തമിഴില്‍ സമീപകാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട അഭിനേതാവ്, യോഗി ബാബു മലയാളത്തിലേക്ക്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിലൂടെയാണ് യോഗി ബാബു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
യോഗി ബാബുവിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് വിപിന്‍ ദാസ് ഈ വിശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയില്‍'. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്‍സും ചേര്‍ന്നാണ് നിര്‍മാണംബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് വില്ലന്‍ വേഷത്തെ അവതരിപ്പിക്കുന്നത്.
നിരവധി ചിത്രങ്ങളില്‍ ഹാസ്യതാരമായി തിളങ്ങിയ യോഗി ബാബു, മണ്ടേല എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച താരമാണ്. മുഴുനീള കോമഡി സിനിമയായ ഗുരുവായൂരമ്പല നടയിലും യോഗി ബാബു ഹാസ്യ താരമായി എത്താനാണ് സാധ്യത. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല
കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കോമഡി - എന്റര്‍ടെയ്‌നര്‍ ജോണറിലുള്ളതാണ്. 2022ലാണ് ചിത്രത്തിന്റെ കഥ കേള്‍ക്കുന്നതെന്നും ഓര്‍ക്കുമ്പോഴെല്ലാം ചിരി വരുന്ന കഥയാണിതെന്നുമായിരുന്നു ടൈറ്റില്‍ പ്രഖ്യാപനത്തിനിടെ പൃഥ്വിരാജ് പറഞ്ഞത്.