മലയാള സിനിമയിലെ 'ഹിറ്റ്' കൂട്ടുകെട്ടാണ് ടൊവിനോ തോമസും ബേസില്‍ ജോസഫും. ക്യാമറയ്ക്ക് മുന്നിലായാലും പിന്നിലായാലും ഇവരുടെ സൗഹൃദം മലയാളി പ്രേക്ഷകര്‍ക്ക് എന്നും ആഘോഷമാണ്. സിനിമയ്ക്കപ്പുറം തങ്ങള്‍ക്കിടയിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് ടൊവിനോ തോമസ് മനസ്സ് തുറക്കുന്നു. തനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാന്‍ പോലും ബേസില്‍ തയ്യാറാകുമെന്നാണ് ടൊവിനോ പറയുന്നത്.
സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ആത്മമിത്രത്തെക്കുറിച്ച് വാചാലനായത്. 'ലോകത്തിലെ ഏറ്റവും മികച്ച സുഹൃത്തുക്കളെയാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. എനിക്ക് നേരെ ഒരു വെടിയുണ്ട വന്നാല്‍ അവര്‍ അതിന് മുന്‍പിലേക്ക് ചാടി വീണ് എന്നെ രക്ഷിക്കും. സ്വന്തം ജീവനേക്കാള്‍ അവര്‍ എനിക്ക് വില നല്‍കുന്നുണ്ടെന്ന് എനിക്കുറപ്പാണ്,' ടൊവിനോ പറഞ്ഞു. സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്ത് ആരെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെയാണ് താരം ബേസിലിന്റെ പേര് പറഞ്ഞത്.
'ഞാനും ബേസിലും അടുത്ത സുഹൃത്തുക്കളാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് നൂറു ശതമാനം ശരിയുമാണ്. വലിയ സ്വപ്നങ്ങളുമായി സിനിമയിലെത്തിയ സാധാരണക്കാരാണ് ഞങ്ങള്‍ രണ്ടുപേരും. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് പരസ്പരം കാര്യങ്ങള്‍ എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കും. എനിക്ക് വേണ്ടി അവന്‍ വെടിയുണ്ട ഏറ്റുവാങ്ങും, തിരിച്ചും ഞാന്‍ അങ്ങനെ തന്നെ ചെയ്യും,' താരം കൂട്ടിച്ചേര്‍ത്തു.
പരസ്പരം തമാശകള്‍ വിശദീകരിക്കേണ്ടി വരാത്ത അത്രയും വലിയ കെമിസ്ട്രിയാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും ടൊവിനോ പറയുന്നു. 'എന്റെ മോശം തമാശകള്‍ പോലും അവന് മനസ്സിലാകും. തിരിച്ചും അങ്ങനെ തന്നെ. ഞങ്ങളുടെ ഇടയില്‍ നാടകീയമായ ചര്‍ച്ചകളുടെ ആവശ്യമില്ല. സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും ഞങ്ങള്‍ പരസ്പരം കളിയാക്കാറുണ്ട്. ഇടയ്ക്ക് മാത്രമേ ഗൗരവമായി മനസ്സ് തുറന്ന് സംസാരിക്കാറുള്ളൂ. പക്ഷേ പല കാര്യങ്ങളും പറയേണ്ടതില്ല, അത്രത്തോളം ഞങ്ങള്‍ക്ക് പരസ്പരം അറിയാം,' ടൊവിനോ പറഞ്ഞു.