'ഒരു ദശാബ്ദത്തിന് ഇപ്പുറം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി; ടൊവിനോയും ജോണ്‍പോളും ചേതനും വീണ്ടുമൊന്നിക്കുന്നു; ടീം 'ഗപ്പി' വീണ്ടും

Malayalilife
 'ഒരു ദശാബ്ദത്തിന് ഇപ്പുറം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി; ടൊവിനോയും ജോണ്‍പോളും ചേതനും വീണ്ടുമൊന്നിക്കുന്നു; ടീം 'ഗപ്പി' വീണ്ടും

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ 'ഗപ്പി'യുടെ പത്താം വാര്‍ഷിക ദിനത്തില്‍ മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. നായകനടന്‍ ടൊവിനോ തോമസും സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജും കൈകോര്‍ക്കുന്ന പുതിയ പുതിയ ചിത്രത്തിന് സൂചന കുറിച്ചുകൊണ്ടുള്ള ചിത്രം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

ഇരുവരുടെയും കരിയറിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനകളുണ്ട്. ഇരുവര്‍ക്കുമൊപ്പം ചേതന്‍ ജയലാലും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

'ഗപ്പി' എന്ന ചിത്രം റിലീസ് ചെയ്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍, അന്നത്തെ അവിസ്മരണീയമായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് ഉയര്‍ത്തിയിരിക്കുന്നത്. ചിത്രത്തില്‍ തേജസ് വര്‍ക്കി എന്ന എഞ്ചിനീയറെ അവതരിപ്പിച്ചു കൊണ്ട് ടൊവിനോ തോമസ് തന്റെ കരിയറില്‍ വഴിതിരിവ് ഉണ്ടാക്കിയപ്പോള്‍, മലയാളത്തിലെ ഏറ്റവും മികച്ച സ്വപ്നതുല്യമായ നവാഗത സംവിധാനത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജോണ്‍പോള്‍ ജോര്‍ജ്.

മലയാള സിനിമയുടെ പാന്‍-ഇന്ത്യന്‍ താരപ്രതിഭയായി വളര്‍ന്ന ടൊവിനോ തോമസ്, ഗപ്പിക്ക് ശേഷം ഒട്ടേറെ അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ തന്റെ കരിയര്‍ പുതിയ ഉയരങ്ങളിലെത്തിച്ചു. 'എന്ന് നിന്റെ മൊയ്തീന്‍', 'തീവണ്ടി', 'ഗോദ', 'മായാനദി', 'മിന്നല്‍ മുരളി', '2018', 'അജയന്റെ രണ്ടാം മോഷണം' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത സൂപ്പര്‍ താരമാണിന്ന് ടൊവിനോ തോമസ്.

മറുവശത്ത്, 'ഗപ്പി'ക്ക് ശേഷം സംവിധാനത്തിലും നിര്‍മ്മാണത്തിലും ഒരുപോലെ തിളങ്ങിയ ജോണ്‍പോള്‍ ജോര്‍ജ് മലയാള സിനിമയില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു. അദ്ദേഹം സംവിധാനം ചെയ്ത 'അമ്പിളി' എന്ന ചിത്രവും ഏറെ പ്രശംസ നേടിയെടുത്തിരുന്നു. കൂടാതെ മലയാളത്തിലെ വലിയ ബോക്‌സ് ഓഫീസ് വിജയമായ 'രോമാഞ്ചം' ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവെന്ന നിലയിലും ജോണ്‍പോള്‍ ജോര്‍ജ് ശ്രദ്ധേയമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.

പത്താം വാര്‍ഷികത്തിന്റെ തിളക്കത്തില്‍ ഈ ടീം വീണ്ടുമൊന്നിക്കുമ്പോള്‍, മലയാള സിനിമാ വ്യവസായം ഇന്നോളം കാണാത്ത വലിയൊരു ദൃശ്യവിരുന്നും സമ്മാനിക്കാന്‍ ഈ പുതിയ ചിത്രത്തിലൂടെ സാധ്യമാകും എന്നാണ് സിനിമാലോകത്തിന്റെ പ്രതീക്ഷ. ചിത്രത്തിന്റെ മറ്റു താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗികമായി പുറത്തുവിടും. വാര്‍ത്താ പ്രചരണം: ഹെയിന്‍സ്
 

Read more topics: # ഗപ്പി
duppy team agian

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES