Latest News

കൂടെ അഭിനയിച്ച പലരും ഇന്നില്ല, കാണുമ്പോള്‍ കണ്ണുനിറയും; നമ്മള്‍ ആത്മവിമര്‍ശനം നടത്തണം!'; 'അമ്മ'യിലെ തല്ലിനും കൂട്ടരാജിക്കുമിടെ മോഹന്‍ലാല്‍ പറഞ്ഞ വികാരാധീനമായ വാക്കുകള്‍; വാക്കുകള്‍ മാറിയാലും പൊരുളിതാണെന്ന് വ്യക്തമാക്കി വി.കെ ശ്രീരാമന്റെ വെളിപ്പെടുത്തല്‍ 

Malayalilife
 കൂടെ അഭിനയിച്ച പലരും ഇന്നില്ല, കാണുമ്പോള്‍ കണ്ണുനിറയും; നമ്മള്‍ ആത്മവിമര്‍ശനം നടത്തണം!'; 'അമ്മ'യിലെ തല്ലിനും കൂട്ടരാജിക്കുമിടെ മോഹന്‍ലാല്‍ പറഞ്ഞ വികാരാധീനമായ വാക്കുകള്‍; വാക്കുകള്‍ മാറിയാലും പൊരുളിതാണെന്ന് വ്യക്തമാക്കി വി.കെ ശ്രീരാമന്റെ വെളിപ്പെടുത്തല്‍ 

താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ മുന്‍ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍ നടത്തിയ വികാരാധീനമായ പ്രസംഗത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് സാംസ്‌കാരിക പ്രവര്‍ത്തകനും നടനുമായ വി.കെ.ശ്രീരാമന്‍. സംഘടന കടുത്ത ആഭ്യന്തര തര്‍ക്കങ്ങളിലേക്കും കൂട്ടരാജികളിലേക്കും നീങ്ങുന്നതിനിടെയാണ്, നാമെല്ലാവരും ആത്മവിമര്‍ശനത്തിന് തയ്യാറാകണമെന്നും സ്വയം തിരുത്തി കൂടുതല്‍ നല്ല മനുഷ്യരാകണമെന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍ ശ്രീരാമന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 

യോഗത്തിലെ പ്രസംഗം തന്റെ ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതിയതാണെന്നും വാക്കുകള്‍ ചിലപ്പോള്‍ മാറിപ്പോയിട്ടുണ്ടാവാമെങ്കിലും അതിന്റെ പൊരുള്‍ ഇതാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ശ്രീരാമന്റെ കുറിപ്പ്. 
 ഓര്‍മ്മപ്പെടുത്തിയത് മുപ്പത് വര്‍ഷത്തെ ചരിത്രം  

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'അമ്മ' എന്ന സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍, പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിള്‍ സ്ഥാപനം കെട്ടിപ്പടുക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് മോഹന്‍ലാല്‍ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ ആ ലക്ഷ്യത്തിലേക്ക് ഏറെക്കുറെ എത്തിച്ചേരാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാതെ വീണുപോയ നിരവധി പേര്‍ നമ്മുടെ കൂട്ടത്തിലുണ്ടെന്നും, അവരെ സഹായിക്കുക എന്ന സംഘടനയുടെ പ്രധാന ലക്ഷ്യം ഇപ്പോള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ഭാഷകളിലൊന്നും ഇത്തരത്തില്‍ സമാനമായ ഒരു സംഘടനയില്ലെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. 

ഞാന്‍ തന്നെ അഭിനയിച്ച ചില സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ കണ്ണുനിറയാറുണ്ട്. കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോള്‍ നമ്മോടൊപ്പം ഇല്ല. നാം ആത്മവിമര്‍ശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കൂടുതല്‍ നല്ല മനുഷ്യരാവാനും നമുക്ക് കഴിയണം.'മോഹന്‍ലാല്‍ (വി.കെ.ശ്രീരാമന്റെ കുറിപ്പില്‍ നിന്ന്) 

വി കെ ശ്രീരാമന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു സംഘടനക്ക് രൂപം കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിള്‍ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താന്‍ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. 

ജീവിതം മുന്നോട്ടു കൊണ്ടു പോവ്വാനാവാതെ വീണു പോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തില്‍, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിനു നമുക്ക് ആവുന്നുണ്ട് ഇപ്പോള്‍. മറ്റു ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല. 

ഞാന്‍ തന്നെ അഭിനയിച്ച ചില സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോള്‍ നമ്മോടൊപ്പം ഇല്ല. നാം ആത്മ വിമര്‍ശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതല്‍ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം. ആ പ്രസംഗം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതിയതാണ്. വാക്കുകള്‍ മാറിപ്പോയിട്ടുണ്ടാവാം പക്ഷെ, പൊരുളിതാണ്. 

തര്‍ക്കങ്ങളും ആരോപണങ്ങളും; വനിതാ ഭരണസമിതിയുടെ കൂട്ടരാജി 

മോഹന്‍ലാല്‍ ഉള്‍പ്പെട്ട മുന്‍ സമിതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തിന് പിന്നാലെ ഒഴിഞ്ഞതിനു ശേഷമാണ് മുഖ്യസ്ഥാനങ്ങളിലേക്ക് വനിതകളുമായി പുതിയ ഭരണസമിതി എത്തിയത്. എന്നാല്‍ ഒരു വര്‍ഷം തികയും മുന്‍പേ ഈ സമിതിയും കൂട്ടമായി രാജിവെക്കുന്ന നാടകീയ രംഗങ്ങള്‍ക്കാണ് ജൂണ്‍ 21-ലെ ജനറല്‍ ബോഡി യോഗം സാക്ഷ്യം വഹിച്ചത്. 'പാവയാകാന്‍ പറ്റിയാലേ ഭാരവാഹിയായിരിക്കാനാകൂ എന്നും, തന്നെ അതിന് കിട്ടില്ലെന്നും' തുറന്നടിച്ചുകൊണ്ട് പ്രസിഡന്റ് ശ്വേത മേനോന്‍ സ്ഥാനവും സംഘടനയുടെ പ്രാഥമികാംഗത്വവും രാജിവെച്ചു. പിന്നാലെ 17 അംഗ എക്സ്‌ക്യൂട്ടിവും ഒഴിഞ്ഞു. നിലവിലെ തര്‍ക്കങ്ങളില്‍ പരാതിക്കാരിയായിരുന്ന വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും പ്രാഥമികാംഗത്വം രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. 

യോഗം തുടങ്ങും മുന്‍പ് തന്നെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് ഒപ്പുശേഖരണം നടന്നിരുന്നു. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചതോടെ തര്‍ക്കം മൂത്തു. ട്രഷറര്‍ ഉണ്ണി ശിവപാലിനെ ഈ യോഗം വരെ മാറ്റിനിര്‍ത്തിയിരുന്നതിനാലാണ് കുക്കു കണക്കുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ കണക്കില്‍ വ്യക്തതയില്ലെന്ന് സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവര്‍ ആരോപിച്ചു. ഈ കണക്കുകളെപ്പറ്റി തനിക്കറിയില്ലെന്ന് ഉണ്ണി ശിവപാലും പൊരുത്തക്കേടുകള്‍ ഓഡിറ്ററും ചൂണ്ടിക്കാട്ടിയതോടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന നിലപാടിലായി എതിര്‍വിഭാഗം. 

പിഴവുതിരുത്താന്‍ ശ്വേത മേനോന്‍ 45 ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും എതിര്‍പ്പുകാര്‍ വഴങ്ങിയില്ല. ഈ സമയത്ത് ഇടപെടാന്‍ കെ.ബി.ഗണേഷ് കുമാര്‍ മോഹന്‍ലാലിനോട് അഭ്യര്‍ഥിച്ചെങ്കിലും, യോഗത്തിന്റെ തീരുമാനം എന്തായാലും അത് അംഗീകരിക്കാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനിടെ വേദിയിലെത്തിയ ബാബുരാജ്, ബിജെപിക്ക് സ്ഥാനാര്‍ഥികളെ നല്‍കാന്‍ ശ്വേത കോടികള്‍ വാങ്ങിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചതോടെയാണ് പ്രകോപിതയായ ശ്വേത വൈകാരികമായി രാജി പ്രഖ്യാപിച്ച് വേദിവിട്ടത്.

ഭരണനേതൃത്വത്തിലേക്ക് രമേഷ് പിഷാരടിയും താല്‍ക്കാലിക സമിതിയും ഭരണസമിതി ഒഴിഞ്ഞതോടെ സംഘടനയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ മുതിര്‍ന്ന നടന്‍ ജഗദീഷിനെ പൊതുയോഗം ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തില്‍ നടന്ന ദ്രുതഗതിയിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് നടന്‍ രമേഷ് പിഷാരടിയെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. കെ.ബി.ഗണേഷ് കുമാര്‍, സാദിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ്, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവരാണ് താല്‍ക്കാലിക സമിതിയിലെ മറ്റ് അംഗങ്ങള്‍. ഈ സമിതിയുടെ കാലാവധി 4 മാസമാണെന്ന് പറഞ്ഞിരിക്കുന്നതെങ്കിലും, ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന അടുത്ത ജനറല്‍ ബോഡി യോഗം വരെ ഇതേ സമിതി തന്നെ തുടരാനാണ് നിലവിലെ ധാരണയെന്നാണ് സൂചനകള്‍.
 

mohanlal speech in amma body meet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES