ചിലതൊക്കെ പറയേണ്ട സമയത്ത് വ്യക്തമായും കൃത്യമായും പറയേണ്ടത് തന്നെയാണ്. ബാംഗ്ലൂര്‍ ഒരോര്‍മ്മപ്പെടുത്തലാണ്. കൃത്യമായി പറഞ്ഞാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷിയായ ഒരു മനുഷ്യനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍. ആ ഓര്‍മ്മകള്‍ കണ്‍മുമ്ബില്‍ രക്തത്തുള്ളികളായി ചിതറികിടക്കുമ്ബോള്‍ ബാംഗ്ലൂര്‍ ഞെട്ടിക്കുന്നില്ല. കേരളത്തില്‍ മത മൗലിക വാദം എത്രത്തോളം തീവ്രമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ മത തീവ്രവാദികള്‍ ഗൂഢാലോചന നടത്തിയാല്‍ എന്താണ് സംഭവിക്കുകയെന്നും 2010 ജൂലൈ നാല് എന്ന ദിവസം കേരളത്തെ കൃത്യമായി ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ബികോം ഇന്റേണല്‍ മലയാളം പരീക്ഷയ്ക്ക് ചിഹ്നങ്ങള്‍(കുത്തും കോമയും) ഇടുന്നതിനായിട്ടാണ് ജോസഫ് മാഷ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. മാര്‍ച്ച് 23ന് രാവിലെ 11 മുതല്‍ 1.30 വരെ നടന്ന പരീക്ഷയില്‍ കേവലം 32 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് പി.ടി. കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയെ ആസ്പദമാക്കിയാണ്. തെറ്റു തിരുത്തുക എന്ന തലക്കെട്ടില്‍ പാഠഭാഗത്തിന് അനുസൃതമായി ചിഹ്നങ്ങള്‍ നല്‍കലാണ് ഇതിലുള്ളത്. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഷോം എന്ന സിനിമയിലും ഈ സംസാര ശകലമുണ്ട്. ഭ്രാന്തനും ദൈവവും തമ്മിലുള്ള സംഭാഷണം പി.ടി. കുഞ്ഞുമുഹമ്മദിനെ അനുസ്മരിപ്പിക്കുമാറ് മുഹമ്മദ് എന്ന പേര് നല്‍കിയതാണ് വിവാദമായത്. പ്രശ്നം വിവാദമാകുന്നത് രണ്ട് ദിവസം കഴിഞ്ഞ് മാര്‍ച്ച് 25ന് ഒരു ചാനല്‍ ഈ പ്രശ്നം കുത്തിപ്പൊക്കിയതോടെയാണ്. അവര്‍ ഇതിനെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും, മറ്റൊരു തലത്തിലാക്കുകയും ചെയ്തു. അങ്ങനെയാണ് ചെറിയ ഒരു ചോദ്യപേപ്പര്‍ വലിയൊരു പ്രശ്നത്തിന് ഹേതുവാകുന്നത്. അതോടെയാണ് ജീവനും ജീവിതത്തിനും ഇടയിലുള്ള കണ്ണികളായ വലതുകൈയും ഭാര്യയുമൊക്കെ എന്നന്നേയ്ക്കുമായി അറ്റുപ്പോയത്.
ഇനി ബാംഗ്ലൂരിലേയ്ക്ക്! കോണ്‍ഗ്രസ് നേതാവിന്റെ ബന്ധു സമൂഹമാധ്യമത്തില്‍ ഇട്ട ഒരു പോസ്റ്റില്‍ മതത്തെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ബാംഗ്ലൂരില്‍ തുടങ്ങിയ കലാപം. അക്രമിക്കാന്‍ മാത്രമായൊരു മതവും, തൊട്ടാല്‍ പൊട്ടുന്ന മതവികാരവുമായി സദാ സംഘര്‍ഷപൂരിതമായ ഒരു മനസ്സുമായി ജീവിക്കുന്ന ഒരുകൂട്ടര്‍ക്ക് ഒരു പോസ്റ്റ് പോലും കലാപകാരണമാകുന്നുവെന്ന് ബാംഗ്ലൂര്‍ കാണിക്കുന്നു. ആരോ ഒരാള്‍ ചെയ്ത ചെറിയ ഒരു തെറ്റിന്റെ പേരില്‍ ഒരു തെരുവു മുഴുവന്‍ അക്രമിക്കാനിറങ്ങുന്നവരുടെ മനോവികാരം എന്താണ്?
മതേതര സമൂഹത്തില്‍ ജോസഫെന്ന ഒരു പ്രൊഫസറുടെ ജീവിതം നേര്‍ക്കാഴ്ചയായി മുന്നിലുള്ളപ്പോള്‍ ബാംഗ്ലൂര്‍ വരെ എന്തിനു പോകണം? പക്ഷേ ഭയപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന ഒന്നുണ്ട്. അത് മതേതരവാദികളുടെ മൗനമാണ്. ജോസഫ് മാഷിനെ കണ്ട് ഞെട്ടാത്തവരൊക്കെ , മൗനവൃതം ശീലിച്ചവരൊക്കെ ബാംഗ്ലൂര്‍ കണ്ടാലും ഞെട്ടില്ല. അത് എന്നും അങ്ങനെയാണ്. ഹാഗിയസോഫിയയില്‍ നടന്ന മതഅധിനിവേഷത്തെ അനുകൂലിച്ച സാദിഖലിമാരൊക്കെ മതേതരത്വത്തിന്റെ കാവലാളാകുന്ന സമത്വസുന്ദരലോകത്തില്‍ അവര്‍ കാണുക സെലക്ടീവായ ചിലത് മാത്രമാണ്. ഇവിടെ ദുര്‍ഗാനന്ദിനിക്ക് ലിംഗത്തെ മ്ലേച്ഛമാക്കി വരയ്ക്കാം! പ്രിയനന്ദനന് അയ്യപ്പനെ കുറിച്ച് അശ്ലീല കവിതയെഴുതാം.
കുരീപ്പുഴയ്ക്കും ഇളയിടത്തിനുമൊക്കെ ഹൈന്ദവബിംബങ്ങളെ വിമര്‍ശിക്കാം. ഹരീഷിനു മീശ എഴുതാം. ആക്ടിവിസ്റ്റുകള്‍ക്കും ആര്‍പ്പോ ആര്‍ത്തവകാര്‍ക്കും ക്ഷേത്രാചാരങ്ങളെ അപഹസിക്കാം; എതിര്‍ക്കാം! അതെല്ലാം മതേതരം! പക്ഷേ പര്‍ദ്ദ കവിതയും മെത്രാന്റെ അംശവടിയും ഒക്കെ മതചിഹ്നമാകുകയും അതിനെ സര്‍ഗ്ഗാത്മകതക്കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്യുന്നത് മതനിന്ദയാകുകയും ചെയ്യുമ്ബോള്‍ ശാസ്താവിനെ തലകീഴായി രക്തത്തുള്ളികള്‍ക്കൊപ്പം ചിത്രീകരിക്കുന്നത് നവോത്ഥാനവും ആകുന്ന ഇസങ്ങള്‍ക്ക് ബാംഗ്ലൂരിലെ കലാപം കാണുമ്ബോള്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ നാവുപൊന്തില്ല!
മഴു മുറിക്കാത്ത ഇടതുകൈയുമായി ജോസഫ് മാഷ് നമുക്കിടയില്‍ തന്നെയുണ്ട് ഇപ്പോഴും. ചോദ്യപേപ്പറിലെ ഒരു പേരില്‍ ബ്ലാസ്‌ഫെമി (ദൈവദോഷം) കണ്ടെത്തിയ അതേ മനോവികാരം തന്നെയാണ് ബാംഗ്ലൂരിലും കലാപത്തിലേയ്ക്ക് വഴിതെളിച്ചത്. പ്രവാചകനെ വിമര്‍ശിച്ച , വഴിയില്‍ മുള്ളുകള്‍ വിതറിയവരോട് പ്രവാചകന്‍ എങ്ങിനെ പെരുമാറി എന്ന് മനസ്സിലാക്കിയവര്‍ക്കും അങ്ങനെ പഠിച്ചവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഇതിലൊന്നും ദൈവദോഷം കാണാന്‍ കഴിയില്ല.
NB: ഡോ. സക്കീര്‍ ഹുസൈന്‍ ഇന്ത്യയുടെ രാഷ്ട്രപതിയായതിന് ശേഷം പത്രപ്രവര്‍ത്തകര്‍ക്ക് ഒരു വിരുന്ന് നല്‍കുകയുണ്ടായി. അന്ന് മലയാളിയായ ഒരു യുവ പത്രപ്രവര്‍ത്തകന്‍ ഒരു പ്രസ്താവന നടത്തി. ഇപ്പോഴാണ് നമ്മുടെ മതേതരത്വം സഫലമായത്. ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് മുസ്ലിം സമുദായാംഗം രാഷ്ട്രപതിയായിരിക്കുന്നു. മതേതരത്വത്തിന് ഉത്തമ ഉദാഹരണമാണിത്. അപ്പോള്‍ ഒന്ന് ചിരിച്ചുകൊണ്ട് ഡോ. സക്കീര്‍ ഹുസൈന്‍ പറഞ്ഞു, എന്റെ മതമേതാണെന്ന് താങ്കളറിയാതിരിക്കുമ്ബോഴാണ് മതേതരത്വം സഫലമാകുന്നത്.