ഒരു ആത്മഹത്യയെ പറ്റി പോലും വായിക്കാത്ത ഒരു ദിവസം കഴിഞ്ഞൊരാഴ്ചയില്‍ ഉണ്ടായിട്ടില്ല. അധികവും 20-നും 30-നും ഇടയില്‍ പ്രായമുള്ളവര്‍. ഇടയ്‌ക്കൊരു നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വാര്‍ത്തയും വായിച്ചു! വിസ്മയയുടെ ആത്മഹത്യ മാധ്യമങ്ങള്‍ ആഘോഷിച്ച ശേഷം സമാനമായ സംഭവങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നുവെന്ന് ഒന്നു നിരീക്ഷിച്ചാല്‍ മനസിലാവും. ഒരു ദിവസം തന്നെ കേരളത്തിന്റെ പലഭാഗത്തും സമാനമായ മരണങ്ങള്‍. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി സ്ത്രീധന പീഡനം കാരണം ആത്മഹത്യ ചെയ്യുവാണെന്ന് വീഡിയോ എടുത്ത് ബന്ധുക്കള്‍ക്കെല്ലാമയച്ച ശേഷം മരിച്ചു.
'വെര്‍തര്‍ എഫക്റ്റ്' എന്നൊരു സംഗതിയുണ്ട്.
ഗൊയ്ഥെയുടെ 1774-ല്‍ പുറത്തിറങ്ങിയ ''ദി സോറോസ് ഓഫ് യംഗ് വെര്‍തര്‍'' എന്ന നോവലില്‍ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. നോവലില്‍ വെര്‍തര്‍ എന്ന യുവാവിന് ഒരു സ്ത്രീയോട് പ്രണയം തോന്നുന്നു. പക്ഷെ പല കാരണം കൊണ്ടും അയാള്‍ക്കവരെ കല്യാണം കഴിക്കാന്‍ പറ്റാതെ വരികയും അതിന്റെ വിഷമത്തില്‍, വെര്‍തര്‍ സ്വന്തം ജീവന്‍ എടുക്കുകയും ചെയ്യുന്നു.
യൂറോപ്പില്‍ ഈ പുസ്തകം പുറത്തിറങ്ങിയ ശേഷം, ആത്മഹത്യകളുടെ ഒരു പരമ്ബര തന്നെ ഉണ്ടായി. ചിലര്‍ മരിക്കുമ്ബോള്‍ വെര്‍തറിനു സമാനമായ രീതിയില്‍ വസ്ത്രം ധരിച്ചിരുന്നു. ചിലര്‍ വെര്‍തര്‍ ചെയ്തതുപോലെ സ്വന്തം ജീവന്‍ എടുക്കാന്‍ പിസ്റ്റള്‍ ഉപയോഗിച്ചു. ചിലര്‍ മരണസമയത്ത് പുസ്തകത്തിന്റെ ഒരു പകര്‍പ്പ് കയ്യില്‍ കരുതി. അങ്ങനെ നിരവധി പേരുടെ ആത്മഹത്യക്ക് ഈ പുസ്തകം കാരണമായി എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഒടുവില്‍ ആ പുസ്തകം തന്നെ നിരോധിച്ചു.
ഇതുപോലെയാണ് മാധ്യമ വാര്‍ത്തകളും. വാര്‍ത്താ മാധ്യമങ്ങളിലെ ആത്മഹത്യയെക്കുറിച്ചുള്ള സെന്‍സേഷണല്‍ റിപ്പോര്‍ട്ടിംഗിന്റെ ആഘാതവും തുടര്‍ന്നുള്ള ആത്മഹത്യാ നിരക്കും ആദ്യമായി പഠിക്കുന്നത് ഫിലിപ്‌സ് എന്നയാളാണ്. ആത്മഹത്യയെക്കുറിച്ച് യുഎസ് പത്രങ്ങളില്‍ ഒന്നാം പേജ് ലേഖനങ്ങള്‍ ഉള്ള മാസങ്ങളില്‍ ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് അദ്ദേഹം കണ്ടെത്തി, അത്തരം ലേഖനങ്ങളില്ലാത്ത മാസങ്ങളില്‍ കുറവും. ഈയൊരവസ്ഥയെ അദ്ദേഹം വിശേഷിപ്പിച്ചതാണ് ''വെര്‍തര്‍ ഇഫക്റ്റ്'' എന്ന്. (Phillips DP. The influence of suggestion on suicide: Substantive and theoretical implications of the Werther effect) ഫിലിപ്‌സിന്റെ ഈ പഠനത്തിനുശേഷം, വാര്‍ത്താമാധ്യമങ്ങളില്‍ വ്യക്തിഗത ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയും ആത്മഹത്യാനിരക്കും തമ്മിലുള്ള ബന്ധത്തെ പറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അവയെല്ലാം 'വെര്‍തര്‍ ഇഫക്റ്റ്' ശരിയാണെന്ന് പ്രൂവ് ചെയ്യുന്നവയായിരുന്നു.
അതുപോലെ 13 Reasons Why എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസ് ഇറങ്ങിയ ശേഷം ( കൗമാരപ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് ശേഷം അവള്‍ മരിക്കാനുള്ള 13 കാരണങ്ങള്‍ അടങ്ങിയ ഓഡിയോ റെക്കോര്‍ഡിംഗുകളെ അവലംബിച്ചുള്ള വെബ് സീരീസാണ്) യുഎസില്‍ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ ആത്മഹത്യാ നിരക്ക് ഗണ്യമായി വര്‍ദ്ധിച്ചതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം നേരെ വിപരീതമായി, പ്രതിസന്ധി ഘട്ടങ്ങളിലെ അതിജീവനങ്ങളെ പറ്റിയുള്ള വാര്‍ത്തകള്‍ ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്. ഈ പോസിറ്റീവ് പ്രതിഭാസത്തെ 'Papageno effect' എന്നാണ് പറയുന്നത്. മൊസാര്‍ട്ടിന്റെ 'ദി മാജിക് ഫ്‌ളൂട്ട്' -ലെ ഒരു കഥാപാത്രമാണ് പാപ്പജെനോ. പ്രണയം നഷ്ടപ്പെട്ടുവെന്ന ഘട്ടത്തില്‍ ആത്മഹത്യയുടെ വക്കിലെത്തി തിരികെ വരുന്ന കഥാപാത്രം.
എന്നുവച്ചാല്‍ ആത്മഹത്യകളെ അതിവാചാലതയോടെ കൈകാര്യം ചെയ്യുന്ന എല്ലാതരം 'മീഡിയ'ത്തിനും നമ്മളെ ആത്മഹത്യയിലേക്ക് നയിക്കാന്‍ കഴിവുണ്ടെന്നാണ്. അത്തരം സംഭവങ്ങളെ വിവേകത്തോടെ കൈകാര്യം ചെയ്യുന്നത് അല്ലെങ്കില്‍ അതിജീവനകഥകള്‍ +ve ഇഫക്റ്റുണ്ടാക്കുമെന്നും.
സെന്‍സേഷണലിസം കാരണം നമ്മുടെ മാധ്യമങ്ങള്‍ മനുഷ്യരുടെ ആത്മഹത്യകളെ എത്ര അവിവേകപൂര്‍വ്വമാണ് കൈകാര്യം ചെയ്യുന്നതെന്ന് നമ്മള്‍ ദിവസേന കണ്ടുകൊണ്ടിരിക്കുന്നതാണ്. എണ്ണം കൂടുന്തോറും ആവേശവും കൂടുന്ന പോലെ. ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. WHO-യുടെ മാര്‍ഗനിര്‍ദ്ദേശങ്ങളെ ആധാരമാക്കി Press Council of India 2019 സെപ്റ്റംബര്‍ 13 -ന് പുറത്തിറക്കിയതാണവ,
എല്ലാ വാര്‍ത്താമാധ്യമങ്ങളും ഏജന്‍സികളും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ടത് -
1. ഒരു ആത്മഹത്യയുടെ പിന്നാമ്ബുറ കഥകള്‍ക്ക് അമിത പ്രധാന്യം കൊടുക്കുകയോ അത്തരം കഥകള്‍ അനാവശ്യമായി ആവര്‍ത്തിക്കുകയോ ചെയ്യരുത് (DO NOT place stories about suicide prominently and unduly repeat such stories)
2. ഒരു ആത്മഹത്യയെ ഉദ്വേഗജനകമാക്കുന്നതോ, സാമാന്യവല്‍ക്കരിക്കുന്നതോ അല്ലെങ്കില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ക്ക് ക്രിയാത്മക പരിഹാരമായി അവതരിപ്പിക്കുന്നതോ ആയ ഭാഷ ഉപയോഗിക്കരുത്. (DO NOT use language which sensationalizes or normalizes suicide or presents it as a constructive solution to problems)
3. ആത്മഹത്യ ചെയ്ത രീതി വിശദീകരിക്കരുത് (DO NOT explicitly describe the method used)
4. സംഭവസ്ഥലത്തിന്റെ കൃത്യമായ വിവരണം വേണ്ട. (DO NOT provide details about the site/location)
5. ഉദ്വേഗം ജനിപ്പിക്കുന്ന തലക്കെട്ടുകള്‍ പാടില്ല. (DO NOT use sensational headlines)
6. സംഭവത്തിന്റെ ചിത്രങ്ങളോ വീഡിയോയോ മറ്റു ലിങ്കുകളോ പ്രദര്‍ശിപ്പിക്കരുത്. (DO NOT use photographs, video footage, or social media links.)
ഈ ആറെണ്ണത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ ഏതെങ്കിലും ഒന്ന് പാലിക്കുന്നതായി അറിയാമോ? പ്രത്യേകിച്ചും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. മരിച്ച വിസ്മയയുടെ പഴയ tiktok വീഡിയോ മുതല്‍ ശരീരത്തിലെ അടികൊണ്ട പാടുകള്‍ വരെ നമുക്കിപ്പൊ കാണാപ്പാഠമാണ്. ശേഷം മരിച്ച ഓരോരുത്തരെയും പറ്റി നിരന്തരം നമ്മള്‍ കണ്ടും വായിച്ചും കൊണ്ടേയിരിക്കുന്നു. ഓരോരുത്തരും എപ്പോള്‍, എവിടെ, എന്തിന്, എങ്ങനെയത് ചെയ്തൂവെന്നത് നമ്മളിങ്ങനെ കണ്ടും കേട്ടും തലച്ചോറില്‍ ഫീഡ് കൊണ്ടേയിരിക്കുന്നു.
ശരിയാണ്, ഒരു ക്രൈം നടന്നു. അത് വാര്‍ത്തയാക്കേണ്ടതുമാണ്. പക്ഷെ ഇട്ടിരുന്ന വസ്ത്രം വരെ വിവരിച്ചുകൊണ്ടുള്ള അതിവാചാലമായ റിപ്പോര്‍ട്ടിങ് കണ്ടിരിക്കുന്ന സാധാരണക്കാരായ മറ്റു മനുഷ്യരെ എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കണം. ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന, ജീവിതത്തിന്റെ തുഞ്ചത്ത് കയറി നില്‍ക്കുന്ന മനുഷ്യന് നിങ്ങളുടെ 'സെന്‍സേഷണലിസം' ചിലപ്പോള്‍ മരണത്തിലേക്കുള്ള ഒരുന്ത് ആയി മാറാം. അങ്ങനെയെങ്കില്‍ അതെന്ത് തരം ജോലിയാണെന്ന് സ്വയം ചിന്തിക്കണം. കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ ഉണ്ടായ തുടര്‍ ആത്മഹത്യകള്‍ ഒരു 'വെര്‍തര്‍ ഇഫക്റ്റ് ' അല്ലേയെന്ന് എനിക്ക് സംശയമുണ്ട്..