വീട് നില്‍ക്കുന്ന പറമ്പിന്റെ നാല് അതിര്‍ത്തികളിലും വാസ്തുവിലേക്ക് കയറുന്നതിനായി പടിപ്പുരകളുണ്ടാക്കാന്‍ വിധിയുണ്ട്. അതില്‍ പ്രധാനം കിഴക്കോട്ടു മുഖമായ പടിഞ്ഞാറ്റിപ്പുരയുടെ കിഴക്കേപടിപ്പുരക്കോ, അല്ലെങ്കില്‍ പടിഞ്ഞാറ്റി പ്രാധാന്യമായ നാലു കെട്ടുകളുടെ പടിഞ്ഞാറുവശത്തുള്ള പടിപ്പുരക്കോ ആണ്.
വാസ്തുപുരുഷ സങ്കല്പത്തില്‍ കിഴക്ക് ഇന്ദ്രപദം, തെക്ക് ഗൃഹക്ഷതപദം, പടിഞ്ഞാറ് പുഷ് പദന്തപദം, വടക്ക് ഭല്ലാടപദം എന്നിങ്ങനെ നാലുപദങ്ങളുണ്ട്. വാസ്തുവിന്റെ കിഴക്കുവശത്തെ ഒട്ടാകെ ദീര്‍ഘത്തെ പദകല്പന അനുസരിച്ച് ഒന്‍പതാക്കി ഭാഗിച്ച് മദ്ധ്യപദത്തിന്റെ വടക്കുവശത്തുള്ള ഇന്ദ്രപദത്തിലാണ് പടിപ്പുരയുടെ സ്ഥാനം. തെക്കേ അതിര്‍ത്തിയിലാണെങ്കില്‍ സ്ഥാനം മദ്ധ്യപദത്തിന്റെ കിഴക്കുവശത്തുവരുന്ന ഗൃഹക്ഷതപദത്തിലാണ്.
പടിഞ്ഞാറ് വശത്താണെങ്കില്‍ ഒമ്പതാക്കി ഭാഗിച്ചാല്‍ വരുന്ന മദ്ധ്യപദത്തിന്റെ തെക്കുവശത്തെ പുഷ്പദന്തപദത്തിലാണ് പടിപ്പുരക്കുസ്ഥാനമുള്ളത്. അതുപോലെ വടക്ക് അതിര്‍ത്തിയില്‍ ഒട്ടാകെയുള്ള ദീര്‍ഘത്തെ ഒമ്പതാക്കി ഭാഗിച്ചാല്‍ ലഭിക്കുന്ന മദ്ധ്യപദത്തിന്റെ പടിഞ്ഞാറുവശത്തുള്ള ഭല്ലാടപദത്തിലാണ് സഞ്ചാരയോഗ്യമായ പ്രധാന പടിപ്പുരയുടെ ഉത്തമമായ സ്ഥാനം. ഇതുകൂടാതെ കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ദിശകളില്‍ വരുന്ന പ്രധാനപടിപ്പുരയുടെ ഇരുവശങ്ങളിലും ചെറിയ രണ്ടുപടിപ്പുരകള്‍ കൂടി നിര്‍മ്മിക്കാന്‍ സ്ഥാനം ശാസ്ത്രത്തില്‍ പറയുന്നുണ്ട്.
സാധാരണയായി ഗൃഹം വെക്കാനെടുക്കുന്ന ദീര്‍ഘചതുരമോ, സമചതുരമോ ആയ ചെറിയ പറമ്പുകളില്‍ ശാസ്ത്രത്തില്‍ അനുശാസിക്കുന്ന വിധത്തില്‍ പടിപ്പുരനിര്‍മ്മാണത്തിന് സ്ഥലപരിമിതി ഉണ്ട്. അതിനാല്‍ പടിപ്പുരയുടെ സ്ഥാനം നിശ്ചയിച്ച് അവിടെ ഗേറ്റ് വെക്കുകയാണ് പതിവ്. അതായത് കിഴക്കുവശത്ത് റോഡുള്ള സ്ഥലത്തിന്റെ കിഴക്കേ ഭാഗത്ത് പടിപ്പുരയോ, ഗേറ്റോവെക്കുമ്പോള്‍ സ്ഥലത്തിന്റെ കിഴക്കുവശത്തെ നീളത്തെ ഒമ്പതാക്കിഭാഗിച്ച് വടക്കു കിഴക്കേ മൂലയില്‍ നിന്നും നാലാമത്തെ അംശത്തില്‍ അതായത് ഒമ്പതില്‍ ഒന്നില്‍ ഉത്തമമായ പടിപ്പുരയുടെ സ്ഥാനം നിശ്ചയിക്കാം. വടക്കുകിഴക്കേ മൂലയില്‍ നിന്നും രണ്ടാമത്തെ ഒമ്പതില്‍ ഒന്നിലോ, എട്ടാമത്തെ ഒമ്പതില്‍ ഒന്നിലോ ഉപഗേറ്റുകളുടെ സ്ഥാനവും നിര്‍ണ്ണയിക്കാവുന്നതാണ്.
ഇതേ രീതിയില്‍ തെക്കുവശത്തക്കാവുന്ന ഗേറ്റിന്റെ സ്ഥാനമാണെങ്കില്‍ തെക്കുവശത്തെ ഒട്ടാകെയുള്ള ദീര്‍ഘത്തെ ഒമ്പതാക്കി ഭാഗിച്ച് തെക്കുകിഴക്കേ മൂലയില്‍ നിന്നും നാലാമത്തെ ഒമ്പതില്‍ ഒന്നില്‍ ഉത്തമമായ പടിപ്പുരയുടെ സ്ഥാനവും തെക്കുകിഴക്കേ മൂലയില്‍ നിന്ന് രണ്ടാമത്തെ ഒമ്പതില്‍ ഒന്നിലോ, എട്ടാമത്തെ ഒമ്പതില്‍ ഒന്നാലോ ചെറിയ പടിപ്പുരയുടെ സ്ഥാനവും നിശ്ചയിക്കാവുന്നതാണ്.
പടിഞ്ഞാറ്വശത്തെ അതിര്‍ത്തിയില്‍ വെക്കുന്ന ഗേറ്റിന്റെ സ്ഥാനമാണെങ്കില്‍ ആ വശം അളന്നെടുത്ത ഒട്ടാകെ ദീര്‍ഘത്തെ ഒമ്പതാക്കി ഭാഗിച്ച് തെക്കുപടിഞ്ഞാറെ മൂലയില്‍ നാലാമത്തെ ഒമ്പതില്‍ ഒന്നില്‍ ഉത്തമമായ പടിപ്പുരയുടെ സ്ഥാനവും രണ്ടാമത്തെയോ, ഒമ്പതാമത്തേയോ പദങ്ങളില്‍ ചെറിയ ഗേറ്റുകളുടെ സ്ഥാനവും നിര്‍ണ്ണയിക്കാവുന്നതാണ്.
വടക്കുവശത്ത് ഗേറ്റുവെക്കുമ്പോള്‍ വാസ്തുവിന്റെ വടക്കേഭാഗത്തെ നീളത്തെ ഒമ്പതാക്കി ഭാഗിച്ച് വടക്കുപടിഞ്ഞാറെ മൂലയില്‍ നിന്ന് നാലാമത്തെ പദത്തില്‍ ഉത്തമമായ പടിപ്പുരയുടെ സ്ഥാനവും രണ്ടാമത്തേയോ എട്ടാമത്തേയോ പദങ്ങളില്‍ ചെറിയ പടിപ്പുരയുടെ സ്ഥാനവും നിശ്ചയിക്കാവുന്നതാണ്. ഇപ്രകാരം വാസ്തുവിന്റെ മദ്ധ്യത്തില്‍ നിന്ന് ഒരു പദം അപ്രദക്ഷിണമായി(ആന്റിക്ലോക്ക്വൈസ്) നീക്കി ഗേറ്റിന് സ്ഥാനം നിശ്ചയിക്കുമ്പോള്‍ ഗേറ്റിന്റെ കാല് വാസ്തുമദ്ധ്യത്തില്‍ വരാതെ ശ്രദ്ധിക്കേണ്ടതാണ്.