ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലി പ്രസിദ്ധമാക്കിയ റെഗ്ഗെ സംഗീതത്തെ യുനെസ്‌കോ ആഗോള സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ജമൈക്കന്‍ സംഗീതജ്ഞനായ മാര്‍ലിയെ ലോക പ്രശസ്തമാക്കിയ റെഗ്ഗെ, ജമൈക്കയുടെ പിന്തുണയോടെയാണ് യുനെസ്‌കോ പൈതൃക പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയത്. ബഹാമിയന്‍ സ്‌ട്രോ ക്രാഫ്റ്റ്, സൗത്ത് കൊറിയന്‍ റെസ്ലിംഗ്, ഐറിഷ് പെര്‍ഫ്യൂം നിര്‍മ്മാണ് എന്നിവയുമായി മത്സരിച്ചാണ് റെഗ്ഗെ പട്ടികയില്‍ ഇടംപിടിച്ചത്.
അനീതി, പ്രതിരോധം, പ്രണയം, മാനവികത, തുടങ്ങിയ വിഷയങ്ങളെ അന്താരാഷ്ട്ര സംവാദങ്ങളിലേക്ക് നയിച്ചതില്‍ ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതത്തിന് വലിയ പങ്കുണ്ടെന്ന് യുനെസ്‌കോ പറഞ്ഞു. 1960 കളില്‍ ജമൈക്കയില്‍ തുടക്കമിട്ട റെഗ്ഗെ സംഗീതം പിന്നീട് അമേരിക്കയിലും ബ്രിട്ടനിലും പ്രസിദ്ധമായി. രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്ന് ജമൈക്കയില്‍നിന്ന് കുടിയേറി പാര്‍ത്തവര്‍ ഇതിന് ആക്കം കൂട്ടി.
ജമൈക്കയില്‍നിന്ന് ഉരുത്തിരിഞ്ഞ റെഗ്ഗെ സംഗീതം 1960 കളില്‍ ലോകത്തിന് മുന്നിലെത്തിച്ചത് ബോബ് മാര്‍ലിയായിരുന്നു. അക്കാലത്ത് ജമൈക്ക നേരിട്ട അനീതിയുടെയും പ്രതിരോധത്തിന്റെയും മുഖമായിരുന്നു റെഗ്ഗെ സംഗീതം. റെഗ്ഗെയെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഈ വര്‍ഷം മൗറീഷ്യസില്‍ നടന്ന യുഎന്‍ ഏജന്‍സിയുടെ യോഗത്തില്‍ ജമൈക്ക ആവശ്യപ്പെട്ടിരുന്നു. 40 അഭ്യര്‍ത്ഥനകതളാണ് സംഘടനയുടെ പരിഗണനയിലുണ്ടായിരുന്നത്.