നമ്മുടെ ആഹാരം ശരീരത്തിന് അനുയോജ്യമായിരിക്കണം. ഫാസ്റ്റ് ഫുഡ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന വസ്തുക്കള്‍, എണ്ണയില്‍ കുതിര്‍ത്തുണ്ടാക്കുന്ന പൊറോട്ട എന്നിവ കഴിക്കുന്നതും വര്‍ജിക്കണം.മദ്യമാണ് കരളിന്റെ ഏറ്റവും വലിയ ശത്രു. ഒരു ദിവസം 120 മില്ലിയില്‍ കൂടുതല്‍ വീര്യം കൂടിയ മദ്യം കഴിച്ചാല്‍ സിറോസിസ് രോഗം ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. സ്ത്രീകളില്‍ കുറഞ്ഞ അളവില്‍ പോലും മദ്യം ദോഷകരമാണ്. വീര്യം കുറഞ്ഞ മദ്യങ്ങളും അപകടകാരികളാകാം.
ദിവസേന 750 മില്ലി ബിയറോ 500 മില്ലി വൈനോ കഴിച്ചാല്‍ കൂടി സിറോസിസ് ഉറപ്പാണ്. മദ്യപാനം നിര്‍ത്തുന്നതാണ് കരളിന് നാശം സംഭവിക്കാതിരിക്കാനുള്ള ഏറ്റവും നല്ല നടപടി.ശരീരത്തിന് അമിത ഭാരമുണ്ടെങ്കില്‍ അത് ക്രമേണ കുറയ്ക്കുക തന്നെ വേണം. പക്ഷേ, വളരെ പെട്ടെന്ന് തൂക്കം കുറയ്ക്കുന്നതും കരളിന് നല്ലതല്ല.ദിവസേനയുള്ള വ്യായാമം കരളിന് ആരോഗ്യം നല്‍കുന്നു. ദിവസവും 30-40 മിനിട്ട് വീതം കുറഞ്ഞത് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ചെയ്യുക.
കരളിനു ദോഷം ചെയ്യുന്ന മരുന്നുകള്‍ ഒഴിവാക്കുക. സാധാരണ ഉപയോഗിക്കുന്ന പാരസിറ്റമോള്‍ പോലും അധികമായാല്‍ കരളിനു കേടുണ്ടാക്കാം.
ക്ഷയ രോഗചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോള്‍ പ്രശ്നം ഉണ്ടാക്കാം.കരളിന് സ്വയം കേടുപാട് തീര്‍ക്കുവാനുള്ള കഴിവ് പ്രസിദ്ധമാണ്. ഇതിനെ സഹായിക്കുന്ന ചില ഔഷധങ്ങളും വിപണിയിലുണ്ട്. പക്ഷേ, ജീവിത ശൈലിയിലുള്ള ആരോഗ്യപരമായ മാറ്റം ആണ് കരള്‍ രോഗത്തില്‍ നിന്ന് മോചനം കിട്ടുവാന്‍ ഉള്ള ഏറ്റവും സുഗമമായ മാര്‍ഗ്ഗം.സിറോസിസ് രോഗം വന്നു കഴിഞ്ഞാല്‍ പൂര്‍ണരോഗവിമുക്തി അസാദ്ധ്യമാണ്. ഈ രോഗം കഠിനമാകുമ്പോള്‍ മഞ്ഞപ്പിത്തം, രക്തം ഛര്‍ദ്ദിക്കല്‍, അബോധാവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഈ അവസ്ഥയില്‍ തീവ്ര പരിചരണം മൂലം തല്‍ക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു എന്നു വരാം. പക്ഷേ, എല്ലാം ഔഷധങ്ങളും പരാജയപ്പെടുമ്പോള്‍ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.