ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.
തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.
ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.
ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?
ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?
ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?
ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍
ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍
മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍
എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്.
ജലം നീരാവിയായ്-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ് ത്തന്നെ
പിറക്കാറുണ്ടെന്ന്.
ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍.
(കടപ്പാട്: ബാലചന്ദ്രൻ ചുള്ളിക്കാട്)