മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. അമ്പിളി ചേട്ടന്‍ എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന ജഗതിയുടെ വിടവ് മലയാള സിനിമാ ലോകത്തിന് ഇതുവരേയും നികത്താന്‍ സാധിച്ചിട്ടില്ല. ജഗതി ശ്രീകുമാറിന്റെ 73-ാം ജന്മദിനത്തില്‍ ആശംസകളറിയിച്ച് പലരും സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ പങ്കിട്ടിരുന്നു. ഇപ്പോഴിതാ പപ്പയ്ക്ക് ഹൃദയഹാരിയായ ആശംസകള്‍ നേരുകയാണ് അഭിനേത്രി കൂടിയായ മകള്‍ ശ്രീലക്ഷ്മി.
പപ്പയെ നേരിട്ട് കണ്ടിട്ട് വര്‍ഷങ്ങളായെന്നും ആ ദുഃഖം ഇപ്പോഴും മനസിലുണ്ടെന്നുമാണ് ശ്രീ ലക്ഷ്മി കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.
വീണ്ടും കണ്ടുമുട്ടുന്നതുവരെ , 2011 വരെയും ഈ വികാരത്തിന്റെ ആഴം ഞാന്‍ ശരിക്കും മനസിലാക്കിയിട്ടില്ല. എന്നാലിപ്പോള്‍, ഓരോ ദിവസവും ആ വേദനയുടെ കനം ഞാന്‍ അറിയുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു. എന്നിട്ടും എന്നെ അലട്ടുന്ന വേദന പഴയതുപോലെ തന്നെയാണ്.
ഒരുപാട് മിസ് ചെയ്യുന്നു പപ്പാ...എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗം നിങ്ങളാണ്. അന്നും ഇന്നും എന്നും നിങ്ങളാണ് ഏറ്റവും മികച്ചത്. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. ഐ ലവ് യൂ. ജന്മദിനാശംസകള്‍...'' ശ്രീ ലക്ഷ്മി കുറിച്ചു. ജഗതി ശ്രീകുമാറിന്റെ നര്‍മ്മരസം കലര്‍ന്ന 'ഫ്രണ്ട്‌സ്' എന്ന സിനിമയിലെ ഒരു രംഗം ടിക്ടോക്കിലൂടെ ചെയ്യുന്ന ഒരു പഴയ വീഡിയോയും ശ്രീലക്ഷ്മി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
നടിയും നര്‍ത്തകിയും ആര്‍ജെുമായ ശ്രീലക്ഷ്മി കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. പൈലറ്റായ ജിജിനാണ് ശ്രീലക്ഷ്മിയുടെ പങ്കാളി. ഇരുവര്‍ക്കും അര്‍ഹാമെന്നും ഇഷയെന്നും രണ്ട് മക്കളുമുണ്ട്.
ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നിന്ന ജഗതി ശ്രീകുമാറിന്റെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവും 'വല' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചതും ഈ ദിവസം തന്നെയാണ്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന ജഗതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കിട്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഈ ദിവസം അവിസ്മരണീയമാക്കിയത്.