ഇ രുപത്തിനാല് വയസ്സുള്ള ഒരു പെണ്‍കുട്ടി മരണപ്പെട്ടിരിക്കുന്നു. മരിച്ചിരിക്കുന്നത് ഒരു തുണ്ട് കയറിനാലാണെന്ന് പറയപ്പെടുന്നു. നിയമപരമായ അന്വേഷണം നടക്കുന്ന നേരത്ത് ആത്മഹത്യയോ അല്ലയോ എന്നൊന്നും പറയാനില്ല, വിഷയം അതല്ല താനും.അവള്‍ അവളുടെ സ്വന്തം കുടുംബാംഗങ്ങള്‍ക്ക് അയച്ച അവളുടെ മുഖം കൃത്യമായി പതിഞ്ഞ ചിത്രങ്ങളടക്കം വാര്‍ത്തയില്‍ കണ്ടു. തല്ലി ചുവന്ന പാടുകളും നെറ്റി മുഴച്ചതും കൈയിലെ ചോര കല്ലിപ്പും പിന്നെയും വേദന നുരയുന്ന വേറെ കുറേ പടങ്ങളും.
സ്ത്രീധനമായിരുന്നത്രേ വിഷയം. ബാക്കിയുള്ള സ്ത്രീധനം ചോദിച്ച് അവന്റെ കൊടിയ പീഡനമായിരുന്നത്രേ നിത്യം. തെളിയിക്കപ്പെടാത്തിടത്തോളം ഇതെല്ലാം ആരോപണങ്ങളാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, അവളുടെ ചാറ്റ് സ്‌ക്രീന്‍ഷോട്ടടക്കം പലയിടങ്ങളിലായി കാണുന്നു. മിനിയാന്ന് തല്ലിയെന്നും, അടി കൊണ്ട് കിടന്നപ്പോള്‍ മുഖത്ത് ചവിട്ടിയെന്നും, ഇടക്കിടെ അയാള്‍ തല്ലുമായിരുന്നെന്നും.
.
എനിക്ക് മനസ്സിലാകാത്തത് ഇതൊന്നുമല്ല. ഇന്ന്, ഈ കാലത്തും നിലനില്‍ക്കുന്ന ''പെണ്‍കുട്ടിയെ പറഞ്ഞയക്കുന്നതല്ലേ, വെറും കൈയോടെ എങ്ങനെ' എന്ന് പറഞ്ഞ് വളര്‍ത്തി വലുതാക്കിയ കുഞ്ഞിനെ അങ്ങോട്ട് കാശ് കൊടുത്ത് തല്ല് കൊള്ളാന്‍ പറഞ്ഞയക്കുന്ന, എന്ത് സംഭവിച്ചാലും 'അവന്റെ കാല്‍ച്ചോട്ടില്‍ ആണ് മോളേ സ്വര്‍ഗം, ക്ഷമിക്കണം, സഹിക്കണം' എന്ന് 'ആശ്വസിപ്പിക്കുന്ന', മകള്‍ വീട്ടിലേക്ക് തിരിച്ച് പോന്നാല്‍ 'നാണക്കേട്' വിചാരിക്കുന്ന, തലക്ക് മുകളില്‍ വട്ടംചുറ്റുന്ന ദുരിതം സഹിക്കുന്നത് നിര്‍ത്തി ഇറങ്ങിപ്പോരാന്‍ ഭയന്ന് സര്‍വ്വംസഹയായി പെണ്‍കുട്ടികള്‍ നില കൊള്ളുന്ന, സ്വന്തംകാലില്‍ നില്‍ക്കാനുള്ള വിദ്യാഭ്യാസവും തന്റേടവും ലോകപരിചയവും എത്തുന്നതിന് മുന്‍പ് ഒരു കപ്പ് ചായ കൊടുത്ത സൗഹൃദം മാത്രം മകള്‍ക്കുള്ള ഒരപരിചിതന്റെ കൂടെ മിക്കപ്പോഴും പറഞ്ഞയക്കുന്ന വ്യവസ്ഥയെയാണ്, വ്യവസ്ഥിതിയെയാണ്.
എത്ര പെണ്‍മക്കളെ ബലി കൊടുത്താലാണ് പുറമേ കാണുന്ന മുറിപ്പാടുകളും, പുറമേ കാണാത്ത മാനസികപീഡനത്തിന്റെ അഴുകിയ പൊള്ളലുകളും വലിച്ച് ദൂരെക്കളഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ച് കാല്‍ചുവടുകളില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ മാത്രം പക്വത നമ്മുടെ പെണ്ണുങ്ങള്‍ക്കുണ്ടാകുക.
എന്തിനാണീ സഹനമെല്ലാം?
'ഞാന്‍ ജീവിക്കും,നീ പോടാ പുല്ലേ' എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിരുന്നെങ്കില്‍ ള്ള്ളറിഞ്ഞ് ചിരിക്കുമായിരുന്ന, ആത്മാവോടെ ജീവിക്കുമായിരുന്ന ഒരു പെണ്ണിനെയെങ്കിലും ഇത് വായിക്കുന്ന ഓരോരുത്തര്‍ക്കുമറിയില്ലേ?
ഇറങ്ങിപ്പോന്നൂടെ? ജീവിച്ചൂടെ? എന്തിനാണിങ്ങനെ സ്വയം ഇല്ലാതെയാകുന്നത്? ഓരോ നിമിഷവും മരിച്ച് ജീവിക്കുന്നത്? ആ പെണ്‍കുട്ടിക്ക് ആത്മശാന്തി നേരുന്നു. ഒപ്പം, ഇന്നും ജീവനോടെയിരിക്കേണ്ടിയിരുന്ന ഒരുവളെയോര്‍ത്ത്, അല്ല ഒരുപാട് സ്ത്രീകളെയോര്‍ത്ത് നെഞ്ച് പിടയുകയും ചെയ്യുന്നു...വല്ലാതെ വേ ദനിക്കുന്നുണ്ട്.