പാല്‍ക്കപ്പ തയ്യാറാക്കാന്‍ വേണ്ടത് പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ പാലാണ്, തേങ്ങാപ്പാലാണ് വേണ്ടത്. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണിത്. ഇതിനായി കപ്പ, തേങ്ങാപ്പാല്‍, കാന്താരി മുളക്, ഇ്ഞ്ചി, ചെറിയ ഉള്ളി, കടുക്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവയാണ് വേണ്ട ചേരുവകള്‍. കാന്താരി മുളകില്ലെങ്കില്‍ സാധാരണ പച്ചമുളകായാലും മതിയാകും. എന്നാല്‍ കാന്താരിയെങ്കില്‍ അതിന്റെ നാടന്‍ രുചി വേറിട്ടു നില്‍ക്കും.
ഇതിന് അല്‍പം കട്ടിയുള്ള തേങ്ങാപ്പാല്‍ വേണം. ഇതിലേയ്ക്ക് എരിവിന് അനുസരിച്ച് കാന്താരി മുളക്, ഇഞ്ചി, ഉള്ളി എന്നിവ ചതച്ച് ചേര്‍ത്ത് ഇളക്കി വയ്ക്കുക. ഇത് അല്‍പം മുമ്പേ തയ്യാറാക്കി വയ്ക്കുന്നത് നല്ലതാണ്. ഇഞ്ചിയുടേയും ഉള്ളിയുടേയും മുളകിന്റേയും രുചി ഇതിലേയ്ക്കിറങ്ങാന്‍ ഇതേറെ നല്ലതാണ്.
കപ്പ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ആദ്യം അല്‍പം വെള്ളം ചേര്‍ത്ത് ഉപ്പിട്ട് തിളപ്പിച്ച് ഊറ്റുക. കപ്പയ്ക്ക് കയ്പ് രുചിയുണ്ടെങ്കില്‍ നീക്കാന്‍ ഇത്തരത്തില്‍ വെള്ളത്തില്‍ തിളപ്പിച്ച് ഊറ്റുന്നത് നല്ലതാണ്. പിന്നീട് ഇത് പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക. ഇതിലേയ്ക്ക് കറിവേപ്പിലയിട്ട് വേവിച്ചെടുക്കുക. കുക്കറിലോ അല്ലാതെയോ വേവിയ്ക്കാം. വല്ലാതെ ഉടയരുത്.
വെന്ത കപ്പയിലെ വെള്ളം മുഴുവന്‍ നീക്കിക്കളയണം. ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കണം. ആവശ്യമെങ്കില്‍ അല്‍പം ചൂടുവെള്ളം കൂടി ചേര്‍ക്കാം. അല്‍പം വെള്ളത്തോടെയാണ് ഈ വിഭവം തയ്യാറാക്കുക. ഇതിലേയ്ക്ക് ഒരു പിടി കറിവേപ്പിലയും ഇടുകം. ഇത് നല്ലതുപോലെ ഇളക്കിച്ചേര്‍ത്ത് കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം. പിന്നീട് ഇതിലേയ്ക്ക് കടുകും ആവശ്യമെങ്കില്‍ കൊല്ലമുളകും കറിവേപ്പിലയും ചേര്‍ത്ത് താളിച്ചിടാം. ചൂടോടെ പാല്‍ക്കപ്പ കഴിയ്ക്കാം. മുളക് ചമ്മന്തിയോ മീന്‍കറിയോ ഏതിനൊപ്പം വേണമെങ്കിലും സ്വാദോടെ കഴിയ്ക്കാവുന്ന വിഭവമാണിത്. കറിയില്ലാതെയും ഇത് രുചികരമാണ്.