സൂരിയുടെ പുതിയ ചിത്രത്തിന് ആശംസകള്‍ അറിയിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പഴയ വിവാദങ്ങള്‍ ചര്‍ച്ചയായതോടെ കടുത്ത ഭാഷയില്‍ താരം പ്രതികരിച്ച് തമിഴ് താരം വിഷ്ണു വിശാല്‍. സൂരിയുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സാമ്പത്തിക തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും 2024-ല്‍ത്തന്നെ പൂര്‍ണമായി പരിഹരിച്ച് മുന്നോട്ട് പോയതാണെന്ന് താരം വ്യക്തമാക്കി. അനാവശ്യ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് എല്ലാവരും മുന്നോട്ട് പോകണമെന്ന് വിഷ്ണു വിശാല്‍ ഇന്‍സ്റ്റഗ്രാമിലൂടെയും 'എക്‌സ്' പ്ലാറ്റ്ഫോമിലൂടെയും അഭ്യര്‍ഥിച്ചു.
2024 ഏപ്രിലില്‍ ഇരുവരും തമ്മിലുള്ള അകല്‍ച്ച അവസാനിപ്പിച്ച് ഒന്നിച്ച് എടുത്ത ചിത്രവും അന്നത്തെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ''ഈ അസംബന്ധങ്ങള്‍ ഇനി അവസാനിപ്പിക്കൂ. ഞങ്ങള്‍ ഞങ്ങളുടെ തെറ്റിദ്ധാരണകളെല്ലാം 2024-ല്‍ തന്നെ കുഴിച്ചുമൂടിയതാണ്. അതില്‍ നിന്നെല്ലാം മാറി ഞങ്ങള്‍ കൂടുതല്‍ പാകത കൈവരിക്കുകയും ഇപ്പോള്‍ പരസ്പരം നല്ലത് മാത്രം ആശംസിക്കുകയും ചെയ്യുന്നു. ഈ ആശയക്കുഴപ്പങ്ങള്‍ക്കെല്ലാം കാരണം ഇടയില്‍ നിന്ന മൂന്നാമതൊരാള്‍ ആയിരുന്നു. നിങ്ങളും ഇനി ഇതൊക്കെ വിട്ട് മുന്നോട്ട് പോകേണ്ട സമയമായി... നന്ദി'' എന്ന് വിഷ്ണു വിശാല്‍ കുറിച്ചു.
തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായിരുന്നു വിഷ്ണു വിശാലും സൂരിയും. 'വെണ്ണില കബഡി കുഴു', 'വേലയിന്നു വന്തുട്ടാ വെള്ളക്കാരന്‍', 'കഥാനായകന്‍' തുടങ്ങിയ ചിത്രങ്ങളിലെ ഇവരുടെ കോമ്പോ തിയേറ്ററുകളില്‍ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാല്‍ 2020-ല്‍ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് 2.7 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്ന് ആരോപിച്ച് വിഷ്ണു വിശാലിന്റെ പിതാവും മുന്‍ ഡി.ജി.പിയുമായ രമേശ് കുദ്വാലയ്‌ക്കെതിരെ സൂരി നിയമനടപടി സ്വീകരിച്ചതോടെയാണ് ഇരുവരുടെയും വ്യക്തിബന്ധത്തില്‍ വലിയ വിള്ളലുണ്ടായത്. വര്‍ഷങ്ങള്‍ നീണ്ട അകല്‍ച്ചയ്ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം 2024 ഏപ്രിലില്‍ രണ്ടുപേരും നേരിട്ട് സംസാരിക്കുകയും പ്രശ്‌നങ്ങള്‍ സൗഹാര്‍ദ്ദപരമായി പരിഹരിക്കുകയുമാണുണ്ടായത്.
തുടര്‍ന്ന് വിഷ്ണു വിശാലിന്റെ പിതാവിനൊപ്പം മൂവരും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് 'സമയമാണ് എല്ലാത്തിനും ഉത്തരം' എന്ന് വിഷ്ണു വിശാല്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായി 'നടക്കുന്നതെല്ലാം നല്ലതിന്, നന്ദി' എന്ന് സൂരിയും പങ്കുവെച്ചതോടെ അന്നേ ആ തര്‍ക്കങ്ങള്‍ക്ക് അവസാനമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പഴയ വിവാദങ്ങളുടെ പേരില്‍ വീണ്ടും തങ്ങളെ കോര്‍ത്തിണക്കി വാര്‍ത്തകള്‍ വരുന്നതിനോടുള്ള അമര്‍ഷമാണ് വിഷ്ണു വിശാല്‍ തന്റെ പുതിയ പോസ്റ്റിലൂടെ തുറന്നുകാട്ടിയിരിക്കുന്നത്.