വിവാഹാഘോഷങ്ങളുടെ തിരക്കിലാണ് തലൈവര്‍ രജനികാന്തിന്റെ കുടുംബം. രജനീകാന്തിന്റെ ഇളയ മകള്‍ സൗന്ദര്യയും നടന്‍ വൈശാഖന്‍ വണങ്കാമുടിയും തമ്മിലുള്ള വിവാഹം ഇന്ന് ചൈന്നൈ ലീലാ പാലസില്‍ നടക്കും. രണ്ട് ദിവസങ്ങളായി പ്രീ വെഡ്ഡിങ് റിസപ്ഷനും ചടങ്ങുകളുമൊക്കെ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്.രജനിയുടെ പോയ്സ് ഗാര്‍ഡനിലെ വീട്ടില്‍ വച്ചായിരുന്നു വിവാഹനിത്ത് മുന്നോടിയായുള്ള പ്രീ വെഡ്ഡിങ് റിസപ്ഷനും മെഹന്ദി ചടങ്ങുകളും.
ഇപ്പോള്‍ പാര്‍ട്ടിക്കിടയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചു വച്ചുകൊണ്ടുള്ള സൗന്ദര്യ വിവാഹത്തിന് തൊട്ടുമുമ്പെഴുതിയ കുറിപ്പാണ് വൈറലാകുന്നത്. തന്റെ ജീവിതത്തിലെ മൂന്നു പ്രധാന പുരുഷന്മാരെ പരിചയപ്പെടുത്തുകയാണ് സൗന്ദര്യ.എന്റെ ജീവിതത്തിലെ മൂന്നു പ്രധാനപ്പെട്ട പുരുഷന്മാര്‍...എന്റെ പ്രിയപ്പെട്ട അച്ഛന്‍, എന്റെ മാലാഖ എന്റെ മകന്‍, ഇപ്പോള്‍ നീയും എന്റെ വിശാഖന്‍... അച്ഛനും മകനും വൈശാഖനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വച്ചുകൊണ്ട് സൗന്ദര്യ കുറിച്ചു.
ഇത് കൂടാതെ രജനികാന്തിന്റെയും വണങ്കാമുടിയുടെയും കുടുംബങ്ങള്‍ മാത്രം ഒത്തുച്ചേര്‍ന്നുള്ള പ്രീ വെഡ്ഡിങ് പാര്‍ട്ടിയില്‍ തലൈവന്‍ പേരക്കുട്ടികള്‍ക്കൊപ്പം നൃത്തമാടിയത് സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയാണിപ്പോള്‍. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മുത്തുവിലെ ഒരുവന്‍ ഒരുവന്മുതലാളി എന്ന ഹിറ്റ് ഗാനത്തിനാണ് രജനി ചുവടു വച്ചത്. ഐശ്വര്യയുടെയും ധനുഷിന്റെയും മക്കളായ യാത്രയും ലിംഗയും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലെ മകനായ വേദ് കൃഷ്ണയും ഒത്ത് നൃത്തമാടുന്ന ചിത്രങ്ങളും ആണ് വൈറലാകുന്നത്.
രജനീകാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായികയായ സൗന്ദര്യ. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. 2010 ലായിരുന്നു ആദ്യ വിവാഹം. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള ആദ്യ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി', അനിമേഷന്‍ ചിത്രമായ 'കൊച്ചടയാന്‍' എന്നീ ചിത്രങ്ങളുടെ സംവിധായിക കൂടിയാണ് സൗന്ദര്യ.