വിജയ് ചിത്രം ദ ഗ്രേറ്റസ്റ്റ് ഒഫ് ഓള്‍ ടൈം (ഗോട്ട്) എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിന് തിരുവനന്തപുരം ലൊക്കേഷനാകാന്‍ സാദ്ധ്യത. സംവിധായകന്‍ വെങ്കട്ട് പ്രഭുവും സംഘവും ലൊക്കേഷന്‍ തേടി തലസ്ഥാനത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഗീന്‍ഫീല്‍ഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ലൊക്കേഷനുകള്‍. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടുമെന്നും വിവരമുണ്ട്.
പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന യോഗം അടുത്ത ദിവസം ചേരുന്നതിനാല്‍ വിജയ് അതിന്റെ തിരക്കിലാണ്. വിജയ് യും വെങ്കട് പ്രഭവും ചേര്‍ന്ന് ലൊക്കേഷന്‍ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. വിദേശത്താണ് ഗോട്ടിന്റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ക്ലൈമാക്‌സ് രംഗങ്ങള്‍ ശ്രീലങ്കയില്‍ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്.
ഗ്രീന്‍ ഫീല്‍ഡ്തി സ്റ്റേഡിയത്തിന്രു പുറമെ തിരുവനന്തപുരം വിമാനത്താവളവും ലൊക്കേഷനായി കണ്ടിട്ടുണ്ട്. 15 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്യുന്നത്. ലൊക്കേഷന്‍ കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്ന് വിജയ് വൃത്തങ്ങള്‍ വ്യക്തമാക്കി.വിജയ് ചിത്രം മുന്‍പും കേരളത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.
വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രമായാണ് ഗോട്ട് ഒരുങ്ങുന്നത്. 69-ാമത്തെ ചിത്രത്തോടെ വിജയ് അഭിനയ രംഗം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ആരാധകരെ അറിയിച്ചിട്ടുണ്ട്. ഗോട്ടില്‍ വിജയ് രണ്ടു ലുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ക്ലീന്‍ ഷേവിലുള്ള ചിത്രം ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്. നടന്‍ പ്രശാന്തിന്റെ തിരിച്ചുവരവു കൂടിയാണ് ഗോട്ട്. പ്രഭുദേവ, ജയറാം, അജ്മല്‍, സ്‌നേഹ, ലൈല തുടങ്ങി നീണ്ടതാരനിരയുണ്ട്. മീനാക്ഷി ചൗധരി ആണ് നായിക. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം ഒരുക്കുന്നു. വിജയ് യും വെങ്കട് പ്രഭുവും ആദ്യമായാണ് ഒരുമിക്കുന്നത്.