അനന്യയുടെ ആത്മഹത്യ ഏറ്റവും വേദനയോടെയാണ് വായിച്ചറിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് അനന്യയെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. പിന്നീട് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ ആ വീഡിയോയിലൂടെയും . താന്‍ കടന്നു പോകുന്ന ഭീകരമായ ശാരീരികാവസ്ഥയെ കുറിച്ച് വേദനയോടെ, എന്നാല്‍ ചങ്കൂറ്റത്തോടെ സംസാരിക്കുന്ന അനന്യ എന്തിനിത് ചെയ്തുവെന്ന് ചോദിക്കുന്നില്ല. കാരണം അത്തരമൊരു ചോദ്യം ചോദിക്കാന്‍ എനിക്കെന്തവകാശമാണുള്ളത് ?
ഒരു വര്‍ഷം മുമ്ബ് നടത്തിയ ശസ്ത്രക്രിയയുടെ പിഴവാണ് താന്‍ ഇന്നനുഭവിക്കുന്ന കൊടിയ ശാരീരികപ്രയാസങ്ങളെന്ന് ആശുപത്രിയുടെ പേരും ഡോക്ടറുടെ പേരും സഹിതം ഉറക്കെ തുറന്നുപറഞ്ഞു കൊണ്ട് രംഗത്ത് വന്നൊരു ട്രാന്‍സ് വുമണ്‍. എന്നിട്ട് നമ്മളെന്തു ചെയ്തു? ഒരു കൗതുകത്തിനപ്പുറം ആ വീഡിയോയ്ക്ക് , അത് അഡ്രസ്സ് ചെയ്യുന്ന പ്രശ്‌നത്തിലേയ്ക്ക് എന്തെങ്കിലും ചര്‍ച്ചയോ സംവാദമോ ഉണ്ടായോ ? ഒന്നുമില്ല ! കാരണം അത് വെറും ഒരു ട്രാന്‍സിനെ ബാധിക്കുന്ന പ്രശ്‌നം മാത്രമായിരുന്നു ഈ പൊതു സമൂഹത്തിന് . ആണ്‍- പെണ്‍ എന്ന ദ്വന്ദത്തിനു ചുറ്റും കറങ്ങുന്ന സമൂഹം മൂന്നാമതൊരു വിഭാഗത്തെ, അവരുടെ നിലനില്‍പ്പിനെ തന്നെ പാടെ അവഗണിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അനന്യ .
ക്ലബ് ഹൗസ് സംവാദങ്ങളില്‍ പോലും അനന്യ അഡ്രസ്സ് ചെയ്ത വളരെ വലിയ പ്രശ്‌നത്തിനു ചെറിയ പ്രതികരണമാണുണ്ടായത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി നയങ്ങളും നിയമങ്ങളും അക്കമിട്ട് നിരത്തുമ്ബോഴും അവരോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ സാരമായ വ്യതിചലനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലായെന്ന് ഇടതിടങ്ങളിലെ വിപ്ലവസിംഹങ്ങള്‍ വരെ ഇവരെ ശിഖണ്ഡിയെന്നു വിളിച്ചാക്ഷേപിക്കുന്നതില്‍ നിന്നും മനസ്സിലാക്കാം. ട്രാന്‍സ് കമ്മ്യൂണിറ്റിയെ ശരിക്കുമൊരു ടൂള്‍ കിറ്റായിട്ടുപയോഗിക്കുകയാണ് രാഷ്ട്രീയ നേതൃത്വം . അതവരൊട്ട് മനസ്സിലാക്കുന്നുമില്ല.
അനന്യയുടെ ആത്മഹത്യ കവര്‍ ചെയ്ത മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളുമൊന്നും അനന്യ ആരോപണം ഉന്നയിച്ച ആശുപത്രിയുടെ പേരും ഡോക്ടറുടെ പേരും പറയുന്നില്ല.സ്വകാര്യ ആശുപത്രിയെന്ന ലേബലു കൊണ്ട് യഥാര്‍ത്ഥ കുറ്റക്കാരെ പൊതുസമൂഹത്തിനു മുന്നില്‍ ഒളിപ്പിക്കുകയാണ് അവര്‍. 2020 ലാണ് ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ ചെയ്തതെന്നും അനന്യ തുറന്നു പറഞ്ഞിരുന്നു. റെനൈ മെഡിസിറ്റി എന്ന ആശുപത്രി പേര് പോലും തുറന്നുപറയാന്‍ മടിക്കുന്ന മാധ്യമങ്ങളും പൊതുസമൂഹവും എന്ത് നീതിയാണ് ആ കുട്ടിക്ക് മരണാനന്തരം നല്കുക ?
പുരുഷന് സ്ത്രീയാകാന്‍ വലിയ കടമ്ബകളുണ്ട്. നിരവധി ഘട്ടങ്ങള്‍ കടന്നാണ് ശസ്ത്രക്രിയ എന്ന തലത്തിലേയ്ക്ക് എത്തേണ്ടത്.
മാനസികമായ കൗണ്‍സിലിങ്ങുകളും ഹോര്‍മോണ്‍ ചികിത്സയും ഒക്കെ ആദ്യം ഇതിനു വേണ്ടി നല്‍കാറുണ്ട്. എല്ലാം അതിജീവിച്ചു അവസാനമാണ് ലിംഗ പരിവര്‍ത്തനം നടത്തുക. ലിംഗമാറ്റം അതീവ സങ്കീര്‍ണ്ണമാണ്. ഗുരുതരമായ മാനസിക-ശാരീരിക പ്രതിസന്ധികളിലൂടെയാണ് ലിംഗമാറ്റത്തിനു വിധേയമായവരുടെ മുന്നോട്ടുള്ള ജീവിതം. വജൈനോപ്ലാസ്റ്റി എന്നത് ഒരൊറ്റ ശസ്ത്രക്രിയയിലൂടെ നേടാന്‍ കഴിയുന്ന ഒന്നല്ല . പൂര്‍ണ്ണമായും സ്ത്രീയായി മാറുന്നത് വരെ ഫോളോ അപ്പുകളും ശസ്ത്രക്രിയകളും മുടങ്ങാതെ ചെയ്യേണ്ടതുണ്ട്. അണുബാധ വരാതെ നോക്കേണ്ടതുണ്ട്. ലിംഗമാറ്റത്തിനുമുമ്ബ് പ്രോട്ടോകോള്‍ പ്രകാരം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കൗണ്‍സിലിംഗില്‍ ഈ വിഷയം ഡോക്ടര്‍മാര്‍ ബോധ്യപ്പെടുത്തണം എന്നതാണ് ചട്ടം.
ആണ്‍ ശരീരത്തിനുള്ളില്‍ തുടിക്കുന്ന പെണ്‍മനസ്സുമായി ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നു വന്നപ്പോള്‍, ഒരു ദിവസമെങ്കില്‍ ഒരു ദിവസം തനിക്ക് താനായി ജീവിക്കണമെന്ന് തോന്നുകയും ആ ലക്ഷ്യത്തിനു വേണ്ടി വിശപ്പും ദാഹവും മറന്ന്, ചെയ്യാവുന്ന ജോലികള്‍ എല്ലാം ചെയ്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ടുന്ന പണം സമ്ബാദിക്കുകയും ചെയ്ത ഒരാളാണ് അനന്യ. അത്രമേല്‍ ജീവിതത്തെ അവള്‍ സ്‌നേഹിച്ചിരുന്നു. ഒരു പാട് പ്രതീക്ഷകള്‍ പേറിയാണ് അവള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പക്ഷേ ആ പ്രതീക്ഷകള്‍ക്ക് പകരം കൊടും വേദന പകരമായെത്തിയിട്ടും പോരാടാനുറച്ച ഒരുവള്‍ ഇന്നലെ രാത്രി അത്രമേല്‍ ജീവിതം മടുത്തിട്ടായിരിക്കുമോ മടങ്ങിപ്പോയത് ?
ആണായിട്ട് ജനിച്ചാല്‍ ആണായി ജീവിച്ചാല്‍ പോരെ എന്ന് പരിഹസിക്കുന്ന, പതിനെട്ടാം നൂറ്റാണ്ടില്‍ നിന്ന് വണ്ടികിട്ടാത്ത കുറേപ്പേരുണ്ട് നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും . അവര്‍ക്ക് ഒരുപക്ഷേ ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാകണമെന്നില്ല. പക്ഷേ പ്രബുദ്ധതയുടെയും പുരോഗമനത്തിന്റെയും മേലങ്കിയണിഞ്ഞ ബുദ്ധിജീവി വര്‍ഗ്ഗം എത്രത്തോളം ഇവരുടെ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നുണ്ട് ? എത്രയോ ട്രാന്‍സ് ജെന്‍ഡറുകളുടെ കൊലപാതകങ്ങള്‍ ഒരു തുമ്ബുമില്ലാതെ തെളിയാതെ കിടപ്പുണ്ട്. ഈ ലോക്ക് ഡൗണ്‍ സമയത്ത് ഒരു വീട്ടില്‍ മരിച്ച് മൂന്ന് ദിവസം കഴിഞ്ഞ് പുഴുവരിച്ച് കിടന്ന ശ്രീ ധന്യയെന്ന ട്രാന്‍സിനു വേണ്ടി ഒരു വരി കുറിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല ഇവിടെ .
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. അപരശരീരവുമായി ജീവിക്കുകയെന്നത് അത് അനുഭവിക്കുന്നവര്‍ക്കു മാത്രം മനസ്സിലാവുന്ന കാര്യമാണ്. മനസ്സു കൊണ്ട് ഒരു ലിംഗത്തില്‍ ജീവിക്കുമ്ബോള്‍ എതിര്‍ലിംഗത്തിന്റെ ശരീരം പേറുന്നവരെക്കുറിച്ച്, അവരുടെ വ്യഥകളെ കുറിച്ച് നമ്മളില്‍ എത്രപേര്‍ പൂര്‍ണ്ണമായി മനസ്സിലാക്കാറുണ്ടെന്നത് ഒരു ചോദ്യമാണ്. സ്വത്വത്തോടും സമൂഹത്തോടുമുള്ള പോരാട്ടത്തില്‍ യാതനകള്‍ മാത്രം അഭിമുഖീകരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് മുന്നില്‍ എന്നും ഒരു തുറന്ന പാഠപുസ്തകമാണ്. പക്ഷേ ആ പാഠപുസ്തകത്തെ വെറുതെ അടച്ചുവച്ച് വെറുമൊരു രാഷ്ട്രീയ ടൂള്‍ കിറ്റാക്കുന്നു അഭിനവ കേരളം. പുസ്തകം തുറന്നു വായിച്ചാലല്ലേ ഏടുകള്‍ക്കുള്ളിലെ പൊള്ളുന്ന അനുഭവങ്ങള്‍ ഗുണപാഠമാക്കാന്‍ കഴിയൂ ! പക്ഷേ അതിന് ആര്‍ക്ക് നേരം ? എന്ത് ചേതം?