മികച്ച കഥാപാത്രങ്ങളിലൂടെയും ജീവിതഗന്ധിയായ കഥപറച്ചിലിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന സിനിമയാണ് 2012 ല്‍ ഇറങ്ങിയ ഉസ്താദ് ഹോട്ടല്‍. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും ഉസ്താദ് ഹോട്ടലിനെ വിശേഷിപ്പിക്കാറ്. നടന്‍ തിലകനും മികച്ച പ്രകടനമായിരുന്നു സിനിമയില്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ജനുവരി മൂന്നിന് കേരളത്തിലെ പിവിആര്‍ ഐനോക്‌സ് സ്‌ക്രീനുകളില്‍ ചിത്രം റീ റിലീസ് ചെയ്യും. പിവിആര്‍ ഐനോക്‌സിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അവര്‍ ഈ വാര്‍ത്ത പങ്കുവെച്ചത്. റിലീസ് ചെയ്ത് 12 വര്‍ഷത്തിന് ശേഷമാണ് ഉസ്താദ് ഹോട്ടല്‍ വീണ്ടും തിയേറ്ററിലേക്ക് എത്തുന്നത്. അഞ്ജലി മേനോന്‍ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് അന്‍വര്‍ റഷീദ് ആയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു ചിത്രം നിര്‍മിച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍, തിലകന്‍ എന്നിവരെ കൂടാതെ നിത്യ മേനന്‍, മാമുക്കോയ, ലെന, സിദ്ധിഖ്, ജയപ്രകാശ്, മണിയന്‍ പിള്ള രാജു എന്നിവരായിരുന്നു സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ലോഗനാഥന്‍ ശ്രീനിവാസന്‍ ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയുടെ എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍ ആയിരുന്നു കൈകാര്യം ചെയ്തത്. ഗോപി സുന്ദര്‍ ആയിരുന്നു സിനിമക്കായി സംഗീതം നല്‍കിയത്. സിനിമയിലെ ഗാനങ്ങള്‍ ഒക്കെ ഇന്നും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തവയാണ്.