പുതുവര്‍ഷം - സന്തോഷിക്കാന്‍ പത്തു കാര്യങ്ങള്‍... മുരളി തുമ്മാരുകുടി എഴുതുന്നു

Malayalilife
പുതുവര്‍ഷം - സന്തോഷിക്കാന്‍ പത്തു കാര്യങ്ങള്‍... മുരളി തുമ്മാരുകുടി എഴുതുന്നു

2021 പിറക്കുകയാണ്. 2020 വന്നതേ നമുക്ക് ഓര്‍മ്മയുള്ളൂ, പിന്നെ ഒരു റോളര്‍ കോസ്റ്ററില്‍ കയറിയത് പോലെയായിരുന്നു. പലപ്പോഴും ജീവല്‍ഭയം പോലും ഉണ്ടായി. ഇനിയുള്ള കാലത്തേക്ക് 2020 ഓര്‍ക്കണമെന്ന് കൂടി നമുക്ക് ആഗ്രഹമില്ല. എല്ലാവര്‍ക്കും സന്തോഷകരമായ പുതുവര്‍ഷം നേരുന്നതോടൊപ്പം എന്തുകൊണ്ടാണ് ഈ പുതുവര്‍ഷം എനിക്കേറെ സന്തോഷകരമായത് എന്നുകൂടി പറയാം.

1. ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും ഇന്ന് ജീവനോടെ ഉണ്ട് എന്നതാണ് ആദ്യത്തെ സന്തോഷം. 2020 ന്റെ ആദ്യത്തില്‍ നമ്മോടൊപ്പമുണ്ടായിരുന്ന പതിനെട്ടു ലക്ഷം ആളുകള്‍ ഇന്ന് നമ്മുടെ കൂടെയില്ല. 2020 ല്‍ എപ്പോഴെങ്കിലും 'നമ്മള്‍ അടുത്ത വര്‍ഷം ഉണ്ടാകുമോ' എന്ന് ചിന്തിക്കാത്തവര്‍ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ പുതുവര്‍ഷത്തില്‍ ഞാന്‍ ലേഖനം എഴുതിക്കൊണ്ടിരിക്കുന്നു എന്നതും നിങ്ങള്‍ അത് വായിച്ചുകൊണ്ടിരിക്കുന്നു എന്നതും എല്ലാ വര്‍ഷവും സാധാരണമായ കാര്യമാണെങ്കിലും 2021 ല്‍ ഒരു ഭാഗ്യമാണ്, സന്തോഷമാണ്.

2. ശാസ്ത്രം രോഗത്തിന് മീതെ മേല്‍ക്കൈ നേടുന്നു - മനുഷ്യരാശിയുടെ നേരെ വന്ന സമീപകാല വെല്ലുവിളികളില്‍ ഏറ്റവും വലുതായിരുന്നു കോവിഡ് - 19. എഴുന്നൂറ് കോടി ആളുകളും ഭയത്തില്‍ അകപ്പെട്ടിരുന്ന കാലത്തും, ലബോറട്ടറികള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ സ്ഥലങ്ങള്‍ തടസ്സപ്പെട്ട കാലത്തും, നമ്മുടെ ശാസ്ത്രജ്ഞര്‍ അതിവേഗത്തിലും അവസരോചിതമായും അനവധി സ്ഥലങ്ങളിലായി കോവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ച്‌ കോവിഡ് ഇല്ലാത്ത കാലത്തെപ്പറ്റി ചിന്തിക്കാന്‍ നമുക്ക് അവസരമുണ്ടാക്കിത്തന്നത് ഏറ്റവും വലിയ സന്തോഷം നല്‍കുന്നു.

3. നമ്മുടെ അടിസ്ഥാന താല്പര്യങ്ങളെ തിരിച്ചറിയുന്നു- അതിവേഗതയില്‍ കുതിച്ചുകൊണ്ടിരുന്ന നമ്മുടെയെല്ലാം ജീവിതത്തെ ഒറ്റയടിക്ക് പിടിച്ചു നിര്‍ത്തി, എന്താണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം എന്ന് കാണിച്ചു തന്ന വര്‍ഷം കൂടിയാണ് കടന്നുപോയത്. ആരോഗ്യവും, ഭക്ഷണവും, കുടുംബവും ആണ് മനുഷ്യന് ഏറ്റവും പ്രധാനം എന്നത് വീണ്ടും എല്ലാവര്‍ക്കും മനസ്സിലായി. ഇക്കാര്യം ഒരു തലമുറയെങ്കിലും ഓര്‍ത്തുവെക്കുമെന്നതില്‍ സംശയം വേണ്ട.

4. വിദ്യാഭ്യാസം ആഗോളം - സര്‍വത്രികം - സൗജന്യം: ലോകത്തെവിടെ നിന്നുമുള്ള നല്ല അദ്ധ്യാപകരില്‍ നിന്നും മറ്റെവിടെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പാഠങ്ങള്‍ പഠിക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ട് വര്‍ഷം ഇരുപതായി. പക്ഷെ 150 കോടി വിദ്യാര്‍ത്ഥികള്‍ക്കും അവരെ പഠിപ്പിക്കുന്ന കോടിക്കണക്കിന് അദ്ധ്യാപകര്‍ക്കും ഈ രീതികള്‍ ശരിക്കും പരിചിതമായത് 2020 ലാണ്. ഇത്തരത്തില്‍ ഒരു മാറ്റം 'സമാധാന കാലത്ത്' കൊണ്ടുവരണമെങ്കില്‍ ഒരു പതിറ്റാണ്ടെങ്കിലും വേണ്ടിവരുമായിരുന്നു. ഇനിയുള്ള കാലത്ത് ഇതായിരിക്കും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. ഇനിയങ്ങോട്ട് ആളുകള്‍ക്ക് ഏറ്റവും താല്പര്യമുള്ള വിഷയങ്ങള്‍, ആ വിഷയത്തിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഇവയെല്ലാം ലോകത്തെ ഏറ്റവും നല്ല അദ്ധ്യാപകരില്‍ നിന്നും നേരിട്ട് പഠിക്കാനുള്ള അവസരമുണ്ടാകും, അതും സൗജന്യമായി.

5. തൊഴിലുകള്‍ക്ക് അതിര്‍ത്തികള്‍ ഇല്ലാതാകുന്നു- ലോകത്ത് 2020 ന്റെ തുടക്കത്തില്‍ തൊഴിലെടുത്തുകൊണ്ടിരുന്ന മുന്നൂറ്റി ഇരുപത് കോടി ആളുകളില്‍ പകുതി പേരുടെയും തൊഴിലിനെ കോവിഡ് ബാധിച്ചു എന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. 'വീട്ടിലിരുന്ന് ജോലി ചെയ്യുക' എന്നത് ഒരിക്കല്‍ ഐ ടി രംഗത്തുള്ളവരുടെ മാത്രം സാധ്യത ആയിരുന്നു. അത് തന്നെ തൊഴിലാളികള്‍ക്ക് നല്‍കുന്ന ഒരു സൗജന്യം പോലെയും. എന്നാല്‍ കോടിക്കണക്കിന് ആളുകള്‍ വീട്ടിലിരുന്ന് തൊഴിലുകള്‍ ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ തൊഴിലുടമകള്‍ക്ക് ഓഫിസിന്റെ വാടകയും വൈദ്യുതി ചിലവും കുറഞ്ഞുവെന്ന് മാത്രമല്ല, ജോലിയിലെ പ്രൊഡക്ടിവിറ്റി കൂടി എന്നുമാണ് ഗവേഷണങ്ങള്‍ പറയുന്നത്. 'work from home is working' എന്നതാണ് പുതിയ മാനേജ്മെന്റ് മന്ത്ര. ഇപ്പോള്‍ ലോകത്തെ ഏതൊരു ജോലിയും ഭാഗികമായെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നുള്ള ഗവേഷണമാണ് തൊഴില്‍ ദാതാക്കള്‍ നടത്തുന്നത്. കൂടുതല്‍ കൂടുതല്‍ ജോലികള്‍ ഓഫിസില്‍ നിന്നും വീട്ടില്‍ എത്താന്‍ സാധിക്കുന്‌പോള്‍ രാജ്യത്തിന്റെ അതിരുകള്‍ ഇല്ലാത്ത ഒരു തൊഴില്‍ ലോകമാണ് സാധ്യമാകുന്നത്.

6. ടൂറിസത്തിന്റെ സുവര്‍ണ്ണ കാലം- യാത്ര പോലെ നമുക്ക് വിദ്യാഭ്യാസം നല്‍കുന്ന മറ്റൊന്നില്ല. എന്നാല്‍ കോവിഡ് മഹാമാരിയും അതിന്റെ ഭയവും അതുണ്ടാക്കിയ ലോക് ഡൗണും മൂലം യാത്രകള്‍, അന്താരാഷ്ട്രമായി മാത്രമല്ല അടുത്ത നഗരത്തിലേക്ക് പോലും, ഏറെ കുറഞ്ഞു. എയര്‍ ലൈന്‍, ടൂറിസം രംഗം പാടെ തകര്‍ന്നടിഞ്ഞു. ലോക്ക് ഡൗണ്‍ ആയി വീട്ടില്‍ കുടുങ്ങിപ്പോയ ശതകോടി ആളുകള്‍ക്കുണ്ടായ ഏറ്റവും വലിയ കുറ്റബോധം ആരോഗ്യവും, പണവും, യാത്ര ചെയ്യാന്‍ അവസരവും ഉണ്ടായിരുന്നപ്പോള്‍ അത് വേണ്ടത്ര ഉപയോഗിച്ചില്ല എന്നതാണ്. ടൂറിസത്തിലും യാത്രകളിലും കുതിച്ചു ചാട്ടം പ്രതീക്ഷിക്കണം.

7. സന്പത്തിനുമപ്പുറത്തുള്ള ജീവിതം - കൊറോണക്കാലത്ത് പഠിച്ച അനവധി പാഠങ്ങളില്‍ ഒന്ന്, ബാങ്കിലോ, ഭൂമിയിലോ, സ്വര്‍ണ്ണത്തിലോ സന്പത്ത് ശേഖരിച്ചുവച്ചാല്‍ ആവശ്യം വരുന്‌പോള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചെന്ന് വരില്ല എന്നതാണ്. വലിയ പണച്ചെലവില്ലാതെ ജീവിക്കാം എന്നും നമുക്ക് ഈ കാലയളവില്‍ മനസ്സിലായി. ജീവിതത്തില്‍ അനുഭവങ്ങളാണ് നാം സന്പാദിക്കേണ്ടതെന്നുള്ള തിരിച്ചറിവ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ ജീവിത വീക്ഷണവും ജീവിത രീതികളും മാറ്റി മറിക്കും.

8. ആരോഗ്യ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ വരും - ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ വരുമെന്നതില്‍ സംശയമില്ല. ആധുനിക ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ടായിരുന്ന വികസിത രാജ്യങ്ങളില്‍ പോലും കോവിഡ് കാലത്ത് രോഗികളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ ലഭ്യതക്ക് പുറത്തു പോയി. ഐ സി യു വും വെന്റിലേറ്ററും ഉള്‍പ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങള്‍ ആര്‍ക്കാണ് നല്‍കേണ്ടതെന്ന തീര്‍ത്തും വിഷമകരമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു. അതേ സമയം നല്ല പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ഉള്ള, അതേസമയം സാന്പത്തികമായി അത്ര ഉന്നതിയിലല്ലാത്ത രാജ്യങ്ങള്‍ക്കും പ്രേദേശങ്ങള്‍ക്കും കോവിഡ് മഹാമാരിയില്‍ മരണം പിടിച്ചു നിര്‍ത്താന്‍ സാധിച്ചു എന്നതും ശ്രദ്ധേയമാണ്. ലോകത്തെവിടെയും ആരോഗ്യ രംഗത്ത് വലിയ അഴിച്ചു പണികള്‍ ഉണ്ടാകും, ഡിജിറ്റല്‍ ഹെല്‍ത്ത് സര്‍വത്രികമാകും, ആരോഗ്യകരമായ ശീലങ്ങള്‍ പ്രമോട്ട് ചെയ്യപ്പെടും, ആരോഗ്യ രംഗത്തെ ഗവേഷണത്തിന് കൂടുതല്‍ പണം ലഭ്യമാകും. പൊതുവെ കൂടുതല്‍ ആരോഗ്യകരമായ ജീവിതമായിരിക്കും ഇനി ഉണ്ടാകാന്‍ പോകുന്നത്.

9. കാര്യക്ഷമതയുള്ള ഭരണം വീണ്ടും പ്രസക്തമാകുന്നു - ജന നന്മക്ക് എന്താണ് നല്ലത് എന്നതല്ല ജനങ്ങള്‍ എന്താണ് ഇഷ്ടപ്പെടുന്നത് അത് നല്‍കുകയാണ് അധികാരം കിട്ടാനും നില നിര്‍ത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് നേതാക്കള്‍ ചിന്തിച്ചിരുന്ന ഒരു കാലഘട്ടമാണ് അടുത്തകാലത്ത് ജനാധിപത്യ രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങളിലെ ലൈക്കും ഷെയറും അഭിപ്രായ സര്‍വേകളും ആയിരുന്നു നയരൂപീകരണത്തിന്റെ അടിസ്ഥാനം, അല്ലാതെ കണക്കുകളും യുക്തിയും ആയിരുന്നില്ല. സത്യാനന്തര ലോകം, ആള്‍ട്ടര്‍നേറ്റീവ് ഫാക്‌ട് തുടങ്ങിയ പുതിയ വാക്കുകള്‍ നമ്മുടെ രാഷ്ട്രീയ നിഘണ്ടുവിന്റെ ഭാഗമായി. 'പോപ്പുലിസ്റ്റ്' ആയിട്ടുള്ള നേതാക്കള്‍ 'കോംപീറ്റന്റ്' ആയിട്ടുള്ള നേതാക്കളുടെ മേല്‍ ജയം നേടി. പക്ഷെ കൊറോണക്കാലം നെല്ലും പതിരും തിരിച്ചറിയാനുള്ള അവസരം നമുക്ക് ഉണ്ടാക്കിത്തന്നു. എവിടെയൊക്കെ ശാസ്ത്രം അടിസ്ഥാനമാക്കി തീരുമാനങ്ങള്‍ എടുത്തോ അവിടെയെല്ലാം താരതമ്യേന നന്നായി ഈ മഹാമാരിയെ കൈകാര്യം ചെയ്യാന്‍ സാധിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്ന ശാസ്ത്രീയമായ കാര്യക്ഷമമായ നേതൃത്വത്തിന് വീണ്ടും ലോകത്ത് അവസരങ്ങള്‍ ഉണ്ടാകും.

10. ആഗോള സഹകരണം ശക്തിപ്പെടും- കൊറോണമൂലം അതിര്‍ത്തികള്‍ അടച്ചപ്പോഴും കൊറോണക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും ഗവേഷണങ്ങളിലും ലോകം ഒറ്റക്കെട്ടായി നിന്നു. മനുഷ്യരാശി അതിന്റെ നിലനില്പിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ലോകം അതിര്‍ത്തികള്‍ക്കും ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും വര്‍ഗ്ഗത്തിനും അതീതമായി ഒറ്റക്കെട്ടായി അതിനോട് പ്രതികരിക്കുമെന്ന് നമുക്ക് ഉറപ്പായി. കാലാവസ്ഥ വ്യതിയാനം പോലെ ഈ തലമുറയുടെ ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളില്‍ ആഗോള സമവായവും കൂട്ടായ പ്രവര്‍ത്തനവും ഇനി ഉണ്ടാകുമെന്നും, എത്ര ബുദ്ധിമുട്ടുള്ള തീരുമാനങ്ങളും അത് പൊതു നന്മക്കാണെങ്കില്‍ ജനം അംഗീകരിക്കും എന്നും നമുക്ക് മനസ്സിലായി. ആഗോള സഹകരണം കൂടുതല്‍ ശക്തിപ്പെടുന്ന ഒരു കാലഘട്ടമാണ് ഇനി വരാന്‍ പോകുന്നത്.

കൊറോണക്കപ്പുറത്തുള്ള കാലം തുടങ്ങുന്നതുകൊറോണക്ക് മുന്‍പുള്ള കാലത്തിന്റെ തുടര്‍ച്ചയായിട്ടല്ല, നാലാം വ്യവസായ വിപ്ലവത്തിന്റെ തുടക്കമായിട്ടാണ്. നമ്മുടെ ജീവിതത്തെ കൊറോണ ബാധിച്ചത് പ്രതീക്ഷിക്കാതിരുന്ന ഒരു തിരമലയായിട്ടാണെങ്കില്‍ നിര്‍മ്മിത ബുദ്ധിയും റോബോട്ടിക്സും ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഒരു സുനാമിപോലെ നമ്മുടെ നേരെ വരികയാണ്. അത് പക്ഷെ നമുക്ക് മുന്‍കൂട്ടി അറിയാം. ഈ സാങ്കേതിക വിദ്യകളുടെ സാധ്യതകളെ അറിഞ്ഞുപയോഗിക്കാന്‍ സാധിച്ചാല്‍ ഇന്ന് ചിന്തിക്കാന്‍ പോലും ആകാത്തത്ര വലിയ ഒരു കുതിച്ചുചാട്ടം നമുക്ക് സാധ്യമാകും. അതിനുള്ള തയ്യാറെടുപ്പുകള്‍ ആകട്ടെ, നമ്മുടെ 2021! ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍..!

Murali Tummarukudy wrote about Ten things to be happy about new year

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES