മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച നടനാണ് ടോവിനോ തോമസ് . എന്നാല്‍ ഇപ്പോള്‍ ടോവിനോ തോമസിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത് . മാനന്തവാടി മേരിമാതാ കോളേജില്‍ നടന്ന തന്റെ പ്രസംഗത്തിനിടെ സദസ്സിലിരുന്ന് കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച വിഷയവുമായി ബന്ധപ്പട്ട് ടോവിനോക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് കെ എസ് യു .കോളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും നോക്കി നില്‍ക്കെയാണ് സംഭവം അരങ്ങേറിയത് .ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചിരുന്നത് .
വേദിയില്‍ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ സദസ്സില്‍ നിന്നും ഒരു വിദ്യാര്‍ഥി കൂവി . ഈ വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ചുവരുത്തി മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു . ആദ്യം കൂവാന്‍ വിസ്സമതമറിയിച്ച കുട്ടിയെ സമ്മര്‍ദ്ദത്തിലൂടെയാണ് കൂവിപ്പിച്ചത് . എന്നാല്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുട്ടി ഒരു തവണ കൂവിയിരുന്നെങ്കിലും നാല് തവണ കൂവിപ്പിച്ചാണ് വിദ്യാര്‍ഥിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചിരുന്നത് .
വിദ്യാര്‍ത്ഥി കൂവിയതില്‍ അല്ല വിഷമം എന്നും താന്‍ പറഞ്ഞ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാത്തതിലാണ് വിഷമം തോന്നിയത് എന്നാണ് ടൊവിനോ വേദിയില്‍ വച്ച് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചത് . പൊതുജന മധ്യത്തിലും , മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് അപമാനിച്ചതുമായി ബന്ധപ്പെട്ടാണ് അധികാരികള്‍ക്ക് പരാതി നല്‍കുന്നത് എന്ന് കെഎസ്യു വ്യക്തമാക്കുകയും ചെയ്തു .