വെങ്കിട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി വിജയ് തലസ്ഥാനത്ത് എത്തിയ നാള്‍ മുതല്‍ ദളപതിയെ കാണാന്‍ ആരാധകരുടെ ഒഴുക്കാണ്. സ്വന്തം ഫാന്‍സിനെ ഒരിക്കലും നിരാശപ്പെടുത്താത്ത താരം അവസരം കിട്ടുമ്പോഴെല്ലാം പുറത്തിറങ്ങി അഭിവാദ്യം നല്‍കാറുമുണ്ട്. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
നഗരത്തെ ഇളിക്കി മറിച്ച വിജയ് തരംഗം സോഷ്യല്‍ മീഡിയയും ആഘോഷിക്കുകയാണ്. താരത്തെ കാണാന്‍ രാത്രി ഉറക്കമൊഴിഞ്ഞ് കാത്ത് നിന്ന ആരാധകര്‍ക്ക് ആവേശം നല്‍കിയാണ് കഴിഞ്ഞ ദിവസം വിജയ് എത്തിയത്. അര്‍ധരാത്രിയില്‍ ഫാന്‍സിന്റെ ആര്‍പ്പ് വിളികള്‍ കേട്ട താരം ചിത്രീകരണം പാതിയില്‍ നിര്‍ത്തി ആരാധകര്‍ക്ക് മുന്നിലെത്തുകയായിരുന്നു.
ഒരു രാത്രി മുഴുവന്‍ കാത്ത് നിന്നവരോട് വീട്ടില്‍ പോയി ഉറങ്ങാനും വിജയ് കൈ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തത് വീഡിയോയില്‍ കാണാം. ഈ രംഗം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. മറ്റൊരു വൈറല്‍ വീഡിയോയില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു ആരാധകന്‍ വരച്ച വിജയ്‌യുടെ ചിത്രം താരം ഏറ്റുവാങ്ങുന്നതാണ്.
സിനിമ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയ തമിഴ് സൂപ്പര്‍താരം വിജയ്യെ നേരില്‍ കാണണമെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് കേശവദാസപുരം സ്വദേശി ഫാറൂഖിന്റെയും ഷൈലയുടെയും മകനാണ് 25കാരനായ ലൈജു. വീല്‍ചെയറില്‍ ആയതുകൊണ്ട് ഈ ജനത്തിരക്കില്‍ വിജയ്യെ കാണാന്‍ പറ്റുമോയെന്ന് സംശയിച്ചിരുന്നു. സിനിമകളിലൂടെ താരത്തോട് തോന്നിയ അടങ്ങാത്ത ആരാധന മറ്റ് എല്ലാ തടസ്സങ്ങള്‍ക്കും വഴിമാറി.
കഴിഞ്ഞ ദിവസം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ലൊക്കേഷനിലെത്തി വിജയിയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് സുഹൃത്തും ആര്‍ട്ടിസ്റ്റുമായ കാഞ്ഞിരപ്പള്ളി സ്വദേശി അരുണ്‍ലാല്‍, ലൈജുവിന്റെ ആഗ്രഹം ഇ-മെയില്‍ വഴി വിജയ്യെ അറിയിക്കുകയായിരുന്നു.
കേരളത്തിലെത്തിയ തന്നെ കാണാനെത്തിയ സ്വന്തം ആരാധകര്‍ക്ക് ഹൃദയം തൊട്ട് നന്ദി അറിയിക്കുകയാണ് വിജയ്. തന്നെ ഒരു നടനായി മാത്രം കാണാതെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ കാണ്ട് നല്‍കുന്ന സ്‌നേഹംതന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് താരം പറഞ്ഞത്.
ഗോട്ട് എന്ന ചിത്രം പൂര്‍ത്തിയാക്കി വിജയ് നാളെ ചെന്നൈയിലേക്ക് മടങ്ങിയേക്കും. നാളെ രാത്രി തിരുവനന്തപുരം എയര്‍പോര്‍ട്ടിലാണ് ഗോട്ടിന്റെ ചിത്രീകരണം. ചിത്രീകരണം പൂര്‍ത്തിയാക്കി ഇവിടെനിന്ന് വിജയ് മടങ്ങും. ചിത്രീകരണം വൈകിയാല്‍ തിങ്കളാഴ്ച രാവിലെയാകും മടങ്ങുക. 15 ദിവസത്തെ ക്‌ളൈമാക്‌സ് ചിത്രീകരണമാണ് തിരുവനന്തപുരത്ത്പ്‌ളാ ന്‍ ചെയ്തിരുന്നതെങ്കിലും ഏഴു ദിവസം കൊണ്ട് പൂര്‍ത്തിയായി.
ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്‌റ്രേഡിയമായിരുന്നു ഗോട്ടിന്റെ പ്രധാന ലൊക്കേഷന്‍.ഒരു ദിവസം മാത്രമായിരുന്നു പകല്‍ ചിത്രീകരണം. പ്രഭുദേവ,പ്രശാന്ത്, അജ്മല്‍, ജയറാം, സ്‌നേഹ, ലൈല, വി.ടി. വി.ഗണേഷ്, യോഗി ബാബു, പാര്‍വതി നായര്‍ തുടങ്ങി നീണ്ട താര നിരയുണ്ട്. തെലുങ്ക് താരം മീനാക്ഷി ചൗധരി ആണ് നായിക. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌കറിലും മീനാക്ഷി ചൗധരി ആണ് നായിക.
യുവന്‍ ശങ്കര്‍ രാജയാണ് ഗോട്ടിന് സംഗീത സംവിധാനം ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു ഗാനം വിജയ് ആലപിക്കുന്നുണ്ട്. ഗോട്ടിന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും വിജയ് ആലപിക്കുന്ന ഗാനം .അതിഥി വേഷത്തില്‍ തൃഷ എത്തുന്നുണ്ട്. വിജയ് യും വെങ്കട് പ്രഭുവും ആദ്യമായാണ് ഒരുമിക്കുന്നത്.