നവരാത്രി പൂജ വയ്പ്പ്; വീടുകളില്‍ പൂജവയ്ക്കുന്നവര്‍ അറിയാന്‍

Malayalilife
നവരാത്രി പൂജ വയ്പ്പ്; വീടുകളില്‍ പൂജവയ്ക്കുന്നവര്‍ അറിയാന്‍

ബുദ്ധി ശക്തി എന്നീ ഭാവങ്ങളില്‍ ഒന്‍പത് ദിവസങ്ങളില്‍ ദേവിയെ ആരാധിക്കുകയാണ് നവരാത്രി നാളുകളില്‍ ചെയ്യുന്നത്. ആചാരമനുസരിച്ച് ദുര്‍ഗ്ഗാഷ്ടമി നാളിലാണ് പുജ വയ്ക്കുന്നത്. അതനുസരിച്ച് ഇന്ന് സന്ധ്യയ്ക്ക് മുന്‍പ് തന്നെ പൂജ വയ്ക്കണം. വിദ്യാര്‍ഥികള്‍ അവരുടെ പഠനോപകാരങ്ങളെല്ലാം തന്നെ പൂജയ്ക്കു വയ്ക്കണമെന്ന് പറയപ്പെടുന്നു. മുതിര്‍ന്നവര്‍ ഭഗവത് ഗീത, നാരായണീയം, ഭാഗവതം, രാമായണം തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങള്‍ പൂജ വയ്ക്കാവുന്നതാണ്. കലാകാരന്മാര്‍ അവരുടെ കലയുമായി ബന്ധപ്പെട്ടവയാണ് പൂജവയ്ക്കുന്നത്. ഉപകരണങ്ങള്‍ വൃത്തിയാക്കിയ ശേഷമേ പൂജ വയ്ക്കാവൂന്ന് മാത്രം. തൊഴിലാളികള്‍ പണിയായുധമാണ് വയ്ക്കുന്നത്. വാഹനമോടിച്ച് ഉപജീവനം നടത്തുന്നവര്‍ വാഹനമോ താക്കോലോ പൂജ വെയ്ക്കണം. ക്ഷേത്രത്തിലും വീടുകളിലും പൂജ വയ്ക്കാം. 

വീട്ടില്‍ പൂജവയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. പൂജാമുറിയിലോ ഭവനത്തിന്റെ ഈശാനകോണായ വടക്കു കിഴക്കു ഭാഗത്തോ ആണ് പൂജവയ്ക്കേണ്ടത്. പൂജ വയ്ക്കാനുദ്ദേശിക്കുന്ന ഇടം തൂത്തു തുടച്ചു വൃത്തിയാക്കി ചാണകവെള്ളമോ തുളസി വെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധി വരുത്തുക. മേശപ്പുറത്തോ പീഠത്തിലോ പൂജവയ്ക്കുന്നതാണ് അഭികാമ്യം. വെറും തറയില്‍ പൂജ വയ്ക്കരുത്. സരസ്വതീ ദേവിയുടെ ചിത്രത്തിന് മുന്നിലായി വേണം ഉപകരണങ്ങള്‍/പുസ്തകങ്ങള്‍ പൂജ വയ്‌ക്കേണ്ടത്. ദേവീ ചിത്രത്തിന്റെ ഇടതു ഭാഗത്തു പ്രഥമസ്ഥാനം നല്‍കി വിഘ്നനിവാരണനായ ഗണപതി ഭഗവാന്റെ ചിത്രം വയ്ക്കാം. വലതു ഭാഗത്തു ഇഷ്ടദേവതാ ചിത്രവും വയ്ക്കാം. ഈ ചിത്രങ്ങളില്‍ പൂമാല ചാര്‍ത്തുന്നതും ഉത്തമം. ഭഗവാന്മാരെ കര്‍പ്പൂരം ഉഴിഞ്ഞ ശേഷം കുറച്ചു പൂക്കള്‍ കൈകളിലെടുത്തു ഗണപതിയേയും സരസ്വതിയെയും ഇഷ്ടദേവതയേയും മനസ്സില്‍ ധ്യാനിച്ച്  ഉപകരണങ്ങളില്‍ അര്‍ച്ചിച്ചു വേണം പൂജവയ്ക്കുവാന്‍. അവല്‍, മലര്‍, ശര്‍ക്കര, പഴം, കല്‍ക്കണ്ടം എന്നിവ കൊണ്ട് നിവേദ്യമര്‍പ്പിച്ചശേഷവും പൂജ വയ്ക്കാം.

പൂജ എടുക്കുമ്പോള്‍.

വിജയദശമി ദിനത്തിലാണ് പൂജ എടുക്കേണ്ടത്. അന്നേ ദിവസം രാവിലെ കുളിച്ചു ശുദ്ധമായശേഷം അരച്ചെടുത്ത ചന്ദനത്തില്‍ തുളസിയില തൊട്ടു ഓരോ ഉപകരണത്തിലും വച്ച് വേണം പൂജയെടുക്കാന്‍. പൂജയെടുത്ത ശേഷം ആദ്യം ഗണപതിയെയും വിദ്യാദേവതയായ സരസ്വതിയെയും ദക്ഷിണാമൂര്‍ത്തിയെയും നവഗ്രഹങ്ങളെയും ശ്രീകൃഷ്ണനെയും പൂജിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്. ഇതിനുശേഷം മണലിലോ  അരിയിലോ  ഓം ഹരിഃ ശ്രീ ഗണപതയേ നമഃ  അവിഘ്നമസ്തു എന്ന് എഴുതണം. അതിന് ശേഷം പുസ്തകം പൂജ  വെച്ചവര്‍  അതിന്റെ ഒരു ഭാഗം വായിക്കണം. മുതിര്‍ന്നവര്‍ പുണ്യ ഗ്രന്ഥങ്ങള്‍ പകുത്തു വായിക്കണം.

Read more topics: # navarathri pooja,# durgashtami,# mahanavami
navarathri pooja durgashtami mahanavami

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES