സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് സിനിമാ അഭിനയത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണ് ടി പി മാധവന്‍ എന്ന നടന്‍. അഭിനയ മോഹങ്ങള്‍ തീര്‍ന്നപ്പോള്‍ ഹിമാലയത്തിലോ കാശിയിലോ തന്റെ ജീവിതം അവസാനിക്കുമെന്ന് കരുതി യാത്ര തിരിച്ച മാധവന്‍ അപ്രതീക്ഷിതമായാണ് മരണത്തിന്റെ വക്കില്‍ നിന്നും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അപ്പോഴും അദ്ദേഹം വേണ്ടെന്നു വച്ച കുടുംബജീവിതം അദ്ദേഹത്തിന് തിരികെ ലഭിച്ചില്ല. അപ്പോഴേക്കും മകനും മകളും ഭാര്യയും ഒക്കെ അദ്ദേഹത്തില്‍ നിന്ന് ഏറെ അകന്നിരുന്നു. നടന്റെ മകന്‍ ബോളിവുഡിലെ പ്രശസ്ത സംവിധായകനായി മാറിയ കഥകളും അദ്ദേഹത്തിന്റെ ചിത്രവും എല്ലാം സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കിലും മകളെ കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഇപ്പോളിതാ അച്ഛനെ അവസാനമായി കാണാന്‍ പൊതുദര്‍ശന വേദിയിലെത്തിയിരിക്കുകയാണ് മകളും മകനും. മകന്‍ രാജ കൃഷ്ണ മേനോനും മകള്‍ ദേവികയുമാണ് അച്ഛന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വര്‍ഷങ്ങളായി അച്ഛനില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാം?ഗങ്ങളും. തിരുവനന്തപുരത്തെ പൊതുദര്‍ശന വേദിയിലേക്കാണ് ഇവരെത്തിയത്. ടി.പി. മാധവന്റെ സഹോദരങ്ങളും വേദിയിലെത്തിയിട്ടുണ്ട്.
ഏകദേശം മുപ്പത് വര്‍ഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു അദ്ദേഹം. മൂത്ത മകന് രണ്ടര വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുടംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്കു തിരിയുന്നത്. ഒരു മകനും മകളുമാണ് മാധവന്. ടി.പി.മാധവന്റെ മകന്‍ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ്, സെയ്ഫ് അലിഖാന്റെ ഷെഫ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രാജകൃഷ്ണ മേനോന്‍.
അച്ഛന്‍ പ്രശസ്ത നടനായിട്ടും അറിയപ്പെടുന്ന കലാകാരനായിട്ടും അമ്മയുടെ പേരില്‍ അറിയപ്പെടാനായിരുന്നു രണ്ടു മക്കളും ആഗ്രഹിച്ചത്. അതുകൊണ്ടു തന്നെയാണ് അമ്മയുടെ പേരായ ഗിരിജാ മേനോനിലെ മേനോന്‍ തങ്ങളുടെ പേരിനൊപ്പം രണ്ടു മക്കളും ചേര്‍ന്നത്. വിവാഹം കഴിയുന്ന കാലം വരെ ദേവികാ മേനോന്‍ എന്നായിരുന്നു മാധവന്റെ മകളുടെ പേര്. എന്നാല്‍ ബാംഗ്ലൂര്‍ സ്വദേശിയായ നിരഞ്ജന്‍ റാവു എന്ന വ്യക്തിയെ ദേവിക കല്യാണം കഴിച്ചതോടെ ദേവികാ റാവു എന്ന പേരിലേക്ക് മാറുകയായിരുന്നു മാധവന്റെ മകള്‍.
ഇപ്പോള്‍ ചെന്നൈയിലാണ് കുടുംബം സെറ്റില്‍ ചെയ്തിരിക്കുന്നത്. മാധവന്റെ ഭാര്യയായിരുന്ന ഗിരിജ ഇപ്പോള്‍ മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. തൃശൂരിലെ വലിയ ബിസിനസ് കുടുംബത്തിലെ പെണ്ണായിരുന്നു ഗിരിജ. വീട്ടുകാര്‍ ആലോചിച്ചായിരുന്നു മാധവന്റെ അച്ഛന്‍ എന്‍. പി. പിള്ള വഴി ഗിരിജാ മേനോന്റെ വിവാഹാലോചന എത്തിയത്. അങ്ങനെ പെണ്ണു കാണാന്‍ പോയി. അങ്ങനെ വിവാഹം ഉറപ്പിച്ചു. ആദ്യകാലത്തൊന്നും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ വലിയ ബിസിനസ് സാമ്രാജ്യം ഏറ്റെടുത്ത് നടത്തിയത് ഗിരിജയായിരുന്നു. അന്ന് യൂണിയന്‍ ലീഡേഴ്‌സായ കരുണാകരനും വിഎസ് അച്യുതാനന്ദനും ഒക്കെയായി സ്ഥിരം മീറ്റിംഗുകളും മറ്റുമായി ഗിരിജ നല്ല തിരക്കിലായിരുന്നു. മാധവന്‍ സിനിമയിലും.
പിന്നാലെ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങി. ഒരിക്കല്‍ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മാധവന്‍ കണ്ടത് മേശപ്പുറത്ത് കിടക്കുന്ന ഡിവോഴ്‌സ് നോട്ടീസാണ്. രണ്ടു മക്കളേയും ചേര്‍ത്തുപിടിച്ച് ഗിരിജ ഇറങ്ങിപ്പോവുകയായിരുന്നു. 40 വര്‍ഷത്തിലധികമായി ഇരുവരും വേര്‍പിരിഞ്ഞിട്ട്.