കർക്കടകവാവ് തിങ്കളാഴ്ച; വീട്ടിൽ ബലിതർപ്പണം ചെയ്യേണ്ട രീതി നോക്കാം

Malayalilife
കർക്കടകവാവ് തിങ്കളാഴ്ച; വീട്ടിൽ ബലിതർപ്പണം ചെയ്യേണ്ട രീതി നോക്കാം

പിതൃസ്മരണയുണർത്തുന്ന കർക്കടകവാവ് തിങ്കളാഴ്ചയാണ് വരുന്നത്. കർക്കടകവാവുദിനത്തിലെ പുണ്യതീർഥ കേന്ദ്രങ്ങളിലെ  ബലിതർപ്പണം കോവിഡ്  പശ്ചാത്തലത്തിൽ സാധ്യമാകുകയില്ല. അത് കൊണ്ട് തന്നെ സ്വന്തം വീടുമുറ്റത്ത് ബലിയിടാം. 

ബലിതർപ്പണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മൺമറഞ്ഞുപോയ പൂർവികരെ പിതൃക്കൾ എന്നു സങ്കൽപിച്ച് ആ ഓർമകൾക്കു മുന്നിൽ അഞ്ജലി അർപ്പിക്കുന്നതാണ്. എള്ളും വെള്ളവും ആത്മാവിന് കൊടുക്കുക എന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ബലിതർപ്പണത്തിന് ഏറെ അഭികാമ്യമായ ഘടകം എള്ളും വെള്ളവുമാണ്. 


 ബലിതർപ്പണത്തിന് ഒരുക്കേണ്ട സാധനങ്ങൾ

എള്ള്


ശുദ്ധമായ വെള്ളം


ഉണക്കലരി


ചെറൂളപ്പൂവ്


ചന്ദനം

ദർഭപ്പുല്ല്


നാക്കിലകൾ


നിലവിളക്ക്, എണ്ണ, തിരി


കിണ്ടി (അല്ലെങ്കിൽ വൃത്തിയുള്ള ഏതെങ്കിലും പാത്രം)


വിരലിൽ അണിയാൻ ദർഭപ്പുല്ലു കൊണ്ടുള്ള പവിത്രക്കെട്ട് ഉണ്ടെങ്കിൽ നല്ലത്. 

 തലേന്ന് ‘ഒരിക്കൽ’ അനുഷ്ഠിക്കുക എന്നത് ശ്രാദ്ധമാണെങ്കിലും ബലിതർപ്പണമാണെങ്കിലും നിർബന്ധമായ ഒന്നാണ്. ‘ഒരിക്കൽ അനുഷ്ഠിക്കുക’ എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നത് ഒരിക്കൽ മാത്രമേ ആഹാരം പാടുള്ളൂ എന്ന അർഥത്തിലാണ്.  തലേന്ന് ഉച്ചയ്ക്ക് സാധാരണ പോലെ ഊണു കഴിക്കാം. രാത്രി ഊണ് പാടില്ല. പാകരം രാത്രി പൂർണമായുള്ള  ഉപവാസമാണ് വേണ്ടത്. എന്നാൽ ഇപ്പോൾ  അരിയാഹാരം ഒഴിവാക്കി മറ്റെന്തെങ്കിലും ലഘുഭക്ഷണം ആകാം എന്ന ആചാരമാണ് ഇപ്പോൾ കണ്ട് വരുന്നത്.  മത്സ്യ–മാംസാദികൾ പൂർണമായും കർക്കടകവാവു ദിവസവും തലേന്നും ഒഴിവാക്കണം.

കർക്കടകവാവു ദിവസം അതിരാവിലെ വേണം  ബലിതർപ്പണച്ചടങ്ങുകൾ  നടത്തേണ്ടത്. ബലിയിടൽ ചടങ്ങുകൾ നടത്തേണ്ടത് മുറ്റത്തിന്റെ തെക്കുഭാഗത്ത് തെക്കോട്ടു തിരിഞ്ഞ് ഇരുന്നു വേണം. നേരത്തേ തന്നെ  ബലിയിടുന്ന സ്ഥലം ചാണകം മെഴുകി വൃത്തിയാക്കുകയും വേണം. 


ബലിതർപ്പണം നടക്കുന്ന സ്ഥലത്തിന്റെ അടുത്തായി പ്രത്യേക അടുപ്പു കൂട്ടി ബലിച്ചോറ് (കവ്യം) തയാറാക്കണം. ചിലയിടങ്ങളിൽ വാഴയണ കൊണ്ട് അടുപ്പ് ഉണ്ടാക്കുന്ന രീതിയും നിലനിന്ന് പോരുന്നു. അഞ്ചോ ആറോ ഉരുളയ്ക്കുള്ള ബലിച്ചോറ് ആണ് തയ്യാറാക്കേണ്ടത്.  ഉണക്കലരി  ഇതിനായിവേണ്ടത്രവെള്ളമൊഴിച്ച് വേവിക്കണം.  ബലിച്ചോറ് തയാറാക്കേണ്ടത് വെള്ളം ഊറ്റിക്കളയാതെ വറ്റിച്ചാണ് . ഇതാണ്  ബലിപിണ്ഡമായി സമർപ്പിക്കുക.ബലിതർപ്പണത്തിനു മുന്നോടിയായി കിണ്ടിയിൽ വെള്ളമെടുത്ത് തീർഥം ഉണ്ടാക്കണം.

‘‘ഗംഗേ ച യമുനേ ചൈവ 

ഗോദാവരി സരസ്വതി

നർമദേ സിന്ധു കാവേരി

ജലേസ്മിൻസന്നിധിം കുരു’’ എന്ന മന്ത്രം ചൊല്ലി പുണ്യനദികളെയെല്ലാം ആവാഹിക്കുന്നു എന്ന സങ്കൽപത്തിൽ കിണ്ടിയിലെ വെള്ളത്തിൽ  രണ്ടു കയ്യിലും പുഷ്പമെടുത്ത് സങ്കൽപിച്ച് സമർപ്പിക്കണം. തുടർന്നുള്ള തർപ്പണച്ചടങ്ങുകൾ ഈ തീർഥം കൊണ്ടാണ്   ചെയ്യേണ്ടത്. തർപ്പണം ചെയ്യുമ്പോൾ വലതുകയ്യിന്റെ മോതിരവിരലിൽ പവിത്രം ധരിക്കുന്നതും ഉത്തമമാണ്. 

നിലവിളക്കു കത്തിച്ചുവച്ച് അതിനു മുന്നിൽ നാക്കില വച്ച് അതിൽ ദർഭപ്പുല്ല് വയ്ക്കണം.  പിതൃക്കളെ ആവാഹിക്കുന്നതായി ഈ ദർഭപ്പുല്ലിലേക്ക് സങ്കൽപിക്കണം. അടുത്തതായി  ഗുരുകാരണവന്മാരെയും കുടുംബത്തിലെ ധർമദൈവങ്ങളെയും മനസ്സിൽ ധ്യാനിക്കണം. ശേഷം ,  ദർഭയിലേക്ക് എള്ള്, വെള്ളം, ചന്ദനം, പുഷ്പം എന്നിവ മൺമറഞ്ഞുപോയ പിതൃക്കളെ സങ്കൽപിച്ച് അർപ്പിക്കണം. സാധാരണ പൂജകളിൽ ‘സ്വാഹാ’ എന്നു പറഞ്ഞു സമർപ്പിക്കുന്നതിനു പകരം പിതൃകർമങ്ങളിൽ ‘സ്വധാ’ എന്നാണു പറയുന്നത്. 

അതിന് ശേഷം ദർഭയിൽ  ഉരുളകൾ ഓരോന്നായി വച്ച് അതിൽ എള്ളും വെള്ളവും ചന്ദനവും പുഷ്പവും സമർപ്പിക്കുക. പിന്നാലെ  പൂർവികരെ മുഴുവൻ സങ്കൽപിച്ച് സാഷ്ടാംഗം നമസ്കരിക്കുക.
(വേവിച്ച ഉരുളകൾക്കു പകരം ഉണക്കലരി തന്നെ അതേപടി ഉപയോഗിക്കുന്ന രീതിയും ഉണ്ട്.)

 പിതൃക്കളെ സ്വസ്ഥാനങ്ങളിലേക്ക് അർപ്പണങ്ങൾക്കുശേഷം തിരിച്ചയയ്ക്കുന്നതായി സങ്കൽപിച്ച് പ്രാർഥിക്കണം.പിണ്ഡം സമർപ്പിച്ച ശേഷം കൈ നനച്ചു കൊട്ടേണ്ടതാണ്. ഇതു കേട്ട് കാക്ക വന്നു ബലിപിണ്ഡമെടുത്താൽ പിതൃക്കൾ കഴിച്ചുവെന്ന വിശ്വാസം ആണ് നിലനിൽക്കുന്നത്. അതിന് പിന്നാലെ  ജലാശയത്തിൽ ബലിയിട്ട ഇലകൾ ദർഭകളും പൂവും എള്ളും എല്ലാം സഹിതം എടുത്ത് സമർപ്പിക്കണമെന്നാണ് ആചാരം. കിഴക്കോട്ടു തിരിഞ്ഞു നിന്ന് ഇല സഹിതം പിന്നിലേക്ക് ഇടുകയാണ്  ചെയ്യേണ്ടത്.  എന്നാൽ അടുത്തൊന്നും ജലാശയംഇല്ലാത്ത സാഹചര്യമാണ് ഉള്ളത് എങ്കിൽ  ശുദ്ധമായ സ്ഥലത്ത് അവ ഇടാവുന്നതാണ്. തർപ്പണച്ചടങ്ങിനു ശേഷം വീണ്ടും കുളി കഴിയുന്നതോടെ ബലിതർപ്പണം പൂർത്തിയാകുകയും ചെയ്യുന്നു.

Karkkida vavau bali how to do at home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES