വെല്‍ഫെയര്‍, എസ്ഡിപിഐ കൂട്ടുകെട്ടിന് ലീഗ് ശ്രമിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ പലരും ആശങ്കപ്പെട്ടിരുന്ന ഒന്നാണ് ലീഗ് അതിന്റെ മതേതര നിലപാടുകളില്‍ നിന്ന് പിറകോട്ട് പോകും എന്നത്; ഹാഗിയ സോഫിയ വിഷയത്തില്‍ സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം അമ്ബരപ്പിക്കുന്നതാണ്: ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു

Malayalilife
വെല്‍ഫെയര്‍, എസ്ഡിപിഐ കൂട്ടുകെട്ടിന് ലീഗ് ശ്രമിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ പലരും ആശങ്കപ്പെട്ടിരുന്ന ഒന്നാണ് ലീഗ് അതിന്റെ മതേതര നിലപാടുകളില്‍ നിന്ന് പിറകോട്ട് പോകും എന്നത്; ഹാഗിയ സോഫിയ വിഷയത്തില്‍ സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം അമ്ബരപ്പിക്കുന്നതാണ്: ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു

 ജ മാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ അടിസ്ഥാന നിലപാടുകള്‍ നമുക്കറിയാം, ഒരു വിവാദ വിഷയത്തില്‍ അവര്‍ ഏത് പക്ഷത്ത് നില്‍ക്കും എന്നതും നമുക്ക് ഊഹിക്കാന്‍ പറ്റും. അതുകൊണ്ട് തന്നെ തുര്‍ക്കിയിലെ ഹാഗിയ സോഫിയ വിഷയത്തില്‍ അവരുടെ നിലപാടുകളില്‍ നമുക്ക് തെല്ലും അത്ഭുതമില്ല..

പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിയത് സാദിഖലി ശിഹാബ് തങ്ങളുടെ ചന്ദ്രികയിലെ ലേഖനമാണ്.

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമായിരുന്നു അത്. ഇത്തരം വിഷയങ്ങളില്‍ ലീഗിന്റെ നാളിതുവരെയുള്ള പ്രഖ്യാപിത നിലപാടുകളില്‍ നിന്നുള്ള ഒരു തിരിഞ്ഞു നടത്തമായിരുന്നു ആ ലേഖനം. എന്തായിരിക്കും അതിന് കാരണം.. ഒരു രാജ്യത്തെ ഭരണാധികാരി അവിടുത്തെ ഭൂരിപക്ഷ ജനതയുടെ മത വികാരങ്ങളെ ഉണര്‍ത്തി വിട്ട് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുമ്ബോള്‍, അവിടുത്തെ ന്യൂനപക്ഷ ജനതയുടെ വികാരങ്ങളെ വൃണപ്പെടുത്തുമ്ബോള്‍, തീര്‍ച്ചയായും ലീഗിനെപ്പോലൊരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം നില്‍ക്കേണ്ടത് മത മൗലിക വാദികളുടെയും മതരാഷ്ട്ര വാദികളുടേയും കൂടെയല്ല, മത ന്യൂനപക്ഷങ്ങളുടെ കൂടെയാണ്. അതാണ് നാം പ്രതീക്ഷിച്ചിരുന്നത്, പക്ഷേ സംഭവിച്ചത് മറിച്ചാണ്, എന്തായിരിക്കാം അതിനു കാരണം?

വെല്‍ഫെയര്‍, എസ് ഡി പി ഐ കൂട്ടുകെട്ടിന് ലീഗ് ശ്രമിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ പലരും ആശങ്കപ്പെട്ടിരുന്ന ഒന്നാണ് ലീഗ് അതിന്റെ പ്രഖ്യാപിത മതേതര നിലപാടുകളില്‍ നിന്ന് ഇനി പിറകോട്ട് പോകും എന്നുള്ളത്. ജമാഅത്ത് സാഹിത്യങ്ങളും അവരുടെ നിലപാടുകളും 'മാധ്യമം' പ്രൊപ്പഗണ്ടകളുമൊക്കെ ലീഗുകാര്‍ അറിയാതെ തന്നെ അവരിലേക്ക് എത്തിപ്പെടും എന്നത്. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്നാണ് എന്റെ ബലമായ സംശയം.

ഹാഗിയ സോഫിയ വിഷയത്തില്‍ ഉര്‍ദുഗാന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പറയുന്ന പ്രധാന കാര്യം അത് അഞ്ഞൂറ് വര്‍ഷം ഒരു മുസ്ലിം പള്ളിയായിരുന്നു എന്നതാണ്. എന്നാല്‍ തൊള്ളായിരം വര്‍ഷം അതൊരു കൃസ്തീയ ദേവാലയമായിരുന്നു എന്നത് അവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. മുസ്ലിംകള്‍ കോണ്‍സ്റ്റാന്റിനേപ്പിള്‍ കീഴടക്കിയ കാലത്ത് ക്രിസ്ത്യാനികളില്‍ നിന്ന് അവരുടെ കത്രീഡല്‍ വിലക്ക് വാങ്ങി വഖഫ് ഭൂമിയാക്കി എന്നതാണ് മറ്റൊരു ന്യായം. യുദ്ധവും അധിനിവേശവും നടക്കുന്ന കാലങ്ങളില്‍ വിജയികളായ ആളുകള്‍ എങ്ങിനെയാണ് കീഴടക്കലിന്റെ രസതന്ത്രം നടപ്പിലാക്കുക എന്നത് മനസ്സിലാക്കാന്‍ അധികം ബുദ്ധിയൊന്നും ആവശ്യമില്ല. തരില്ല എന്ന് പറയാന്‍ നാവ് പൊങ്ങാത്ത ഒരു സമയത്ത് നിങ്ങള്‍ എടുത്തോളൂ എന്ന ദൈന്യത മാത്രമാണത്. അത്തരമൊരു വിലകൊടുത്ത് വാങ്ങല്‍ തിയറി തന്നെ ചരിത്രപരമായി എത്രമാത്രം വസ്തുതാപരമാണെന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഒരു കാര്യം ഉറപ്പാണ്, ആ പള്ളിയുടെ മച്ചില്‍ ഇപ്പോഴും ക്രിസ്തുവിന്റെ വിവിധ രൂപങ്ങളുണ്ട്, കന്യാമറിയവും ഉണ്ണിയേശുവുമുണ്ട്.. പിന്‍കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ട ഇസ്ലാമിക ചിഹ്നങ്ങളുണ്ട്. എട്ടര പതിറ്റാണ്ട് മുമ്ബ് അതൊരു മ്യൂസിയമാക്കി മാറ്റിയപ്പോള്‍ ക്രൈസ്തവ ഇസ്ലാമിക സംസ്‌കാരങ്ങളുടെ ഒരു വലിയ പാരമ്ബര്യമുള്ള ചരിത്ര സ്മാരകമായി അത് മാറിയിരുന്നു. യു എന്‍ പൈതൃക പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഇരുസമുദായങ്ങളുടേയും സമ്യക്കായ നിലനില്‍പ്പിന്റെ പ്രതീകമായി അത് നിലനിന്നു. വീണ്ടും ഒരു പള്ളിയായി അതിനെ മാറ്റിയതിലൂടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്, ചരിത്രത്തിന്റെ തിരുത്തിയെഴുത്തല്ല, ഒരു തെറ്റിന്റെ പുനര്‍ പ്രതിഷ്ഠയാണ്.

അവിടുത്തെ സുപ്രിം കോടതിയുടെ വിധിയുണ്ട് എന്നതാണ് മറ്റൊരു ന്യായം.. 'ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രിം കോടതിയുടെ വിധിയില്ലേ ദാസാ' എന്ന് മറിച്ചൊരു ചോദ്യം ചോദിച്ചാല്‍ തീരുന്ന ന്യായമേ അതിനുള്ളൂ.. പൊതുബോധത്തിനും ആള്‍ക്കൂട്ട ഹിസ്റ്റീരിയക്കും നീതിനിര്‍വ്വഹണത്തില്‍ വേണ്ടത്ര ഇടം കൊടുക്കുന്ന വര്‍ത്തമാന കാല രാഷ്ട്രീയ ദുരന്തത്തിന്റെ വക്കിലിരുന്നു കൊണ്ട് 'സുപ്രിം കോടതി വിധിയുണ്ട്' എന്ന് പറയുന്നതിലെ തമാശ തലതല്ലി ചിരിക്കാന്‍ വകയുള്ളതാണ്. ആയിരം പള്ളികളുള്ള ഒരു രാജ്യത്ത് ആയിരത്തൊന്നാമതായി ഒരു പള്ളി കൂടി ഉണ്ടായാല്‍ മതം പൂര്‍ണമാകില്ല. അത് പൂര്‍ണമാകണമെങ്കില്‍ മനുഷ്യ സാഹോദര്യത്തിന്റേയും സമഭാവനയുടേയും സമഞ്ജസമായ ചേര്‍ച്ച കൂടി വിശ്വാസത്തോടൊപ്പം ഉണ്ടാകണം. ഒരു ന്യൂനപക്ഷ സമുദായത്തിന്റെ ഹൃദയ മുറിവുകളില്‍ നിന്നല്ല മതം പൂര്‍ത്തീകരിക്കപ്പെടുന്നത്.

വിഷയത്തിലേക്ക് വരാം. ലീഗ് അതിന്റെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് പിറകോട്ട് പോകരുത്. മലബാറിലെ മതസൗഹാര്‍ദ്ദ ചരിത്രത്തെ സമ്ബന്നമാക്കിയ പാരമ്ബര്യമാണ് പാണക്കാട്ടെ തങ്ങള്‍ കുടുംബത്തിനുള്ളത്.. അങ്ങാടിപ്പുറം തളി ക്ഷേത്രത്തില്‍ തീവെപ്പ് നടന്നപ്പോള്‍ അവിടെ ആദ്യം ഓടിയെത്തിയ ഒരാള്‍ മുഹമ്മദലി ശിഹാബ് തങ്ങളാണ്. പല ക്ഷേത്രക്കമ്മറ്റിക്കാരും പുനര്‍നിര്‍മ്മാണങ്ങള്‍ക്ക് സഹായം തേടി പാണക്കാട് കുടുംബത്തിലെത്തുന്ന നിരവധി വാര്‍ത്തകള്‍ വായിച്ചിട്ടുണ്ട്, അത്തരമൊരു മത സൗഹാര്‍ദ്ദ പാരമ്ബര്യത്തിന്റെ കണ്ണികളാണ് മുന്‍ഗാമികളായി ലീഗിനുള്ളത്. അവരിലെ പിന്മുറക്കാര്‍ മതം കൊണ്ട് ഫാസിസ്റ്റ് രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ക്ക് പിന്തുണ കൊടുക്കരുത്. മോദി അയോദ്ധ്യ രാഷ്ട്രീയം കളിക്കുമ്ബോള്‍ അതിനെ എതിര്‍ക്കാനുള്ള അവകാശം ലഭിക്കണമെങ്കില്‍ അതേ രാഷ്ട്രീയം കളിക്കുന്ന ലോകനേതാക്കള്‍ക്ക് സ്തുതി പാടരുത്.

അതുകൊണ്ട് വീണ്ടും വീണ്ടും ലീഗ് നേതൃത്വത്തോട് പറയാനുള്ളത് ഒരേ കാര്യമാണ്, എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുടെ നിലപാടുകളുമായി അവര്‍ മുന്നോട്ട് പോകട്ടെ, അവരെ തിരുത്താനും ചെറുക്കാനും കെല്പുള്ള ഒരു മതേതര സമൂഹം കേരളത്തിലുണ്ട്, അവരെ മാത്രമല്ല, സംഘികളേയും ചെറുത്ത് തോല്‍പ്പിക്കാനുള്ള കരുത്ത് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഈ കൊച്ചു തുരുത്തിനുണ്ട്. പക്ഷേ നിങ്ങള്‍ അവരുടെ കൂടെ കൂടരുത്, അത് ആപത്താണ്, വലിയ ദുരന്തങ്ങള്‍ ഈ മണ്ണിലേക്ക് കൊണ്ട് വന്നേക്കാവുന്ന ആപത്ത്.. നിങ്ങള്‍ നിങ്ങളുടെ പാരമ്ബര്യവുമായി മുന്നോട്ട് പോവുക, അവര്‍ അവരുടെ വഴിയിലും മുന്നോട്ട് പോകട്ടെ..

ചാണകം ചാരിയാല്‍ ചന്ദനം മണക്കില്ല, ചാണകം തന്നെയായിരിക്കും മണക്കുക എന്നതും ഓര്‍ക്കുക. 

Basheer vallikunnu note about league

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES