ലോകാരോഗ്യ സംഘടന,ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോക പ്രമേഹദിനാചാരണത്തിനുള്ള നേതൃത്വം നല്‍കുന്നത്.
ഓരോ എട്ടു സെക്കന്‍ഡിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു .അര്‍ബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തില്‍ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം. അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മള്‍ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹ ചികിത്സയുടെ വിജയം നിര്‍ണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകള്‍ രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. കേരളത്തില്‍ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും ഇവ മൂന്നും നിയന്ത്രണവിധേയമല്ല എന്നാണ് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്
മറ്റു പലരോഗങ്ങളേയും പോലെ മരുന്നുകൊണ്ടുമാത്രം പ്രമേഹ നിയന്ത്രണം സാധിക്കുകയില്ല. അതിന് ആരോഗ്യകരവും സമീകൃതവുമായ ആഹാരം, ദിവസേനയുള്ള വ്യായാമം, മുടങ്ങാതെയുള്ള മരുന്നു സേവ എന്നിവയെല്ലാം ഒരുപോലെ പ്രധാനപ്പെട്ടതാണ്. നാം കൂടുതല്‍ സമയവും കുടുംബാംഗങ്ങള്‍ക്കൊപ്പം വീടുകളിലാണ് ചിലവഴിക്കുന്നത്.അതുകൊണ്ട് മുകളില്‍ സൂചിപ്പിച്ചവയിലൊക്കെ കുടുംബാംഗങ്ങളുടെ സഹകരണവും ചിലപ്പോള്‍ സ്‌നേഹപൂര്‍ണമായ പെരുമാറ്റവും ശാസനയുമൊക്കെ വേണ്ടി വരും. കൃത്യമായ സമയത്ത് മരുന്ന്, കൃത്യമായ സമയത്ത് ഭക്ഷണം, ദിവസേനയുള്ള വ്യായാമം എന്നിവയിലൊക്കെ പിന്തുണയും ഓര്‍മപ്പെടുത്തലും നല്‍കുക കുടുബാംഗങ്ങളുടെ ഉത്തരവാദിത്തം ആണ്. രോഗികള്‍ ഒറ്റയ്ക്കല്ല, കുടുബാംഗങ്ങള്‍ ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന തോന്നല്‍ അവര്‍ക്കുണ്ടാവണം. അത് ചികിത്സാസംബന്ധിയായ കാര്യങ്ങളില്‍ ഉണര്‍വ് നല്‍കുന്നതു കൂടാതെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും പ്രമേഹ രോഗികളിലുണ്ടാവുന്ന വിഷാദരോഗം പരിഹരിക്കുന്നതിനും സഹായിക്കും.
പ്രമേഹരോഗികള്‍ക്ക് മാത്രമായി വീട്ടില്‍ പ്രത്യേക ഭക്ഷണം ഉണ്ടാക്കേണ്ടതില്ല. പ്രമേഹരോഗികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം ഹെല്‍ത്തി ഡയറ്റ് ആയിരിക്കണമെന്നു മാത്രം. അതു തന്നെ മറ്റു കുടുബാംഗങ്ങള്‍ക്ക് പ്രമേഹം വരാതിരിക്കാനും ആരോഗ്യത്തിനും ഉതകുന്നതാണ്. പഞ്ചസാര ഉപേക്ഷിക്കുക, ചോറിന്റെ അളവ് കുറയ്ക്കുക, പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക, ജങ്ക്ഫുഡുകള്‍, വറുത്തതും പൊരിച്ചതും, ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവയൊക്കെ ഒഴിവാക്കുക ഇവയെല്ലാം പ്രമേഹ രോഗികള്‍ക്ക് മാത്രമല്ല മറ്റു കുടുംബാംഗങ്ങള്‍ക്കും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
പ്രമേഹമുള്ളവര്‍ പ്രത്യേകിച്ച് ഇന്‍സുലിന്‍ എടുക്കുന്നവര്‍ വീട്ടില്‍ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് രക്തം പരിശോധിക്കണം. അതിന് കുടുംബാംഗങ്ങളുടെ സഹായം വേണം. ആശുപത്രിയില്‍ ചെക്ക്അപ്പിനു പോകുമ്പോഴും കുടുംബാംഗങ്ങളുടെ സാന്നിദ്യം രോഗിക്കു മാത്രമല്ല കൂടെയുള്ളവര്‍ക്കും പ്രയോജനം ചെയ്യും. ഡോക്ടറുടെ ജീവിതശൈലിക്രമീകരണ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും മനസിലാക്കി പ്രവര്‍ത്തികമാക്കണം. ആരോഗ്യത്തിന് അത് മുതല്‍ കൂട്ടാവും.