വര്‍ഷങ്ങള്‍ നീണ്ട പ്രണത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷ് കഴിഞ്ഞ ദിവസം ഗോവയില്‍ വിവാഹിതയായ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. തികച്ചും സ്വകാര്യമായി നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ പോലും കീര്‍ത്തി തന്റെ പേജിലൂടെ പങ്ക് വക്കുമ്പോള്‍ മാത്രമാണ് പുറത്തേക്ക് വരുന്നത്.
ഇപ്പോഴിതാ മകളുടെ വിവാഹാഘോഷങ്ങളെക്കുറിച്ച് നിര്‍മ്മാതാവ് കൂടിയായ അച്ഛന്‍ സുരേഷ്‌കുമാര്‍ പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്. റെഡ് എഫിമിനോട് ആണ് സുരേഷ് കുമാര്‍ പ്രതികരിച്ചത്. മക്കളുടെ സന്തോഷം നടത്തുക എന്നതാണ് ഒരച്ഛന്റെ കടമയെന്നാണ് സുരേഷ്‌കുമാര്‍ പറയുന്നത്.
കല്യാണം നല്ല രീതിയില്‍ നടന്നു. വളരെ സന്തോഷം. എല്ലാ രീതിയിലുമുള്ള ആഘോഷങ്ങളുണ്ടായിരുന്നു. അവളുടെ ഫ്രണ്ട്‌സും, എന്റെ കസിന്‍സിന്റെ മക്കളുമൊക്കെ നന്നായി എന്‍ജോയ് ചെയ്തു. ശരിക്കും ചെറുപ്പക്കാര്‍ക്കുവേണ്ടിയുള്ള ഈവന്റ് പോലെയായിരുന്നു. നമുക്കിത് നോക്കിനിന്ന് കാണുക എന്ന് മാത്രമാണ്. എന്നുവച്ചാല്‍ നല്ല രീതിയില്‍ ഓര്‍ഗനൈസിഡ് ആയിരുന്നു. എല്ലാം നന്നായിട്ട് പോയി.
ദൈവാധീനം എന്നേ എനിക്ക് പറയാനുള്ളൂ. ബ്രാഹ്മണ സ്‌റ്റൈലിലായിരുന്നു ആദ്യത്തെ ചടങ്ങ്. അതുകഴിഞ്ഞ് വൈകിട്ട് ക്രിസ്ത്യന്‍ രീതിയിലുള്ള മോതിരം മാറ്റലും കാര്യങ്ങളുമുണ്ടായിരുന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമൊക്കെ ഓരോ ലുക്കിലായിരുന്നു.
ചടങ്ങ് ഒടിടിയില്‍ റിലീസ് ചെയ്യുമോയെന്നതിനെക്കുറിച്ച് എനിക്കറിഞ്ഞൂടാ. ഞാന്‍ ഇതുവരെ അതിനെക്കുറിച്ച് ചോദിച്ചിട്ടില്ല. ഞങ്ങളാരും അവിടെനിന്ന് സെല്‍ഫിയൊന്നും എടുത്തിട്ടില്ല. അവിടെ നിന്ന് കുറേ ഫോട്ടോസ് എടുത്തല്ലോ. നമ്മള്‍ ഫോട്ടോഗ്രാഫറെ വച്ചിരുന്നു. ഒരു പത്ത് ദിവസം കഴിയുമ്പോഴേക്ക് കീര്‍ത്തി തന്നെ അത് റിലീസ് ചെയ്യുമായിരിക്കും. എത്തിപ്പെടാന്‍ പറ്റാത്തവര്‍ക്കൊക്കെ ചിത്രങ്ങള്‍ കിട്ടും.
ഗോവ തിരഞ്ഞെടുത്തത് മക്കളും മരുമോനുമൊക്കെ ചേര്‍ന്നാണ്. ഞാന്‍ ഫിലിം ഫെസ്റ്റിവലിന് പോയിപ്പോഴേ ഗോവ കണ്ടിട്ടുള്ളൂ. ഈ ഗോവ വേറൊരു ഗോവയായിരുന്നു. നല്ല രസമായിരുന്നു. അവരുടെ കല്യാണം അവര്‍ക്കിഷ്ടം പോലെ നടത്തണ്ടേ. എനിക്ക് ഇഷ്ടക്കേടൊന്നുമില്ല. അവരുടെ ഇഷ്ടത്തിനാണ് കാര്യങ്ങള്‍ നടക്കേണ്ടത്. അതുകൊണ്ടാണല്ലോ ഈ കല്യാണത്തിന് തന്നെ നമ്മള്‍ സമ്മതിച്ചത്. അവള്‍ക്കിഷ്ടപ്പെട്ടു.
പത്ത് പതിനഞ്ച് കൊല്ലമായി പരസ്പരം ഇഷ്ടപ്പെട്ട രണ്ടുപേരെ പിരിക്കാനല്ലല്ലോ ശ്രമിക്കേണ്ടത്. അവരെ കൂട്ടിച്ചേര്‍ത്ത് നല്ലരീതിയില്‍ ജീവിതം മുന്നോട്ടുപോകാനാണ് നോക്കേണ്ടത്. അതാണ് ഒരച്ഛന്റെ കടമ. ആ കടമ കൃത്യമായി നിര്‍വഹിച്ചു. അവര്‍ ഇനിയുള്ള കാലം സന്തോഷമായി ജീവിക്കട്ടേ....'' സുരേഷ് കുമാര്‍ പറഞ്ഞു.