കരളിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം.വളരെ കരുതലോടെയുള്ള ചികിത്സയും പരിചരണവും മഞ്ഞപ്പിത്തത്തിന് അത്യാവശ്യമാണ്.ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. വ്യക്തിയുടെ പൊതുവായ ആരോഗ്യപരിരക്ഷയില്‍ പ്രധാന പങ്ക് വഹിക്കുന്ന ധാരാളം കര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു.
അതിനാല്‍ കരളിന് രോഗബാധ ഉണ്ടാകുമ്പോള്‍, കരളിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല തടസ്സപ്പെടുന്നത്. ശരീരത്തെ മൊത്തം അത് ദോഷകരമായി ബാധിക്കും.കരളിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ മറ്റൊരവയവത്തിനും ആവുകയുമില്ല. നാം കഴിക്കുന്ന ആഹാരത്തിലെ പ്രോട്ടിന്റെയും അന്നജത്തിന്റെയും രാസപരിണാമം, കൊഴുപ്പിന്റെ പചനം, ഇവയെല്ലാം കരളാണ് നിര്‍വഹിക്കുന്നത്.
വിഷവസ്തുക്കളെ നിര്‍വീര്യമാക്കാനും കരളിനു കഴിയുന്നു. കരളിന്റെ മറ്റൊരു ധര്‍മമാണ് പിത്തരസം ഉത്പ്പാദിപ്പിക്കല്‍. ദഹനത്തിനുവേണ്ടി കരളില്‍നിന്ന് ഉദ്പാദിപ്പിച്ച് പിത്തനാളികള്‍ വഴി ചെറുകുടലിലേക്ക് ദ്രാവകരൂപത്തില്‍ ഒഴുകുന്ന ഒന്നാണ് പിത്തം. മഞ്ഞയും പച്ചയും കലര്‍ന്ന നിറമാണ് പിത്തത്തിന്റെത്. പിത്തത്തിലുള്ള 'ബിലുറുബിന്‍' ആണ് ഈ നിറം നല്കുന്നത്. രോഗമില്ലാത്ത അവസ്ഥയില്‍ ബിലുറുബിന്റെ രക്തത്തിലുള്ള അളവ് 0.4 മി.ഗ്രാം ആണ്. 0.6 മി.ഗ്രാം വരെയുമാകും.
കരളിലെ ഓരോ കോശങ്ങളിലും പിത്തത്തിന്റെ ഉദ്പാദനം നടക്കുന്നു. കോശങ്ങളില്‍നിന്നും അതിസൂക്ഷ്മങ്ങളായ നാളികളിലേക്ക് ഒഴുകുന്ന പിത്തം വലിയ പിത്തനാളികളിലെത്തിച്ചേരുന്നു. രക്തത്തിലെ പിത്തത്തിന്റെ അളവ് രണ്ട് മി.ഗ്രാമില്‍ക്കൂടുമ്പോള്‍ കണ്ണിലും മൂത്രത്തിലും നഖങ്ങളിലും മറ്റും മഞ്ഞനിറം കണ്ടു തുടങ്ങുന്നു. ഇതിനെയാണ് മഞ്ഞപ്പിത്തം എന്നു നാം വിളിക്കുന്നത്. കരളിനുരോഗം ബാധിച്ചാല്‍ പിത്തരസം കുടലിലേക്കൊഴുകാതെ തടസ്സപ്പെടുന്നു. കരളിലെ ചെറുനാളങ്ങളിലെല്ലാം അത് നിറയും. പിത്തരസം വീണ്ടും കരള്‍ ഉദ്പ്പാദിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് രക്തത്തിലേക്ക് പ്രവേശിക്കുകയും മേല്പറഞ്ഞ രീതിയില്‍ മഞ്ഞനിറം ദേഹത്താകെ വ്യാപിക്കുകയും ചെയ്യും. ഒപ്പം ദേഹമാകെ ചൊറിച്ചിലും അനുഭവപ്പെട്ടേക്കാം.
പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛര്‍ദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്. കൂടാതെ ഉന്മേഷക്കുറവും അരുചിയും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും മറ്റു ചില ലക്ഷണങ്ങളാകുന്നു. മൂത്രത്തില്‍ ചോറിട്ട് കുറേസമയം കഴിഞ്ഞ് നോക്കിയാല്‍ ചോറില്‍ മഞ്ഞനിറം പറ്റിയിട്ടുണ്ടെങ്കിലും മൂത്രമൊരു കുപ്പിയിലൊഴിച്ച് നന്നായി കുലുക്കിയാലുണ്ടാകുന്ന പതയ്ക്കു മഞ്ഞനിറമുണ്ടെങ്കിലും മഞ്ഞപ്പിത്തം ഉണ്ടെന്ന് സംശയിക്കാം.
വിഴാലരി, ചുക്ക്, മുളക്, തിപ്പലി ഇവ സമം പൊടിച്ച് തുല്യ അളവില്‍ പഞ്ചസാര ചേര്‍ത്ത് സേവിക്കുന്നതും തൃക്കോല്പക്കൊന്ന പൊടിച്ച് തേന്‍ ചേര്‍ത്ത് സേവിക്കുന്നതും കാമിലയെ ശമിപ്പിക്കും. എരുക്കിന്‍വേര് അരിക്കാടിയിലരച്ചുകലക്കി മൂക്കില്‍ ഒഴിക്കുന്നത് മഞ്ഞപ്പിത്തശമനമാണ്.
കാട്ടുവെള്ളരിയില ജീരകം കൂട്ടി പശുവിന്‍പാലിലരച്ച് സേവിക്കുന്നതും മയിലാഞ്ചി ഇരട്ടിമധുരം ചേര്‍ത്തരച്ചു പാലില്‍ കലക്കി കഴിക്കുന്നതും ഫലം നല്‍കിക്കണ്ടിട്ടുണ്ട്. വരട്ടു മഞ്ഞളും കാവിമണ്ണും നെല്ലിക്കയുംകൂടി പൊടിച്ച് കണ്ണിലെഴുതുന്നതും കണ്ണിന്റെ മഞ്ഞനിറം വിട്ടുമാറാന്‍ സഹായിക്കും. കാട്ടുപീച്ചത്തിന്റെ ഇളംകായ പൊടിച്ച് നസ്യം ചെയ്യുന്നതും നല്ലതുതന്നെ. ഇവയെല്ലാം വിദഗ്ധോപദേശപ്രകാരം ആകുന്നതാണ് നല്ലത്.