില്ല. ഇതിന്റെ ഫലം കേരളത്തെ വര്‍ഗീയ ഭ്രാന്താലയമാക്കലാവും എന്നുറപ്പാണ്. കേരളത്തിന്റെ ഒട്ടനവധി തെരുവോരങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിന് ഏക്കര്‍ കണക്കായ ഭൂമിയുണ്ട്. പണ്ട് ബ്രിട്ടീഷുകാര്‍ വഴി കിട്ടിയതാണത്. സംസ്ഥാനഭരണം വന്നപ്പോഴും റവന്യൂ, ധനകാര്യം മുതലായ വകുപ്പുകളിലെ സ്വാധീനം വഴി വേറെയും നേടി. ഒരു ശതമാനം പോലും ക്രിസ്ത്യന്‍ സമുദായക്കാരില്ലാത്ത മലപ്പുറം ടൗണിന്റെ ഹൃദയഭാഗത്തെ ഭൂരിഭാഗം ഭൂമിയും അവരുടെ കയ്യില്‍ തന്നെ. ഇങ്ങിനെയൊക്കെ ഉണ്ടായിട്ടും വീണ്ടും വീണ്ടും അസഹിഷ്ണുതയും വര്‍ഗീയതയും പറയുകയാണ്. ഏതെങ്കിലുമൊരു അരമനയില്‍ നിന്ന് ഒരു വാറോല എഴുതിക്കൊടുത്താല്‍ വിറക്കുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയാല്‍ കേരളം ഇതുവരെ കാത്തുസൂക്ഷിച്ച പ്രബുദ്ധതയാണ് തകരാന്‍ പോകുന്നത്.

പൊതുസമൂഹത്തിന്റെ ആഗ്രഹ പ്രകാരമാണ് ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഏതു പൊതുസമൂഹമാണ് ഇങ്ങനെ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. എല്ലാ വകുപ്പുകളും സി.പിഎം സംസ്ഥാനകമ്മിറ്റി തീരുമാനിക്കുമ്ബോള്‍ ന്യൂനപക്ഷ വകുപ്പില്‍ മാത്രം ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണമെന്താണ്. ആരോഗ്യമന്ത്രിയായി കെ.കെ ശൈലജ തന്നെ വരണമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടേയും പൊതുസമൂഹത്തിന്റേയും ആഗ്രഹം. ഇതും മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാവുമോ.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.ടി ജലീലിനെതിരെ, അദ്ദേഹം പ്രസ്തുത വകുപ്പ് ഉപയോഗിച്ച്‌ മുസ്ലിം സമുദായത്തിന് വാരിക്കോരി കൊടുക്കുന്നു എന്ന് ആരോപണമുന്നയിച്ച്‌ വര്‍ഗ്ഗീയത പറഞ്ഞ് പരത്തിയ കെ.സി.വൈ.എമ്മുകാരന്റെ വാറോലയെ പേടിച്ച്‌ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുമ്ബോള്‍ ജലീലിനെതിരെയുള്ള ആരോപണം അംഗീകരിക്കലാണ് ഒരര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ചെയ്യുന്നത്. ഇങ്ങനെയൊരു ആരോപണത്തെ പ്രതിരോധിക്കാന്‍ ഒരിക്കലും സിപിഎം മുന്നോട്ടു വന്നിരുന്നില്ല എന്നതും ഈ സമയത്ത് ഓര്‍ക്കേണ്ടതുണ്ട്.

നാമമാത്ര രണ്ടര മുസ്ലിം മന്ത്രിമാര്‍ക്ക് പിണറായി മന്ത്രിസഭയില്‍ ലഭിച്ച വകുപ്പുകള്‍ കൊണ്ട് മുസ്ലിം സമുദായത്തിന് എന്ത് പരിഗണനയാണ് ലഭിക്കാന്‍ പോകുന്നത് എന്നും ഇതാണോ ഇടതുമുന്നണി വിഭാവനം ചെയ്യുന്ന സാമൂഹികനീതി എന്നും 27 വര്‍ഷത്തെ എ.കെ.ജി സെന്ററിന്റെ തിണ്ണ നിരങ്ങലിനും ഭിക്ഷ യാചിക്കലിനും ശേഷം മതിയായ അംഗീകാരം കിട്ടി എന്ന് അഹങ്കരിക്കുന്ന ഐ.എന്‍.എല്ലുകാര്യം മുസ്ലിംലീഗിന് ഭരണം ലഭിക്കാത്തതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുന്ന ലീഗ് വിരോധികളും ചിന്തിക്കട്ടെ.

മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ എന്ന ഒരു സമിതിയുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളം. അതിന്റെ ചെയര്‍മാന് ക്യാബിനറ്റ് റാങ്കും മറ്റ് സൗകര്യങ്ങളും നല്‍കുമ്ബോള്‍ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന് ഒരു എക്‌സ്‌ക്യുട്ടീവ് അധികാരം പോലുമില്ല. 27 ശതമാനമാണ് കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ജനസംഖ്യ. ക്രിസ്ത്യന്‍ സമുദായം 18 ശതമാനവും. ഈ 18 ശതമാനമാണ് കേരളത്തിലെ 60 ശതമാനം വരുന്ന എയ്ഡഡ് സ്‌കൂള്‍-കോളേജുകള്‍ നടത്തുന്നത്. 82 ശതമാനം വരുന്നവര്‍ എല്ലാവരും കൂടി നടത്തുന്നത് 40 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രം. ഉദ്യോഗരംഗത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന ഒരു സ്ഥാപനത്തിലും അറബി പഠിപ്പിക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ഭൂരിപക്ഷമുള്ള ജില്ലകളില്‍ ഒന്നായ മലപ്പുറത്തെ ആസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജെമ്മാസ് സ്‌കൂളില്‍ 10 മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അറബി അദ്ധ്യാപകന്‍ എന്ന കേരള എജുക്കേഷല്‍ റൂള്‍ പാലിക്കുന്നേയില്ല. മലപ്പുറത്തെ എല്ലാ ജനപ്രതിനിധികളുടേയും ബില്‍ഡിങ് ഫണ്ട് അടക്കം സഹായം ലഭിക്കുന്ന സ്ഥാപനം കൂടിയാണത്.

മുസ്ലിം സമുദായത്തിന് എന്നില്‍ വിശ്വാസമുണ്ട് എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ എനിക്ക് അവരില്‍ വിശ്വാസമുണ്ട് എന്ന് അദ്ദേഹം പറയാതിരുന്നത് ബോധപൂര്‍വ്വമാവാനാണ് സാധ്യത. വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ക്ക് ഒരു സീറ്റും പോലും നല്‍കാതെ മതേതര കേരളം അതിന്റെ പൈതൃകം നിലനിര്‍ത്തിയതിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്. ഐക്യജനാധിപത്യ മുന്നണിക്ക് കേരളം ഭരിക്കാന്‍ അവസരം കിട്ടാതിരുന്നപ്പോഴും ഏക ആശ്വാസം എല്‍.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും കേരളം ഭരിക്കുന്നത് ഒരു മതേതര സര്‍ക്കാര്‍ ആണല്ലോ എന്നതാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കാന്‍ പിണറായി വിജയനും എല്‍.ഡി.എഫ് സര്‍ക്കാറിനും ബാധ്യതയുണ്ട്.

Read more topics: # Noushad mannisheri,# note about cm
Noushad mannisheri note about cm

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക