' ഞാനൊരു ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചരിത്രം എന്നോട് ദയയുള്ളതായിരിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. 'അഞ്ച് വര്‍ഷം മുന്‍പ് ഒരു പത്രസമ്മേളനത്തില്‍ വച്ച് അന്നത്തെ പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണ്. ഒന്നിനും കൊള്ളാത്തവനാണ് എന്ന ഇമേജ് സൃഷ്ടിച്ച് അയാളെ പടിയിറക്കിവിട്ടതാണ് 2014ല്‍. അന്ന്, ഇറങ്ങിപ്പോവുന്നതിനു മുന്‍പ് നടത്തിയ പത്രസമ്മേളനത്തിലെ വാക്കുകളാണ് അവ.
അതുകഴിഞ്ഞ് ഇന്ത്യയുടെ പ്രധാനമന്ത്രി പത്രസമ്മേളനം നടത്തുന്നത് കാണാന്‍ എത്ര തവണ ഇന്ത്യക്കാര്‍ക്ക് ഭാഗ്യമുണ്ടായിട്ടുണ്ടോ എന്തോ? ചരിത്രം ഒരുപക്ഷേ ആവശ്യത്തിലധികം ദയ കാണിക്കുന്നത് സ്വന്തം കണ്ണുകള്‍ കൊണ്ട് തന്നെ കാണാന്‍ ഭാഗ്യമുണ്ടായ മനുഷ്യന്‍. മന്മോഹന്‍ സിങ്ങിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും നേരമോ കാലമോ നോക്കേണ്ടിവന്നിട്ടില്ല. രസതന്ത്രം സിനിമയില്‍ ഇന്നസെന്റ് രാത്രി ആളില്ലാത്തിടത്ത് ചെന്ന് നിന്ന് വിളിച്ച് കൂവുന്നതുപോലെ ഒളിച്ചും പാത്തും ചെയ്യേണ്ടിവന്നിട്ടില്ല.
അതുകൊണ്ട് പെട്രോള്‍ വില കൂടിയപ്പൊ സൈക്കിളെടുത്തിറങ്ങാനും പെട്രോള്‍ കാറിനു മുകളില്‍ തളിച്ചാല്‍ മതി, കത്തിക്കാനാണ് എന്ന് തമാശിക്കാനുമൊക്കെ ആളുകള്‍ക്ക് സ്വതന്ത്രമായി കഴിഞ്ഞിരുന്നു. ഇപ്പൊ അവരില്‍ പലരുടെയും മൗനം കാണുമ്ബൊ അന്ന് അദ്ദേഹത്തെ വിളിച്ച പേരാണോര്‍മ വരുന്നത്.
മൗനി ബാബ...
ഡോക്ടര്‍ മന്മോഹന്‍ സിങ്ങിനെ തോന്നിയ പേരുകള്‍ വിളിക്കുമ്ബൊ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്ന് പറയാന്‍ ഒരു ദേശസ്‌നേഹിയെയും കണ്ടിരുന്നില്ല. അതെ, ഡോക്ടര്‍ മന്മോഹന്‍ സിങ്ങ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യത എന്താണെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടാവാനിടയില്ല. ലോകത്ത് ഒരാള്‍ക്ക് മാത്രമുള്ള ഡിഗ്രിയല്ലായിരുന്നു അദ്ദേഹത്തിന്. സ്വന്തം ചെയ്തികള്‍ ഒരുപക്ഷേ കൊട്ടിഘോഷിച്ചിരുന്നില്ലായിരിക്കാം..മിണ്ടാതെ പണി ചെയ്യുകയായിരുന്നു ചെയ്തത്.
പില്‍ക്കാലത്ത് ഒരിക്കല്‍ മന്മോഹന്‍ സിങ്ങ് പറയുകയുണ്ടായി. ' ഞാന്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ പേടിയുള്ള പ്രധാനമന്ത്രിയല്ലായിരുന്നു. പതിവായി മാധ്യമങ്ങളുമായി സംസാരിക്കാറുണ്ടായിരുന്നു. ഞാന്‍ നടത്തിയ ഓരോ വിദേശസന്ദര്‍ശനത്തിനും ശേഷം തിരിച്ചുവരുമ്ബൊ ഒരു പ്രസ് കോണ്‍ഫറന്‍സ് നടത്തിയിരുന്നതാണ് '2005ന് മുന്‍പ് പ്രിന്റ് ചെയ്ത നോട്ടുകള്‍ അദ്ദേഹത്തിന്റെ കാലത്തും പിന്‍വലിച്ചിരുന്നു. അതാരെങ്കിലും അറിഞ്ഞിരുന്നോയെന്ന് പോലും സംശയമാണ്. കാരണം ഒറ്റയടിക്ക് ചെയ്ത ഒരു പ്രവൃത്തിയായിരുന്നില്ല അത്.
'ജി.ഡി.പി 5% എന്നത് സൂചിപ്പിക്കുന്നത് സുദീര്‍ഘമായ ഒരു മാന്ദ്യത്തിന്റെ നടുവിലാണ് നമ്മളെന്നാണ്. ഇന്ത്യയ്ക്ക് ഇതിനെക്കാള്‍ വേഗത്തില്‍ വളരാന്‍ കഴിയുമായിരുന്നു. പക്ഷേ മോദി സര്‍ക്കാരിന്റെ ഓള്‍ റൗണ്ട് മിസ് മാനേജ്‌മെന്റ് ഈ മെല്ലെപ്പോക്കിനിടയാക്കി '2019ല്‍ സംസാരിച്ചപ്പോള്‍ ഡോ.സിങ്ങ് പറഞ്ഞതാണ്. 'മോദി സര്‍ക്കാരിന്റെ പ്രവൃത്തികള്‍ തൊഴിലില്ലായ്മയിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും നയിച്ചു. വാഹന വിപണിയില്‍ മാത്രം മൂന്നര ലക്ഷം ജോലികള്‍ ഇല്ലാതായി. അതുപോലെതന്നെ അനൗദ്യോഗിക മേഖലകളിലും തൊഴില്‍ നഷ്ടമുണ്ടാവും..അത് നമ്മുടെ ഏറ്റവും ദുര്‍ബലമായ ജനവിഭാഗങ്ങളെ മുറിവേല്പിക്കും...'സര്‍ക്കാരിന്റെ കീഴിലുള്ള ഡാറ്റയുടെ വിശ്വാസം പോലും നഷ്ടപ്പെട്ടുവെന്ന് സിങ്ങ് പറഞ്ഞത് ഒരു വര്‍ഷം മുന്‍പാണ്...
അതിഥി തൊഴിലാളികള്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ഡാറ്റ ഇല്ല എന്ന സ്ഥിതിയിലേക്ക് മാറിയെന്ന് മാത്രം.. അദ്ദേഹം പ്രവചനസ്വഭാവത്തില്‍ പറഞ്ഞ ഓരോ കാര്യങ്ങളുടെയും ഇന്നത്തെ അവസ്ഥയെന്താണെന്ന്, അദ്ദേഹത്തെ വിമര്‍ശിച്ച ഓരോ വിഷയങ്ങളിലും ഇന്നത്തെ സ്ഥിതിയെന്താണെന്ന് ആത്മാര്‍ഥമായൊന്ന് ആലോചിച്ച് നോക്കിയാലറിയാം. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന മുതല്‍ തൊഴിലില്ലായ്മയും സമ്ബദ് വ്യവസ്ഥയും വരെ.. അതെക്കുറിച്ച് സംസാരിക്കാന്‍ എത്രപേര്‍ക്ക് കഴിയുന്നുണ്ടെന്നും.. ' നിങ്ങള്‍ പറയുന്നതിനെ ഞാന്‍ അനുകൂലിക്കണമെന്നില്ല. പക്ഷേ നിങ്ങള്‍ക്ക് അത് പറയാനുള്ള അവകാശത്തിനായി അവസാനം വരെ ഞാന്‍ പോരാടും ' എന്ന വോള്‍ട്ടയറുടെ വാക്കുകള്‍ കടമെടുത്ത പ്രധാനമന്ത്രി.
ഡോ.മന്മോഹന്‍ സിങ്ങ്.
ജന്മദിനാശംസകള്‍