77-ാം പിറന്നാള്‍ നിറവിലാണ് മലയാളത്തിന്റെ എവര്‍ഗ്രീന്‍ നായിക ഷീല.1960കളില്‍ സിനിമയിലെത്തിയ നടി ഇപ്പോഴും സിനിമാ രംഗത്തുണ്ട്. തനിക്ക് 95 വയസ്സായി എന്ന് പല കോണുകളില്‍നിന്നുള്ള പ്രചാരണങ്ങളോട് പിറന്നാള്‍ ദിനത്തില്‍ ഷീല പ്രതികരിച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, തനിക്ക് എത്ര വയസ്സുണ്ടെന്ന് ജനനത്തീയതി ഉള്‍പ്പെടെ നടി വ്യക്തമാക്കി.
1948 മാര്‍ച്ച് 24-നാണ് തന്റെ ജനനമെന്നും ഇപ്പോള്‍ 77 വയസ്സാണെന്നും ഷീല പറഞ്ഞു.'ഒരു ചാനലില്‍ നിന്ന് വിളിച്ച് 95 വയസ്സായിട്ടും ഇങ്ങനെ തന്നെ ഇരിക്കുന്നതില്‍ വളരെ സന്തോഷം എന്ന് പറഞ്ഞു. 95 അല്ല, 105 വയസ്സായി, എനിക്കൊരു ചെക്കനെ നോക്കൂ' എന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്. ഞാനും ജയലളിതയും ഒരേ വര്‍ഷമാണ് ജനിച്ചത്. 1948 ആണ്. ജയലളിത 1948 ഫെബ്രുവരി 24, ഞാന്‍ മാര്‍ച്ച് 24. നമ്മള്‍ക്കിടയില്‍ ഒരു മാസത്തെ വ്യത്യാസമേ ഉള്ളൂവെന്ന് ഞങ്ങള്‍ എപ്പോഴും പറയും' -ഷീല പറഞ്ഞു.
എപ്പോഴും ഒരുങ്ങി നടക്കണമെന്ന് ആഗ്രമുണ്ടെന്നും നടി പറഞ്ഞു. അഭിനയിക്കുന്നതിനേക്കാള്‍ ഇഷ്ടം പെയിന്റിങ് ചെയ്യാനാണെന്ന് നടി വ്യക്തമാക്കി. ചെറുപ്പം മുതലേ വരക്കുമായിരുന്നെന്നും നിറങ്ങളോട് പ്രത്യേക ഇഷ്ടമാണെന്നും നടി പറഞ്ഞു.
25-ാം വയസില്‍ തന്നെ വില്‍പത്രം തയ്യാറാക്കിയതായും ഷീല വെളിപ്പെടുത്തിയിരുന്നു.'ഞാന്‍ മരിച്ചാല്‍ എന്തുചെയ്യണമെന്ന് എഴുതിവച്ചിട്ടുണ്ട്ഞാന്‍ ക്രിസ്ത്യാനിയാണെങ്കിലും എന്റെ മൃതദേഹം ദഹിപ്പിക്കണം.
ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കണം എന്ന് വില്‍പത്രത്തില്‍ എഴുതിയിട്ടുണ്ട്'- ഷീല വ്യക്തമാക്കി
എം.ജി.ആര്‍. നായകനായ 'പാശ'ത്തിലൂടെയാണ് ഷീല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എങ്കിലും ആദ്യം പ്രദര്‍ശനത്തിനെത്തിയത് 'ഭാഗ്യജാതകം' എന്ന മലയാള ചിത്രമാണ്. ഷീല എന്ന പേര് എം.ജി.ആര്‍ സരസ്വതി ദേവി എന്നാക്കി മാറ്റിയിരുന്നു. പാശത്തിന്റെ സെറ്റില്‍വച്ച് സരസ്വതി ദേവിയെ കണ്ട പി. ഭാസ്‌കരന്‍ തന്റെ അടുത്ത ചിത്രമായ 'ഭാഗ്യജാതക'ത്തില്‍ അവരെ നായികയാക്കി. ഷീല എന്ന പേരിട്ടത് ഭാസ്‌കരനായിരുന്നു. 1980-ല്‍ 'സ്‌ഫോടനം' എന്ന ചിത്രത്തോടെ താല്‍കാലികമായി അഭിയയന രംഗത്തുനിന്ന് വിടവാങ്ങിയ ഷീല 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തിരിച്ചെത്തി.
തമിഴ് നടന്‍ രവിചന്ദ്രനായിരുന്നു ഷീലയുടെ ഭര്‍ത്താവ്.ഇവരുടെ മകനാണ് നടന്‍ കൂടിയായ വിഷ്ണു.