ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടെ വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വെറുപ്പും വിദ്വേഷ പ്രചാരണം ആരംഭിച്ചിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടവിലായിരുന്നു സൊനാക്ഷിയും നടനും മോഡലുമായ സഹീര്‍ ഇക്ബാലും വിവാഹിതരായത്. പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാല്‍ രതനാസിയുടെ പുത്രനാണ് സഹീര്‍.
സഹീറുമായുള്ള സൊനാക്ഷിയുടെ വിവാഹം 'ലവ് ജിഹാദ്' ആണെന്നത് ഉള്‍പ്പെടെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. നടിയെ ബിഹാറില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന പോസ്റ്ററുകളും പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു. സൊനാക്ഷിയുടെ ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സൊനാക്ഷി പര്‍ദ്ദ ധരിച്ച് പേര് 'സൊനാക്ഷി സിന്‍ഹ ഖാന്‍' എന്നാക്കിയതായി അറിയിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് ആണ് എക്സില്‍ പ്രചരിക്കുന്നത്. ഈ ചിത്രം നിരവധി തീവ്ര ഹിന്ദുത്വവാദികള്‍ വര്‍ഗീയവിദ്വേഷമാര്‍ന്ന പരാമര്‍ശങ്ങളോടെ പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍, ഈ അക്കൗണ്ട് വ്യാജമാണെന്നും ചിത്രം എഐ സാങ്കേതികതവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും ഫാക്ട് ചെക്കിങ് സൈറ്റുകള്‍ വ്യക്തമാക്കുന്നുണ്ട്. ബിക്കിനി ധരിച്ച് റാമ്പിലൂടെ നടക്കുന്നതായ സൊനാക്ഷിയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
ഡീപ് ഫേക് സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരാളുടെ വീഡിയോയില്‍ സൊനാക്ഷിയുടെ മുഖം ചേര്‍ത്തുവെച്ച് നിര്‍മ്മിച്ചതാണിത്. അലെക്സാണ്ട്ര താലെസ് എന്ന മോഡലിന്റെ വീഡിയോയാണിത് എന്നാണ് ഫാക്ട് ചെക്ക് വെബ്സൈറ്റുകളും വ്യക്തമാക്കുന്നത്.
അതേസമയം, മറ്റൊരു മതത്തില്‍പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്ന് ഗോസിപ്പുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു.
തനിക്ക് ഒരൊറ്റ മകള്‍ മാത്രമാണുള്ളതെന്നും അവളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് താന്‍ നില്‍ക്കുകയെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കിയിരുന്നു. വിവാഹം സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കുമെന്നും സൊനാക്ഷി മതപരിവര്‍ത്തനം നടത്തുകയില്ലെന്നും സഹീറിന്റെ പിതാവും വ്യക്തമാക്കിയിരുന്നു.