നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബിഗ് ബോസ് തെലുങ്ക് താരം ശിവജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കടുക്കുന്നു. വസ്ത്രം കുറയ്ക്കുന്നതിലല്ല, മറിച്ച് ശരീരം മുഴുവന്‍ മറയ്ക്കുന്ന സാരി ധരിക്കുന്നതിലാണ് സ്ത്രീകളുടെ സൗന്ദര്യം എന്നാണ് ശിവജി പറഞ്ഞത്. 'ധന്ദോറ' എന്ന പുതിയ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു നടന്റെ ഈ വിവാദ പ്രസംഗം.
'എല്ലാ നായികമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ദയവായി ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കി സാരിയോ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങളോ ധരിക്കുക. സൗന്ദര്യം പൂര്‍ണ്ണമായ വസ്ത്രധാരണത്തിലോ സാരിയിലോ ആണ്, അല്ലാതെ ശാരീരിക പ്രദര്‍ശനത്തിലല്ല' ശിവജി പറഞ്ഞു.
ശിവജിയുടെ പരാമര്‍ശത്തിനെതിരെ പ്രശസ്ത ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. നടിമാര്‍ക്ക് ആവശ്യമില്ലാത്ത ഉപദേശങ്ങള്‍ നല്‍കുന്ന നടന്‍ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി. നടന്‍ ജീന്‍സും ഹൂഡിയും ധരിക്കുമ്പോഴും സ്ത്രീകള്‍ക്ക് മാത്രം വസ്ത്രധാരണത്തില്‍ നിയന്ത്രണം വേണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ചിന്മയി പറഞ്ഞു.
രാം ഗോപാല്‍ വര്‍മ്മയുള്‍പ്പെടെയുള്ള പ്രമുഖര്‍ ശിവജിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചു. സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന് വര്‍മ്മ പറഞ്ഞു. സാവിത്രി, സൗന്ദര്യ തുടങ്ങിയ നടിമാരെയും രശ്മിക മന്ദാനയെയും ശിവജി ഉദാഹരണമായി കാണിച്ച് വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച് സംസാരിച്ചു. ഗ്ലാമറിന് അതിര്‍വരമ്പുകള്‍ ഉണ്ടാകണമെന്നും അത് ലംഘിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്ന രീതി പഴയകാലത്തിന്റേതാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും നടന്‍ മഞ്ചു മനോജ് പറഞ്ഞു. പൊതുസമൂഹത്തില്‍ സ്വാധീനമുള്ളവര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശിവജിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് വനിതാ കമ്മീഷനോട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. വേദിയിലുണ്ടായിരുന്ന ആരും തന്നെ ഇദ്ദേഹത്തെ തടഞ്ഞില്ല എന്നതും വിമര്‍ശനത്തിന് കാരണമായി.