2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ മകളായി മികച്ച അഭിനയം കാഴ്ചവച്ച ബാലതാരമാണ് അനശ്വര രാജന്‍.
ഇപ്പോള്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെ വീണ്ടും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് അനശ്വര രാജന്‍. കൈനിറയെ അവസരങ്ങളുമായി മുന്നേറുന്ന അനശ്വരയുടെ വിശേഷങ്ങള്‍ അറിയാം.
കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശിനിയാണ് അനശ്വര. കുട്ടിക്കാലം മുതല്‍ക്ക് തന്നെ സ്‌കൂളിലും നാട്ടിലും എല്ലാ പരിപാടികളിലും സ്ഥിരം സാനിധ്യമായിരുന്നു അനശ്വര. അഞ്ചാം ക്ലാസുമുതല്‍ മോണോ ആക്ട് ചെയ്യുന്നുമുണ്ട് ഈ കൊച്ചുമിടുക്കി. ഓഡിഷനിലൂടെയാണ് ഉദാഹരണം സുജാതയില്‍ അവസരം കിട്ടിയത്. ഓഡിഷന്റെ വിവരം അറിഞ്ഞ് അമ്മ ഉഷയാണ് അനശ്വരയുടെ ചിത്രം അയച്ചുനല്‍ക്കുന്നത്. ആറായിരത്തോളം പേരില്‍ നിന്നാണ് അണിയറക്കാര്‍ അനശ്വരയെ കണ്ടെത്തിയത്. മുമ്പ് ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു എന്നതൊഴിച്ചാല്‍ വേറൊരു ബന്ധവും അനശ്വരയ്ക്ക് സിനിമയുമായി ഇല്ലായിരുന്നു. എന്നിട്ടും മികച്ച അഭിനയമാണ് പത്താംക്ലാസുകാരിയായി അനശ്വര കാഴ്ചവച്ചത്. ഈ ചിത്രം ഹിറ്റായതോടെ ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഇറങ്ങിയ എവിടെ എന്ന സിനിമയിലും അനശ്വര വേഷമിട്ടു. ബിജുമേനോന്‍ നായകനാകുന്ന ആദ്യരാത്രി എന്ന ചിത്രമാണ് അനശ്വരയുടേതായി പുറത്തിറങ്ങാനുള്ളത്. ഇതിനിടെ മലയാളം കടന്ന് തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിക്കയാണ് അനശ്വര.
പത്താം ക്ലാസ് കഴിഞ്ഞ വെക്കേഷന്‍ സമയമായിരുന്നു തണ്ണീര്‍ മത്തനില്‍ അനശ്വര അഭിനയിച്ചത്. ഷൂട്ടിംഗിനായി മൈസൂരിലൊക്കെ പോയപ്പോള്‍ സ്‌കൂളില്‍ നിന്നും ടൂറു പോയതു പോലുള്ള അനുഭവമായിരുന്നുവെന്നും താരം പറയുന്നു. ചിത്രത്തില്‍ നായകനായി അഭിനയിച്ച മാത്യുവിന്റെ അഭിനയം പലപ്പോഴും തന്നെ ഞെട്ടിച്ചെന്നാണ് അനശ്വര പറയുന്നത്. തണ്ണീര്‍ മത്തന്‍ കഴിഞ്ഞ ശേഷമാണ് കുമ്പളങ്ങി കണ്ടത്. മാത്യുവിന്റെ അഭിനയം അത്രമേല്‍ അടിപൊളി ആയിരുന്നു എന്ന് അനശ്വര പറയുന്നു. ഉദാഹരണം സുജാതയുടെ നിര്‍മ്മാതാവ് മാര്‍ട്ടിന്‍ പ്രകാട്ടിനെയാണ് തന്റെ ഗുരുസ്ഥാനത്ത് അനശ്വര കാണുന്നത്. കണ്ണൂര്‍ക്കാരായ മഞ്ജുവാര്യര്‍, സനുഷ, സംവൃത സുനില്‍ എന്നിവരുടെ നാട്ടുകാരിയായതില്‍ അതീവ അഭിമാനവും അനശ്വരയ്ക്കുണ്ട്. കുമ്പളങ്ങിയിലെ പാട്ട് കണ്ടിട്ട് നടി മഞ്ജുവാര്യരും അനശ്വരയെ അഭിനന്ദനം അറിയിച്ചിരുന്നു.. നന്നായിട്ടുണ്ട് മോളേ എന്നായിരുന്നു മഞ്ജു പറഞ്ഞത്.
സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസില്‍ മിന്നുന്ന വിജയം നേടിയ അനശ്വര വെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്‌സിനാണ് പഠിക്കുന്നത്.കെഎസ്ഇബി വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരനായ രാജന്റെയും അംഗന്‍വാടി അദ്ധ്യാപികയുമായ ഉഷയുടെയും ഇളയ മകളാണ് അനശ്വര. ബാങ്ക് കോച്ചിങ്ങ് പരിശീലിക്കുന്ന ഐശ്വര്യയാണ് അനശ്വരയുടെ ചേച്ചി. അനുജത്തിക്ക് എല്ലാ സപ്പോര്‍ട്ടും കൊടുക്കുന്നതും ഐശ്വര്യ തന്നെയാണ്.