പ്രണയദിനത്തെ വരവേല്ക്കാനൊരുങ്ങുകയാണ് ലോകമെങ്ങും. ഇതിനൊപ്പം പ്രണയദിനത്തെ സിനിമാ ലോകവും പ്രണയചിത്രങ്ങള്‍ കൊണ്ട് സ്വീകരിക്കാനൊരുങ്ങുകയാണ്.28 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ നായകനായ 'സ്ഫടികം' റീ റിലീസ് ചെയ്തതിന് പിന്നാലെ മകനും താരവുമായ പ്രണവ് മോഹന്‍ലാല്‍ നായകനായ സിനിമയും റീ റിലീസിന് ഒരുങ്ങുന്നു. വിനീത് ശ്രീനിവാസന്‍ നായകനായ 'ഹൃദയം' ആണ് പ്രണയ ദിനത്തിന്റെ പശ്ചാത്തലത്തില്‍ റീ റിലീസിന് തയ്യാറെടുക്കുന്നത്.
ചിത്രം ഫെബ്രുവരി 10 മുതല്‍ ഒരാഴ്ച തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. തെരഞ്ഞെടുത്ത തിയറ്ററുകളില്‍ മാത്രമായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. കൊച്ചി പി.വി.ആറില്‍ മാത്രമാണ് സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചെന്നൈ, ബെംഗളൂരൂ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും ദര്‍ശന രാജേന്ദ്രനേയും പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം 2022 ജനുവരി 21നാണ് റിലീസ് ചെയ്തത്.
കോളേജ് നൊസ്റ്റാള്‍ജിയയും പ്രണയവും പ്രണയ നഷ്ടവും പറഞ്ഞ സിനിമ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജു വര്‍ഗ്ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത 'പ്രേമവും' പ്രണയ ദിനത്തിന്റെ പശ്ചാത്തലത്തില്‍ റീ റിലീസിനൊരുങ്ങുന്നുണ്ട്. നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 2015 മെയ് 18നാണ് റിലീസ് ചെയ്തിരുന്നത്.
അന്‍വര്‍ റഷീദ് നിര്‍മിച്ച ചിത്രം മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. തമിഴില്‍ ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായ', 'മിന്നലേ' എന്നീ ചിത്രങ്ങളും റീ റിലീസ് ചെയ്യുന്നുണ്ട്. ബോളിവുഡില്‍ ഷാരൂഖ് ഖാന്‍-കജോള്‍ താര ജോഡി തകര്‍ത്തഭിനയിച്ച 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ', റണ്‍ബീര്‍ കപ്പൂര്‍, ദീപിക പദുക്കോണ്‍ താരജോഡികള്‍ അഭിനയിച്ച 'തമാശ' ഇംഗ്ലീഷില്‍ നിന്ന് ടൈറ്റാനിക്കും എന്നീ ചിത്രങ്ങളും റീ റിലീസ് ചെയ്യുന്നുണ്ട്.
കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാകും ഹൃദയം റീ റിലീസ് ചെയ്യുക.