എല്ലാ മലയാളികളും കഴിക്കുന്ന ഒരു ഭക്ഷണമാണ് ചോറ്. മിക്ക വീടുകളിലും ഉച്ച ഭക്ഷണം ചോറും കറിയും തന്നെ ആയിരിക്കുന്നു. എന്നാല്‍ ഒന്ന് ചോറില്‍ ഒരു വെറൈറ്റി ആയാലോ? സാധാരണ ചോറില്‍ നിന്നും വ്യത്യസ്തമായി മാങ്ങ ഉപയോഗിച്ച് മാംഗോ പുലാവ് തയ്യാറാക്കി നോക്കാം.
അല്‍പം പുളിയുള്ള ഈ വിഭവം ആര്‍ക്കും ഇഷ്ടമാകും. സാധാരണ പുലാവുകളില്‍ നിന്നും വ്യത്യസ്തമായ ഒന്നുമാകും.
ചേരുവകള്‍
1. ബസ്മതി റൈസ്- 2 കപ്പ്
2. പച്ചമാങ്ങ-1
3. പച്ചമുളക്-2
4. കുരുമുളക് -6
5. ഏലയ്ക്ക-4
6 ഇഞ്ചി -ഒരു കഷ്ണം
7. കറുവാപ്പട്ട-1 ക്ഷ്ണം
8. ഗ്രാമ്പൂ-3
9. ജീരകം-അര ടീ സ്പൂണ്‍
10. ജീരകപ്പൊടി-അര ടീസ്പൂണ്‍
11. മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
12. ഉപ്പ്, നെയ്യ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബസ്മതി അരി വെള്ളത്തിലിട്ടു കുതിര്‍ത്തെടുക്കുക. പ്രഷര്‍ കുക്കറില്‍ നെയ്യു ചൂടാക്കുക. ഇതിലേക്കു ജീരകം ചേര്‍ക്കുക. പച്ചമളക്, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക, ഇഞ്ചി എന്നിവയും ഇതിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക. തൊലി കളഞ്ഞ് ഇടത്തരം കഷ്ണങ്ങളാക്കിയ മാങ്ങ ഇതിലേക്കു ചേര്‍ത്തിളക്കുക. ഇതിലേക്ക് ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ബസ്മതി അരിയും ചേര്‍ക്കുക. പാകത്തിനു വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കര്‍ അടച്ചു വച്ചു വേവിയ്ക്കണം. രണ്ടു വിസില്‍ വന്നാല്‍ മതിയാകും. മാംഗോ പുലാവില്‍ മല്ലിയില അരിഞ്ഞു ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.