ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് കല്‍പന. അടിപൊളി പാട്ടുകളിലൂടെ വേദികള്‍ കീഴടക്കിയ കല്‍പന ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹൈദരാബാദില്‍ വച്ചായിരുന്നു ആത്മഹത്യാ ശ്രമം. അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ച് ജീവിതം അവസാനിപ്പിക്കുവാന്‍ ശ്രമിച്ച കല്‍പന ഇപ്പോള്‍ അതീവ രുഗുതരാവസ്ഥയിലാണ് ആശുപത്രിയില്‍ കഴിയുന്നത്. നിസാം പേട്ടിലെ വീട്ടില്‍ വച്ചാണ് ഉറക്കഗുളികകള്‍ അമിത അളവില്‍ കഴിച്ചത്. തുടര്‍ന്ന് രണ്ടു ദിവസമായി വീടിന്റെ വാതില്‍ അടഞ്ഞ് കിടക്കുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പിന്നാലെ പൊലീസെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് കല്‍പനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ കല്‍പനയെ ആശുപത്രിയില്‍ എത്തിച്ചു. സംഭവ സമയത്ത് കല്‍പനയുടെ ഭര്‍ത്താവ് ചെന്നൈയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് വിവരം. ഗായകന്‍ ടി.എസ്. രാഘവേന്ദ്രയുടെ മകളാണ് കല്‍പന. സംഭവത്തില്‍ കെപിഎച്ച്ബി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ടാം തീയതിയായിരുന്നു കല്‍പനയുടെ ആത്മഹത്യാ ശ്രമം. രണ്ടു ദിവസങ്ങള്‍ക്കിപ്പുറം ഇന്നലെയാണ് ഗായികയെ അബോധാവസ്ഥയില്‍ കണ്ടെത്തിയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. അപ്പോഴേക്കും ഗായിക ഏറെ അവശയും ആരോഗ്യം അതീവ സങ്കീര്‍ണമായ അവസ്ഥയിലേക്കും എത്തിയിരുന്നു.
ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ മലയാളത്തില്‍ പങ്കെടുക്കുകയും 2011ല്‍ വിജയി ആകുകയും ചെയ്തിരുന്നു. ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന സ്റ്റാര്‍ സിംഗര്‍ അഞ്ചാം സീസണിലാണ് കല്‍പന രാഘവേന്ദ്ര എന്ന സൂപ്പര്‍ ഗായിക കിരീടം നേടിയത്. ഗ്രാന്‍ഡ് ഫിനാലെയില്‍ സ്റ്റാര്‍ സിംഗറായ കല്‍പ്പനയ്ക്ക് ഒന്നാം സമ്മാനമായി ഒരു കോടി രൂപയുടെ ഫ്ളാറ്റാണ് ലഭിച്ചത്. സ്റ്റാര്‍ സിംഗറിലെ വിജയത്തിനു ശേഷം നിരവധി അവസരങ്ങളാണ് കല്‍പ്പനയെ തേടിയെത്തിയത്. ഇളയരാജ, എആര്‍ റഹ്മാന്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ സംഗീതസംവിധായകരുമായി കല്‍പ്പന പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഞ്ചാം വയസ് മുതല്‍ സംഗീത രംഗത്ത് സജീവമാണ് കല്‍പ്പന. നീണ്ട കരിയറില്‍ വിവിധ ഭാഷകളിലായി 1,500-ലധികം ഗാനങ്ങള്‍ കല്‍പ്പന റെക്കോര്‍ഡുചെയ്തു. ആലാപനം കൂടാതെ, കമല്‍ഹാസന്‍ നായകനായ പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിലെ അതിഥി വേഷം ചെയ്തിരുന്നു കല്‍പ്പന. ജൂനിയര്‍ എന്‍ടിആര്‍ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസണ്‍ 1ല്‍ കല്‍പ്പന പങ്കെടുത്തിരുന്നു. എആര്‍ റഹ്മാന്റെ മാമന്നനിലെ കൊടി പറകുര കാലം, കേശവ ചന്ദ്ര രാമാവത്തിലെ തെലങ്കാന തേജം എന്നിവ കല്‍പ്പനയുടെ സമീപകാല ഹിറ്റ് ചിത്രങ്ങളാണ്.