2018ലെ പ്രളയ കാലത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ നടന്‍ ഇന്ദ്രജിത്തിന്റേയും ഭാര്യയും നടിയുമായ പൂര്‍ണിമയുടേയും നേതൃത്വത്തില്‍ രൂപംകൊണ്ട കൂട്ടായ്മയാണ് അന്‍പോട് കൊച്ചി. കൊച്ചി ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ഇരുവരും നേതൃത്വത്തിലുള്ള ഈ കൂട്ടായ്മ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാന്‍ ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് കേരളമെമ്പാടും അതുപോലൊരു പരിപാടിയ്ക്ക് തുടക്കമിട്ടത്. ഇപ്പോഴിതാ, കേരളം കണ്ട ഏറ്റവും വലിയ ഈ ദുരന്തകാലത്ത് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടേയും അസാന്നിധ്യത്തിലും സഹായ ഹസ്തങ്ങളുമായി അന്‍പോടു കൊച്ചി പ്രവര്‍ത്തിക്കുകയാണ്.
കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അന്‍പതോളം പേര്‍ ചേര്‍ന്ന ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണിമയും ഇന്ദ്രജിത്തും ഇല്ലാത്തതിന്റെ കുറവുണ്ടെങ്കിലും കൂട്ടായ്മയുടെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഞാന്‍ ഇല്ലാത്ത ഞങ്ങള്‍ എന്ന ഹാഷ്ടാഗോടെയാണ് ഇന്ദ്രജിത്ത് അന്‍പോടു കൊച്ചി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അതേസമയം, വയനാട്ടിലെ ദുരന്തമുഖത്ത് ആശ്വാസവുമായി സിനിമാ താരങ്ങളെല്ലാം തന്നെ രംഗത്തുണ്ട്. മലയാള സിനിമാ മേഖലയില്‍ നിന്ന് നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, പേര്‍ളി മാണി, ശ്രീനിഷ് എന്നിവരെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കി കഴിഞ്ഞു.
മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 35 ലക്ഷം രൂപയാണ് കൈമാറിയത്. മമ്മൂട്ടി കെയര്‍ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ 15 ലക്ഷം രൂപയുമാണ് നല്‍കിയത്. ആവശ്യമുണ്ടെങ്കിലും ഇനിയും നല്‍കാന്‍ തയ്യാറാണെന്നും മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. അതേസമയം, ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്ന നിര്‍മാണക്കമ്പനി 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പേര്‍ളിയും ശ്രീനിഷും ചേര്‍ന്ന് അഞ്ചു ലക്ഷം രൂപയുമാണ് നല്‍കിയത്.
പണം നല്‍കി മാത്രമല്ല, സന്നദ്ധ സേവകരായും ചെറുതും വലുതുമായ നിരവധി താരങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് രംഗത്തു പ്രവര്‍ത്തിക്കുന്നത്. നടി നിഖിലാ വിമല്‍ തളിപ്പറമ്പിലെ കളക്ഷന്‍ പോയിന്റില്‍ പാതിരാത്രിയും പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. 306 കിലോ അരിയും അന്‍പതു കിലോ ഉപ്പുമാണ് ബിഗ്‌ബോസ് താരം അഭിഷേക് ശ്രീകുമാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള കളക്ഷന്‍ പോയിന്റിലേക്ക് എത്തിച്ചത്. അതുപോലെ നിരവധി പേരാണ് നടന്‍ ടൊവിനോ തോമസും ബേസില്‍ ജോസഫും സീരിയല്‍ നടന്‍ സനല്‍ കൃഷ്ണയും അടക്കമുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി പ്രവര്‍ത്തിക്കുന്നത്.
അന്യഭാഷാ താരങ്ങളും വയനാടിന് സഹായഹസ്തം നീട്ടി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ് നടന്മാരായ വിക്രം, സൂര്യ, ജ്യോതിക, കാര്‍ത്തി, രശ്മിക മന്ദാന എന്നിവരും വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയിരുന്നു. വിക്രം 20 ലക്ഷം രൂപയും സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയുമാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടമായവരും സര്‍വ്വ സമ്പാദ്യങ്ങളും ഒലിച്ചു പോയവരുമെല്ലാം അതിജീവനത്തിന്റെ പാതയിലാണ്. ഒരായുഷ്‌കാലത്തിന്റെ സമ്പാദ്യവും പ്രിയപ്പെട്ടവരെയുമെല്ലാം ഒരു രാത്രി പുലര്‍ന്നപ്പോഴേക്കും നഷ്ടപ്പെട്ട് അനാഥരായി തീര്‍ന്ന മനുഷ്യരുടെ ഉള്ളുപൊള്ളിക്കുന്ന കഥകളാണ് വയനാട്ടില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത് സൈന്യവും നേവിയും പൊലീസും ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം സജീവമായി ദുരന്തമുഖത്ത് രക്ഷാദൗത്യവുമായി മുന്നോട്ടുപോവുകയാണ്. ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിന് സഹായഹസ്തവുമായി സിനിമാരംഗത്തു നിന്നും നിരവധിപേര്‍ രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്.