കോ വിഡ് രോഗികളിലും രോഗം ഭേദമായവരിലും കാണപ്പെടുന്ന ബ്ലാക്ക് ഫംഗസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗം വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 2000 പേരെ രോഗം ബാധിച്ചെന്നും 52 പേര്‍ മരണമടഞ്ഞെന്നും ചിലര്‍ക്ക് കാഴ്ചനഷ്ടപ്പെട്ടെന്നും ഡല്‍ഹിയിലും രോഗം ഒട്ടേറെപ്പെരെ രോഗം ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങളില്‍ ഭീതിപടര്‍ന്നു പിടിച്ചിരിക്കയാണ്.
യഥാര്‍ത്ഥത്തില്‍ ഇതൊരു പുതിയ രോഗമല്ല, മ്യൂക്കര്‍ മൈസീറ്റ്‌സ് (Mucormycetes) എന്ന ഫംഗ്‌സ് (Fungus) മൂലമൂണ്ടാകുന്ന മൂക്കര്‍ മൈക്കോസിസ് (Mucormycosis) എന്ന രോഗമാണിത്. ഒരുതരം പൂപ്പല്‍ രോഗബാധയെന്ന് പറയാം. മൂക്ക്, മൂക്കിനു ചുറ്റുമുള്ള എല്ലിനുള്ളിലെ സൈനസുകള്‍. കവിള്‍, കണ്ണുകള്‍, പല്ല്, ശ്വാസകോശം, എന്നിവിടങ്ങളിലാണ് ഫംഗസ് ബാധയുണ്ടാവുക. പ്രത്യേകിച്ച് മൂക്കിന് ചുറ്റും കറുത്ത നിറം കാണുന്നതുകൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന പേരിലറിയപ്പെട്ടത്.
നിയന്ത്രണാതീതമായി പ്രമേഹരോഗമുള്ളവര്‍, സ്റ്റിറോയ്ഡ് ഉപയോഗം മൂലവും മറ്റ് രോഗങ്ങള്‍മൂലവും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് ഫംഗസ് രോഗമുണ്ടാവാന്‍ സാധ്യതയുള്ളത്. ദീര്‍ഘകാലം ആശുപത്രിയില്‍ പ്രത്യേകിച്ച് ഐ സി യുവില്‍ കഴിയുന്നവര്‍ക്കുണ്ടാകുന്ന ആശുപത്രിജന്യരോഗാണു ബാധയില്‍ (Nosocomial Infection) പെടുന്നതാണ് മ്യൂക്കര്‍ മൈക്കോസിസ്.
കോവിഡ് രോഗം മൂര്‍ച്ചിക്കുന്നവരില്‍ കൂടുതലും പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തതും ചികിത്സയുടെ ഭാഗമായി സ്റ്റിറോയിഡ് നല്‍കേണ്ടി വരുന്നതുമാണ് ബ്ലാക്ക് ഫംഗസ് രോഗം കോവിഡ് രോഗികളില്‍ കണ്ടു തുടങ്ങാനുള്ള പ്രധാന കാരണങ്ങള്‍. പ്രമേഹ രോഗികളായ കോവിഡ് രോഗികളിലെ പ്രമേഹം നിയന്ത്രിക്കാനും സ്റ്റിറോയിഡ് മരുന്നുകള്‍ ഉചിതമായ സമയത്ത് മാത്രം നല്‍കാനും ശ്രദ്ധിച്ചാല്‍ മ്യൂക്കര്‍ മൈക്കോസിസ് ഒഴിവാക്കാന്‍ കഴിയും. ഇപ്പോള്‍ ലഭ്യമായിട്ടുള്ള ഫലപ്രദമായ ആധുനിക ആന്റി ഫംഗല്‍ മരുന്നുകളുപയോഗിച്ച് മൂക്കര്‍ മൈക്കോസിസ് ചികിത്സിച്ച് ഭേദപ്പെടുത്താനും കഴിയും. കേരളത്തില്‍ കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് വരുന്നതിനാല്‍ അപൂര്‍വമായി മാത്രമാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുള്ളത്.