തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ചര്‍ച്ച ചെയ്ത 'ലോക' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ, താനും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന പ്രചരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി നടന്‍ ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ തമിഴ്നാട് പ്രൊമോഷന്റെ ഭാഗമായി ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് താരം മനസ്സ് തുറന്നത്. ദുല്‍ഖറിനും താങ്കള്‍ക്കുമിടയില്‍ എന്താണ് പ്രശ്‌നം? എന്നായിരുന്നു ടൊവിനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.
ചോദ്യം കേട്ടയുടന്‍ അമ്പരന്ന ടൊവിനോ, പിന്നാലെ ഒരു പൊട്ടിച്ചിരിയോടെയാണ് മറുപടി തുടങ്ങിയത്. 'ദുല്‍ഖറിനെ ഞാന്‍ ഇപ്പോള്‍ ഫോണില്‍ വിളിക്കണോ?' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. വര്‍ഷങ്ങളായുള്ള തങ്ങളുടെ ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് ടൊവിനോ തോമസ് വാര്‍ത്താസമ്മേളനത്തില്‍ വാചാലനായി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'തീവ്രം' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് താന്‍ തന്റെ സിനിമാ ജീവിതം തുടങ്ങിയതെന്ന് ടൊവിനോ ഓര്‍മ്മിപ്പിച്ചു.
പിന്നീട് ദുല്‍ഖറിന്റെ തന്നെ 'എബിസിഡി' എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചതു മുതലുള്ള ബന്ധമാണിതെന്നും, അന്ന് മുതല്‍ ഇന്ന് വരെ ഏറ്റവും മാന്യമായാണ് ദുല്‍ഖര്‍ തന്നോട് പെരുമാറിയിട്ടുള്ളതെന്നും താരം പറഞ്ഞു. തന്റെ വലിയ സൗഹൃദവലയത്തെക്കുറിച്ച് സൂചിപ്പിക്കവെ, 'ലോക'യുടെ സംവിധായകന്‍ അരുണ്‍ ഡൊമിനിക്കിന്റെ ആദ്യ ചിത്രമായ 'തരംഗം' തനിക്കൊപ്പമായിരുന്നുവെന്നും കല്യാണി പ്രിയദര്‍ശനും നസ്ലെനുമെല്ലാം തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും, നസ്ലെന്‍ തനിക്ക് ഒരു സഹോദരനെപ്പോലെയാണെന്നും ടൊവിനോ വ്യക്തമാക്കി.
'ഞങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ വേണമെങ്കില്‍ കാണിച്ചുതരാം, അപ്പോള്‍ മനസ്സിലാകും ബന്ധത്തിന്റെ ആഴം. പുറത്തിരുന്ന് ഇത്തരം ഗോസിപ്പുകള്‍ കൊളുത്തിവിടുന്നത് എളുപ്പമാണ്. പക്ഷേ ഇതൊക്കെ കണ്ട് ഞങ്ങള്‍ ചിരിക്കാറാണ് പതിവ്.' ടൊവിനോ പറഞ്ഞു. 'ലോക'യുടെ പ്രൊമോഷന്‍ പരിപാടികളില്‍ ടൊവിനോയുടെ സാന്നിധ്യം കുറവാണെന്ന ചര്‍ച്ചകള്‍ക്കും താരം മറുപടി നല്‍കി.
സിനിമയുടെ ദുബായ് പ്രൊമോഷന് 'നീയും വാ' എന്ന് പറഞ്ഞ് തന്നെ വിളിച്ചത് ദുല്‍ഖര്‍ നേരിട്ടാണെന്നും മൂന്ന് ദിവസം അവിടെ ഒന്നിച്ച് ആഘോഷിച്ചാണ് മടങ്ങിയതെന്നും താരം വെളിപ്പെടുത്തി. ഇത്തരം കഥകള്‍ പടച്ചുവിടുന്നവര്‍ക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ലോക'യുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണെന്നും ആ ചിത്രം വരുമ്പോള്‍ തങ്ങളെല്ലാവരും ഒന്നിച്ച് വാര്‍ത്താസമ്മേളനത്തിന് എത്തുമെന്നും പറഞ്ഞാണ് ടൊവിനോ മറുപടി അവസാനിപ്പിച്ചത്.