ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റെവും അധികം ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് ചൈത്ര തെരേസ ജോണ്‍ എന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികളെ തേടി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഡിസിപി ചൈത്ര യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം റെയ്ഡ് നടത്തിയതോടെയാണ് ഈ ഐപിഎസുകാരി വാര്‍ത്തയില്‍ ഇടം നേടിയത്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസില്‍ റെഡിഡ് നടത്തിയ ചൈത്രയുടെ കഥ കേട്ടവര്‍ എല്ലാം തന്നെ ചൈത്ര ഒരു പുലിക്കുട്ടിയാണെന്ന് ഒറ്റ സ്വരത്തില്‍ പറയുന്നുണ്ട്. ഇത് വെറും വിശേഷണം മാത്രമല്ല ചൈത്രയുടെയും അച്ഛന്റെയും കഥ കേട്ടാല്‍ പുലിക്ക് പിറന്ന പുലിക്കുട്ടി തന്നെയാണ് ചൈത്ര എന്ന് മനസിലാകും. ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ചൈത്രയുടെ സര്‍വ്വീസ് കഥ എന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ആരാണ് ചൈത്ര തെരേസ ജോണ്‍ എന്ന് അറിഞ്ഞാല്‍ സിപിഎം ജില്ലാ ഓഫീസ് റെയ്ഡൊന്നും ഒന്നുമില്ലെന്ന് നമുക്ക് വ്യക്തമാകും. അധോലോകത്തെ സ്വര്‍ണക്കടത്തുകാരെ പോലും കൂസാത്ത അച്ഛന്റെ ധീരയായ മകളാണ് ചൈത്ര. 1983 ഐ.ആര്‍.എസ് ബാച്ചുകാരനായ ഡോ.ജോണ്‍ ജോസഫിന്റെ മകളാണ് ചൈത്ര തെരേസ ജോണ്‍. ഡി.ആര്‍.ഐയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ജോസഫ് ഒരുകാലത്ത് സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്നു. മലബാര്‍ കേന്ദ്രീകരിച്ചു സ്വര്‍ണക്കടത്ത് നടത്തുന്ന നിരവധി പേരെ പിടികൂടിയ വ്യക്തിയാണ് അദ്ദേഹം. നിലവില്‍ ഡല്‍ഹി സ്പെഷല്‍ സെക്രട്ടറി, ബജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുക്കുന്ന അദ്ദേഹം ഡി.ആര്‍.ഐയുടെ രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവിന്റെ പാതയില്‍ സിവില്‍ സര്‍വീസ് ആഗ്രഹിച്ചു കൊണ്ടാണ് ചൈത്ര ഈ മേഖലയിലേക്ക് കടന്നുവന്നത്.
മകളെ കരുത്തയാക്കി തന്നെയാണ് ജോണ്‍ ജോസഫ് വളര്‍ത്തിയത്. കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂള്‍ പഠനം. കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടിയിട്ടുണ്ട് ചൈത്ര. 2016 ഐ.പി.എസ്. ബാച്ചുകാരിയാണ് അവര്‍. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ സുഖമായി ഇരിക്കാമായിരുന്നിട്ടും വീണ്ടു പരിശ്രമിച്ചാണ് അവര്‍ സര്‍വീസിലേക്ക് എത്തിയത്. ഐപിഎസ് ലക്ഷ്യം കണ്ട് അഞ്ചുവട്ടം സിവില്‍ സര്‍വീസ് പരീക്ഷയും മൂന്നു തവണ അഭിമുഖവും കടന്നാണ് ചൈത്ര സര്‍വ്വീസിലെത്തിയത്. സിവില്‍ സര്‍വീസില്‍ 111 ആയിരുന്നു റാങ്ക്. ഐ.പി.എസ്. ലിസ്റ്റില്‍ ഒന്നാമതും.
വയനാട്ടിലെ ട്രയിനിങ്ങ് കഴിഞ്ഞ് ദീര്‍ഘകാലം തലശേരിയില്‍ ചൈത്ര ജോലി ചെയ്തു. നിലവില്‍ വുമണ്‍ സെല്‍ എസ്പിയായ അവര്‍ അവിവാഹിതയാണ്. ആരോടും കോംപ്രമൈസ് ചെയ്യുന്ന പ്രകൃതക്കാരില്ല തെരേസ. കോട്ടത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ ചുമതല വഹിക്കവേ മനോരമക്കാരനെയും വിറപ്പിച്ചിരുന്നു അവര്‍. മദ്യപിച്ചു വാഹനം ഓടിച്ച മലയാള മനോരമയുടെ ഉന്നത ഉദ്യോഗസ്ഥനെതിരെ കേസെടുത്തതിന്റെ പേരില്‍ ചൈത്രയ്‌ക്കെതിരെ മേലുദ്യോഗസ്ഥര്‍ പടവാളെടുത്തു. ചൈത്രയുടെ പേഴ്‌സണല്‍ സ്റ്റുഫുകള്‍ക്കെതിരെ നടപടിയുണ്ടായപ്പോള്‍ ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെയല്ല, തനിക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നു ചൈത്ര ജില്ലാ പൊലീസ് മേധാവിയോടു പൊട്ടിത്തെറിച്ചിരുന്നു. അന്ന് കാണിച്ച അതേധൈര്യമാണ് ഇപ്പോള്‍ ചൈത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡിന് എത്തിയപ്പോള്‍ ചൈത്ര കാണിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ ചിലര്‍ സിപിഎം ജില്ലാകമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസിപി പാര്‍ട്ടി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡിനെത്തിയത്. കീഴുദ്യോഗസ്ഥരില്‍ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഡിസിപി ചൈത്ര തെരേസ ജോണ്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ സഹപ്രവര്‍ത്തകരും ഒപ്പം ചേരുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ എസ്പിക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാനേതൃത്വം ഭരണനേതൃത്വത്തേയും പാര്‍ട്ടിനേതൃത്വത്തേയും സമീപിച്ചിരുന്നു. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്കു മടക്കിയത്. കേസ് ഒതുക്കാന്‍ നടന്ന എല്ലാ കളികളെയും ചൈത്ര എതിര്‍ത്തിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ മിടുക്കിയെ പിണറായി സര്‍ക്കാര്‍ ഒതുക്കാന്‍ ശ്രമിക്കുന്നതും. എന്തായാലും സൈബര്‍ ലോകത്തിന്റെ താരമായി മാറിയിരിക്കയാണ് ചൈത്ര തെരേസ ജോണ്‍. യഥാര്‍ഥ ദീപ്തി ഐപിഎസ് എന്ന പട്ടമാണ് ആരാധകര്‍ ചൈത്രയ്ക്ക് നല്‍കുന്നത്.