ഹാന്റ്കസിന്റെ പരസ്യ വാചകം മുതല്‍ സ്വാതി തിരുന്നാളിന്റെ ഭൂതകാലം ചികഞ്ഞെടുത്ത തിരക്കഥ; കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിക്ക് പിന്നിലെ ചാലക ശക്തി; സീരിയലുകളെ ജനപ്രിയമാക്കിയ 'മരണം ദുര്‍ബ്ബലം';  എഴുത്തുകാരനും അധ്യാപകനുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ നിത്യതയിലേക്ക് 

Malayalilife
ഹാന്റ്കസിന്റെ പരസ്യ വാചകം മുതല്‍ സ്വാതി തിരുന്നാളിന്റെ ഭൂതകാലം ചികഞ്ഞെടുത്ത തിരക്കഥ; കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിക്ക് പിന്നിലെ ചാലക ശക്തി; സീരിയലുകളെ ജനപ്രിയമാക്കിയ 'മരണം ദുര്‍ബ്ബലം';  എഴുത്തുകാരനും അധ്യാപകനുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ നിത്യതയിലേക്ക് 

ന്തരിച്ച പ്രമുഖ കഥാകൃത്തും അധ്യാപകനും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ പിറവിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖന്‍. 93-ാം വയസ്സിലാണ് മരണം. തൈക്കാട് മോഡല്‍ സ്‌കൂളിനരികില്‍ ടി.എസ്.ജി.ആര്‍.എ-12ല്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. നാടകം, സിനിമ എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും എഴുതുകയും ചെയ്തിരുന്ന ശ്രീവരാഹം കൈവച്ച മേഖലകളെ എല്ലാം പൊന്നാക്കി. 

നിരവധി ശിഷ്യസമ്പത്തിനും ഉടമയായിരുന്നു. എഴുതുക എഴുതിക്കൊണ്ടേയിരിക്കുക. പ്രശസ്തിയും പ്രശംസയുമൊക്കെ പ്രതീക്ഷിക്കാതിരിക്കുക. അതായിരുന്നു അദ്ദേഹത്തിന്റെ രീതി. മലയാളത്തിലെ മിക്കവാറും പ്രസിദ്ധീകരണങ്ങളില്‍ ശ്രീവരാഹം കഥകളെഴുതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിദ്ധീകരണമായ 'സന്നിധാന'ത്തിലാണ് അവസാന നാളുകളില്‍ എഴുതിയിരുന്നത്. നവതി ആഘോഷിക്കാനായി ബന്ധുക്കളും ശിക്ഷ്യരുമൊക്കെ താത്പര്യം കാട്ടിയെങ്കിലും ശ്രീവരാഹം വഴങ്ങിയില്ല. ഇത്തരം താല്‍പ്പര്യങ്ങളൊന്നും ശ്രീവരാഹം ഒരിക്കലും കാട്ടിയിരുന്നില്ല. 

ഒഴുക്കുള്ള ഭാഷയിലാണ് ശ്രീവരാഹം ബാലകൃഷ്ണന്‍ കഥകള്‍ എഴുതിയത്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജിലും ധനുവച്ചപുരം എന്‍.എസ്.എസ്. കോളേജിലും ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സര്‍ക്കാരിനുവേണ്ടി കുടുംബാസൂത്രണത്തെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പ്രതിസന്ധി, ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുനാള്‍, ഹരികുമാറിന്റെ സ്‌നേഹപൂര്‍വം മീര, ജേസിയുടെ അശ്വതി എന്നീ സിനിമകള്‍ക്ക് തിരക്കഥ-സംഭാഷണം രചിച്ചു.

കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ഇലവങ്കോട് ദേശത്തിന്റെ സംഭാഷണം എഴുതി. വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴം, ലളിതാംബിക അന്തര്‍ജനത്തിന്റെ മാണിക്കന്‍ തുടങ്ങിയ ടെലിഫിലിമുകള്‍ക്കും ശ്യാമപ്രസാദ് സംവിധാനം ചെയ്ത മരണം ദുര്‍ബലം എന്ന സീരിയലിനും തിരക്കഥയെഴുതി. മരണം ദുര്‍ബലം ഏറെ ചര്‍ച്ച ചെയ്ത സീരിയലായിരുന്നു. 

സ്വാതിതിരുനാളിന്റെ ജീവിതത്തെ ആധാരമാക്കി ലെനിന്‍ രാജേന്ദ്രന്‍ സിനിമയൊരുക്കാന്‍ തീരുമാനിച്ചപ്പോള്‍ തിരക്കഥ എഴുതാന്‍ സമീപിച്ചത് ശ്രീവരാഹം ബാലകൃഷ്ണനെയാണ്. സ്വാതിതിരുനാളിന്റെ അധികമാരും അറിയാത്ത ഭൂതകാലത്തിലേക്ക് അദ്ദേഹം സഞ്ചരിച്ചു. 1987ല്‍ പുറത്തിറങ്ങിയ സിനിമ ഇപ്പോഴും ചര്‍ച്ചയാണ്. ദേശീയ ശ്രദ്ധയില്‍ അടക്കം എത്തി. നാടകം, സിനിമ എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും എഴുതുകയും ചെയ്തു. അബ്ദുള്ളക്കുട്ടി, നദീമധ്യത്തിലെത്തും വരെ എന്നിവ ചെറുകഥാ സമാഹാരങ്ങളാണ്. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ പിറവിക്കു പിന്നില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍,കുളത്തൂര്‍ ഭാസ്‌കരന്‍നായര്‍ എന്നിവര്‍ക്കൊപ്പം ശ്രീവരാഹം ബാലകൃഷ്ണനുമുണ്ടായിരുന്നു. 

മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പര 1985-ല്‍ അരവിന്ദന്‍ വരച്ച കവര്‍ചിത്രത്തോടെ പുസ്തകമായി പ്രസിദ്ധീകരിച്ചത് ശ്രീവരാഹമാണ്. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഇ.എന്‍.മുരളീധരന്‍ നായരുമായി ചേര്‍ന്ന് നവധാര എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തിയിരുന്നു. രാജ് ഭവനില്‍ പി ആര്‍ ഒയുമായിരുന്നു. സിക്കന്ദര്‍ ഭക്ത് മുതല്‍ പി.സദാശിവം വരെ വിവിധ കേരള ഗവര്‍ണര്‍മാരുടെ പി.ആര്‍.ഒ. ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. '

ഈടും ഭംഗിയുമാണ് ഹാന്റക്സിന്റെ ഊടും പാവും' എന്ന പരസ്യവാചകം ഹാന്റക്സിനു വേണ്ടി എഴുതിയതു ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു. ചലച്ചിത്ര നടന്‍ ജനാര്‍ദ്ദനന്റെ സിനിമാ പ്രവേശത്തിനു വഴിതുറന്നതും അദ്ദേഹമായിരുന്നു. ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ കോമേഴ്സിന് ജനാര്‍ദ്ദനന്‍ പിഠിക്കുമ്പോഴായിരുന്നു അധ്യാപകനായ ശ്രീവരാഹം ഇടപെടല്‍ നടത്തിയത്. 1968ല്‍ ജനാര്‍ദ്ദനനെ നാടകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത് ഈ അധ്യാപകനായിരുന്നു. അന്തരിച്ച കവി നീലംപേരൂര്‍ മധുസൂദനന്‍ നായരുമായി ചേര്‍ന്ന് തത്തമ്മ എന്ന കുട്ടികളുടെ മാസികയും പ്രസിദ്ധീകരിച്ചു.

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പി.എസ്.രാധ. മക്കള്‍: ശ്യാംകൃഷ്ണ (പത്രപ്രവര്‍ത്തകന്‍), സൗമ്യകൃഷ്ണ (അധ്യാപിക, അബുദാബി). മരുമകന്‍: ശ്യാംകുമാര്‍ (അബുദാബി). നടനും നാടകകൃത്തുമായിരുന്ന അന്തരിച്ച പി. ബാലചന്ദ്രന്‍ ഭാര്യാസഹോദരനാണ്. മൃതശരീരം ബുധനാഴ്ച രാവിലെ 10-ന് വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് 3.30-ന് തൈക്കാട് ശാന്തികവാടത്തില്‍.
 

writer sreevaraham balakrishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES