ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ കറി. അതും നടൻ രീതിയിൽ ആയാലോ. വളരെ രുചികരമായ രീതിയിൽ നടൻ രീതിയിൽ കോഴിക്കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍-
1, കോഴി - ചെറിയ കഷണം ആക്കി മുറിച്ചത് ഒരു കിലോ
2, ഇഞ്ചി - ഒരു വലിയ തുണ്ടം കൊത്തിയരിഞ്ഞത്
3, വെളുത്തുള്ളി - എട്ടു അല്ലി, അരിഞ്ഞത്
4, പച്ചമുളക് – മൂന്ന് എണ്ണം രണ്ടായി കീറിയത്
5, സവാള – ഇടത്തരം രണ്ടു എണ്ണം അരിഞ്ഞത്
6, കുഞ്ഞുള്ളി – 10 എണ്ണം
7, തക്കാളി - ചെറിയ ഒരെണ്ണം
8, ചിക്കന്‍ മസാല കൂട്ട്
കറുകപ്പട്ട - ഒരു ചെറിയ കഷണം
ഗ്രാമ്പൂ - അഞ്ചു എണ്ണം
ഏലയ്ക്ക - ആറു എണ്ണം
ജാതിപത്രി - ഒരു ചെറിയ കഷണം
പെരുംജീരകം - അര ടേബിള്‍ സ്‌പൂണ്‍
കുരുമുളക് - അര ടീസ്‌പൂണ്‍
തക്കോലം - ഒന്ന്
ഇവ ചൂടാക്കി മിക്‌സറില്‍ പൊടിച്ചു എടുക്കുക
7, മുളകു പൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
8, മല്ലി പൊടി - രണ്ടു ടേബിള്‍ സ്പൂണ്‍
(മുളകും മല്ലിയും വീട്ടില്‍ തന്നെ പൊടിച്ചു ഉണ്ടാക്കിയത് ഉപയോഗിച്ചാല്‍ നല്ലതാണ്)
9, മഞ്ഞള്‍ പൊടി - അര ടീസ്‌പൂണ്‍
10, കടുക് - അര ടീസ്‌പൂണ്‍
11, കായം - കാല്‍ ടീസ്‌പൂണ്‍(ഇത് പത്തനംതിട്ടക്കാരുടെ ഒരു രീതിയാണ്. ഇറച്ചിക്കറികളില്‍ കായം ചേര്‍ക്കാറുണ്ട്. ആവശ്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് അത് ഒഴിവാക്കാം.)
12, തേങ്ങാക്കൊത്ത് - കാല്‍ മുതല്‍ അര കപ്പ് വരെ
13, കറിവേപ്പില - രണ്ടു തണ്ട്
14, വെളിച്ചെണ്ണ - കുറച്ച്
15, ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം-
ഒരു പാനിലോ ചുവടു കട്ടിയുള്ള ചീനച്ചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക, ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന് വാടി കഴിയുമ്പോള്‍ തേങ്ങാക്കൊത്ത് ചേര്‍ക്കുക. തേങ്ങാ ഒന്ന് ബ്രൗണ്‍ നിറം ആയി വരുമ്പോള്‍ പച്ചമുളകും സവാള അരിഞ്ഞതും കുഞ്ഞുള്ളി അരിഞ്ഞതും ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി ചേര്‍ത്തു മൂപ്പിക്കുക. മുളക് പൊടി മാത്രമായി ഇട്ടു മൂപ്പിക്കണം. മുളക് പൊടി മൂത്തതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്തു വഴറ്റുക, ഇതിലേക്ക് മല്ലിപൊടി, മഞ്ഞപ്പൊടി, ഇറച്ചി മസാല കൂട്ട്, കായം എന്നിവ ചേര്‍ത്തു വഴറ്റുക. ഒരു തണ്ട് കറിവേപ്പിലയും കൂടി ചേര്‍ത്തിളക്കിയതിനു ശേഷം കോഴി കഷണങ്ങള്‍ ചേര്‍ക്കാം. രണ്ടു മിനിട്ട് ഇളക്കിയതിനു ശേഷം പാകത്തിന് ഉപ്പും ചെറിയ ചൂടു വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക. 30 മിനിട്ട് കഴിയുമ്പോള്‍ വെന്തു പാകം ആകും. വെന്തു കഴിഞ്ഞു കടുകും കറി വേപ്പിലയും താളിച്ചു ചേര്‍ക്കാം. രുചികരമായ കോഴിക്കറി തയ്യാര്‍.