വടക്കന്‍ കേരളത്തില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വലിയതോതില്‍ ഉയരുന്നു എന്ന വാര്‍ത്തയാണ് ഈ ലേഖനത്തിനു ആധാരം. കിണറുകളും ജലസ്രോതസുകളും മലിനമാവുകയും, രോഗാണുക്കളാല്‍ മലിനമായ ജലത്തില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ഈ അണുക്കള്‍ വായിലൂടെ ശരീരത്തില്‍ എത്തുകയും, തുടര്‍ന്ന് മനുഷ്യരുടെ കരളിനെ ബാധിച്ച് കരള്‍വീക്കമുണ്ടാക്കുകയും ചെയ്യുന്നു. ഈ വൈറസ് ബാധക്ക് പനിയും, മഞ്ഞപ്പിത്തവും ആണ് പ്രധാന ലക്ഷങ്ങളായി കാണുക. ശരിയായ വിശ്രമവും ചികിത്സയും ലഭ്യമായാല്‍ രണ്ടാഴ്ച്ചകൊണ്ട് രോഗമുക്തി സാധ്യമാണ്.
വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ചാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് മിക്കവര്‍ക്കും അറിയില്ല. രോഗലക്ഷണങ്ങളെ അവഗണിക്കുകയും, അശാസ്ത്രീയ ചികിത്സാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുകയും മരണം വരെ സംഭവിക്കാവുന്നതുമാണ്.
ഹെപ്പറ്റൈറ്റിസ് എ - ലക്ഷണങ്ങള്‍: വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ചാല്‍ ബാധിച്ചാല്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടാകാവുന്നതാണ്. ശരീരവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം എന്നിവയാണ് സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍. എന്നാല്‍ ഒരു പ്രദേശത്ത് നിരവധി ആളുകളില്‍ ഹെപ്പറ്റൈറ്റിസ് എ ബാധയുണ്ടായാല്‍ ലക്ഷണങ്ങള്‍ എല്ലാം ഉണ്ടാകാന്‍ കാത്തിരിക്കരുത്.
വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ചാല്‍ എന്ത് ചെയ്യണം:
ഹെല്‍ത്ത് അതോറിറ്റിയെ അറിയിക്കുക ഒപ്പം ഡോക്ടറുടെയോ ലാബിന്റെയോ സേവനം തേടുക: നിങ്ങള്‍ക്ക് മഞ്ഞപ്പിത്തം ഉണ്ടെന്ന് സംശയിക്കുകയോ അല്ലെങ്കില്‍ രോഗനിര്‍ണയം നടത്തുകയോ ചെയ്താല്‍, ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ പ്രധാനമാണ് ഒപ്പം നിങ്ങളുടെ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി അധികാരികളെയും വിവരം അറിയിക്കണം. അവര്‍ക്ക് അടിസ്ഥാന കാരണം നിര്‍ണ്ണയിക്കാനും ഉചിതമായ ചികിത്സ നല്‍കാനും കഴിയും.
മെഡിക്കല്‍ ഉപദേശം പിന്തുടരുക: ഡോക്ടര്‍ നിദ്ദേശിക്കുന്ന ടെസ്റ്റുകള്‍ നിര്‍ബന്ധമായും ചെയ്യുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്യുക ഒപ്പം ഡോക്ടറുടെ നിര്‍ദ്ദേശങ്ങളും ചികിത്സാ പദ്ധതിയും കൃത്യമായും പിന്തുടരുകയും ചെയ്യണം. നിങ്ങളുടെ മഞ്ഞപ്പിത്തത്തിന്റെ കാരണത്തെയും അവസ്ഥയും അനുസരിച്ചു ചികിത്സ വ്യത്യാസപ്പെടാം. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള ചികിത്സയായിരിക്കും നിര്‍ദ്ദേശിക്കുക.
വിശ്രമം: നിങ്ങളുടെ ശാരീരിക ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നതിന് നല്ല വിശ്രമം ആവശ്യമാണ്. കഴിവതും വീട്ടില്‍ത്തന്നെ കഴിയുക. മറ്റുള്ളവരുമായയുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തുക. ആഹാരത്തിന് മുമ്പും ശേഷവും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. മലമൂത്ര വിസര്‍ജ്ജനം ശൗചാലയത്തില്‍ മാത്രം നടത്തുക
ജലാംശം നിലനിര്‍ത്തുക: നിര്ജ്ജലീകരണം മാറുന്നതിനും കരളിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുകയും കൊഴുപ്പുകുറഞ്ഞ, ദ്രാവക രൂപത്തിലുള്ള ഭക്ഷണം മിതമായ അളവില്‍ ഉപ്പുചേര്‍ത്ത് കഴിക്കുകയും ചെയ്യുക. നിര്‍ജ്ജലീകരണം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍: മഞ്ഞപ്പിത്തത്തിന്റെ അടിസ്ഥാന കാരണത്തെ ആശ്രയിച്ച്, ഡോക്ടര്‍ ഭക്ഷണത്തിലെ മാറ്റങ്ങള്‍നിര്‍ദ്ദേശിക്കും. ഉദാഹരണത്തിന്, കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍, ചില ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് കൊഴുപ്പു കൂടുതലുള്ള ഭക്ഷണവും, മദ്യവും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
മരുന്നുകള്‍: നിങ്ങള്‍ക്ക് മഞ്ഞപ്പിത്തം ഒരു പ്രത്യേക അണുബാധ മൂലമാണ് ഉണ്ടായതെങ്കില്‍, അടിസ്ഥാന പ്രശ്‌നം പരിഹരിക്കുന്നതിനോ രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനോ ഉള്ള മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കാം. തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരേണ്ടതാണ്.
മദ്യം ഒഴിവാക്കുക: മദ്യം കരളിനെ ദോഷകരമായി ബാധിക്കും, അതിനാല്‍ ചികിത്സാ കാലയളവിലും നിങ്ങള്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചതിന് ശേഷവും മദ്യപാനം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
അണുബാധ പടരുന്നത് തടയുക: ഹെപ്പറ്റൈറ്റിസ് പോലുള്ള വൈറല്‍ അണുബാധ മൂലമാണ് നിങ്ങളുടെ മഞ്ഞപ്പിത്തം ഉണ്ടാകുന്നതെങ്കില്‍, വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുക. മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക. ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. മലമൂത്ര വിസര്‍ജ്ജനം ശൗചാലയത്തില്‍ മാത്രം നടത്തുക.
യഥാക്രമം ആരോഗ്യ പുരോഗതി നിരീക്ഷിക്കുക: നിങ്ങളുടെ രോഗലക്ഷണങ്ങളുടെവിവരങ്ങള്‍ എഴുതി സൂക്ഷിക്കുകയും കൃത്യമായി നിരീക്ഷിക്കുകയും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ ഡോക്ടറെ അറിയിക്കുകയും ചെയ്യുക. പ്രത്യേകിച്ച് നിങ്ങള്‍ക്ക് മഞ്ഞപ്പിത്തത്തിന്റെ അളവ് കുറയുന്നതുവരെ നിര്‍ബന്ധമായും കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും നിരീക്ഷണവും അത്യാവശ്യമാണ്.
ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടെങ്കില്‍: മഞ്ഞപ്പിത്തത്തോടൊപ്പം ശരീരത്തില്‍ ചൊറിച്ചിലും ഉണ്ടാകാം. ഈ ലക്ഷണം നിയന്ത്രിക്കാന്‍ ഡോക്ടര്‍ തന്നിരിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും നിര്‍ജ്ജലീകരണം ഉണ്ടാകാതെ നോക്കുകയും വേണം.
മാനസികപിന്തുണ: മഞ്ഞപ്പിത്തം ബാധിച്ച വ്യക്തിക്ക് മാനസിക പിന്തുണ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ഒരു മാനസികാരോഗ്യ പ്രൊഫഷണലില്‍ നിന്നോ സഹായം തേടുക.
മഞ്ഞപ്പിത്തത്തില്‍ നിന്നുള്ള വീണ്ടെടുക്കലിന്റെ ദിവസങ്ങള്‍ അടിസ്ഥാന കാരണത്തെയും അവസ്ഥയുടെ തീവ്രതയെയും ആശ്രയിച്ച് വ്യത്യാസപെട്ടിരിക്കും. ചിലരില്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ താരതമ്യേന വേഗത്തില്‍ പരിഹരിക്കപ്പെടും, ചിലര്‍ക്ക് കൂടുതല്‍ സമയവും നിരന്തരമായ പരിചരണവും ആവശ്യമായേക്കാം. ആദ്യം സൂചിപ്പിച്ചതുപോലെതന്നെ ഡോക്ടറുടെയും നിങ്ങളുടെ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി അധികാരികളുടെയും നിദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.
ഹെപ്പറ്റൈറ്റിസ് എ സാമൂഹിക വ്യാപനം ഉണ്ടായതായി നിര്‍ദ്ദേശമുണ്ടായാല്‍ പുറമെ നിന്നുള്ള ഭക്ഷണങ്ങളും ശീതള പാനീയങ്ങളും (ജ്യൂസ്, ഐസ്‌ക്രീം ഉള്‍പ്പെടെയുള്ളവ) കഴിക്കാന്‍ പാടില്ല. ശുചിത്വമാണ് 'ഹെപ്പറ്റൈറ്റിസ് എ' തടയാനുള്ള ഏക മാര്‍ഗ്ഗം.