തെന്നിന്ത്യന്‍ സിനമാ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചു മലയാളികള്‍ക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് നടി മീന.
മലയാള സിനിമയിലെ ഏറെ ആരാധകരുള്ള നായിക. മോഹന്‍ലാലിനൊപ്പം അഭിനയിച്ചാല്‍ പടം ഹിറ്റാകുമെന്ന് ഉറപ്പിക്കുന്നവര്‍. ഇങ്ങനെയുള്ള മീനയെ ഇന്ന് മലയാൡകള്‍ അടക്കമുള്ള സിനിമാ ലോകം എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥയിലാണ്. മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അകാലത്തില്‍ വിട പറഞ്ഞതിന്റെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ സിനിമാ ലോകം.
കോവിഡ് നിരവധി പേരുടെ ജീവന്‍ എടുത്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒടുവിലത്തേതാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റേതും. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു വിദ്യാസാഗറിന്റെ അന്ത്യം. ശ്വാസകോശത്തിലെ അണുബാധയാണ് മരണത്തിന് ഇടയാക്കിയത്.
കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി.
മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളില്‍ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്നതിനാല്‍ ദാതാവിനെ ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനായി കാത്തിരിക്കുന്നവരുടെ പട്ടികയില്‍ ഒരുപാട് പേരുണ്ടായിരുന്നുവെന്നും ഇവരുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്.
വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വേര്‍ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗര്‍. വിവാഹത്തോടെ ഇടക്കാലത്തേക്ക് മീന സിനിമയില്‍ നിന്നും അല്‍പ്പം ബ്രേക്കെടുത്തിരുന്നു. പിന്നീട് ദൃശ്യം എന്ന സൂപ്പര്‍ഹിറ്റുമായി തിരിച്ചു വന്നു. ഈ സിനിമയിലെ ഭാര്യയുടെ മടങ്ങി വരവില്‍ സന്തോഷിച്ച ഭര്‍ത്താവായിരുന്നു വിദ്യാസാഗര്‍.
ഇരുവരുടെയും മകള്‍ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു. വിദ്യാസാഗറിന്റെ വിയോഗത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ഈയിടെ മലയാളത്തില്‍ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന ചിത്രത്തില്‍ മീന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
മീനയുടെ കുടുംബത്തില്‍ സംഭവിച്ച ദുരന്തം അറിഞ്ഞ് തെന്നിന്ത്യന്‍ സിനിമാലോകത്തെ നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും മീനയ്ക്കും മകള്‍ക്കും ആശ്വാസം പകരുകയും ചെയ്യുന്നത്. ഈ വേദന സഹിക്കാന്‍ ഇവര്‍ക്ക് ഈശ്വരന്‍ കരുത്തു നല്‍കട്ടെ എന്നാണ് എല്ലാവരും ആശ്വാസവാക്കായി പറയുന്നത്. സംസ്‌കാരം ജൂണ്‍ 29 ബുധനാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലായിരുന്നു മീനയുടെ താമസം.