പെൺകുട്ടികൾ മുതൽ മുതിർന്നവർ വരെ അണിയുന്ന ഒന്നാണ് മൂക്കൂത്തി . ആഭരണങ്ങളോട് പ്രിയമില്ലാത്തവർ പോലും മൂക്കുത്തി ധരിക്കുന്നുണ്ട്. മൂക്കുത്തിയുടെ ഭംഗി അത്രമാത്രം ഏവരേയും സ്വാധീനിച്ചിരിക്കുന്നു.ഒരുകാലത്തെ താരം വെള്ളക്കല്ലുള്ള ചെറിയ മൂക്കുത്തികളായിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങളെല്ലാം മാറി, ഫേഷൻ ലോകം മാറുന്നതിനനുസരിച്ച് മൂക്കുത്തിയലും മാറ്റങ്ങൾ വന്നിരിക്കുന്നു. നാടൻ രീതിയെന്ന ചിന്താഗതി പാടെ ഇല്ലാതാക്കി കൊണ്ടാണ് മൂക്കുത്തികളുടെ ഡിസൈൻ. പട്ട് പാവടയ്ക്കും, സെറ്റ് സാരിക്കും ഇട്ടിരുന്ന മൂക്കുത്തി ഇന്ന് ജീൻസിനും ടോപ്പിനും ഫേഷനായി മാറിക്കഴിഞ്ഞു. അതിനായി റിംഗ് പോലുള്ള മൂക്കുത്തികൾ ലഭ്യമാണ്.ഒരുകാലത്ത് ചെറിയ മൂക്കുകുത്തിയായിരുന്നു ഫാഷൻ, എന്നാൽ ഇന്ന് പെൺകുട്ടികൾക്ക് പ്രിയം വലിയതിനോടാണ്. വലിയ വളയം മോഡൽ, ഡിസൈൻ കൂടുതലുള്ളവ, വ്യത്യസ്ഥമായ വർണങ്ങളിലുള്ളവ എല്ലാം പെൺകുട്ടികളുടെ മനസ് മയക്കി കഴിഞ്ഞു. മൂക്ക് കുത്താൻ പേടിയുള്ളവർക്ക് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തിയും ലഭ്യമാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മൂക്ക് കുത്തി പരിചയമുള്ള തട്ടാന്റെയടുത്ത് കുത്തുന്നതാണ് ഏറ്റവും നല്ലത്, നാഡീ ഞരമ്പുകൾക്ക് ക്ഷതമേൽക്കാതെ കുത്താൻ അവർക്കറിയാം. ചില ഡോക്ടർമാരും മൂക്കുകുത്തി കൊടുക്കുന്നുണ്ട്. ബ്യൂട്ടിപാർലറുകളിൽ പോയി ഷൂട്ട് ചെയ്യിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിലുള്ള പരിചയവും വൃത്തിയും ഉറപ്പാക്കിയിട്ട് മാത്രം പോയാൽ മതി.-മൂക്ക് കുത്തിക്കഴിഞ്ഞ് സ്വർണം തന്നെ ഇടാൻ ശ്രദ്ധിക്കണം. മറ്റു ലോഹങ്ങൾ 70 ശതമാനം ആളുകൾക്ക് അലർജിയോ ഇൻഫെക്ഷനോ ഉണ്ടാക്കും. അസ്വസ്ഥതകൾ തോന്നിയാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. സ്വയം ചികിത്സ പാടില്ല.-മൂക്ക് കുത്തിക്കഴിഞ്ഞാൽ കുത്തിയ ഭാഗം ഇടയ്ക്കിടയ്ക്ക് തൊട്ടു നോക്കുന്നത് ഒഴിവാക്കണം. തൊടുന്നതനുസരിച്ച് മുറിവുണങ്ങാൻ വൈകും. -മുറിവ് പൂർണമായി ഉണങ്ങാതെ മൂക്കുത്തി ഇളക്കി മാറ്റരുത്. മാറ്റിയാൽ മൂക്കിലിട്ട തുള വേഗം അടഞ്ഞുപോകും.