മോഹന്‍ലാല്‍ എന്ന നടനെ അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും.മലയാളികള്‍ സിനേഹിക്കുന്ന നടനാണ് മോഹന്‍ലാല്‍. എന്നാല്‍ മോഹന്‍ലാലിനേയും അറിയാത്തവര്‍ നമുക്കിടയില്‍ ഉണ്ട്. കേള്‍ക്കുമ്പോള്‍ നമ്മുക്ക് അത്ഭുതമായി തോന്നുമെങ്കിലും സത്യം അതാണ്.അങ്ങനെയുമുണ്ട് ആളുകള്‍.. മലയാളത്തില്‍ മാത്രമല്ല സിനിമയെ സ്‌നേഹിക്കുന്ന ലോകത്തുള്ള എല്ലാവരും ഒരു പോലെ ഇഷ്ടപ്പെടുന്ന നയനാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ സിനിമയില്‍ പ്രശസ്തിയുടെ നെറുകയില്‍ എത്തിയതിന് ശേഷമുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. പ്രശസ്തിയില്‍ ഒട്ടും ഭ്രമിക്കേണ്ടതില്ലെന്നു പഠിപ്പിച്ചത് ഈ അനുഭവമാണെന്നാണ് അദ്ദേഹം പറയുന്നത്.
പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 102ാം വാര്‍ഷികാഘോഷത്തിലാണ് ഞെട്ടിപ്പിക്കുന്ന അനുഭവം സത്യന്‍ അന്തിക്കാട് പങ്കുവെച്ചത്. രാത്രി വൈകി ഷൂട്ടിങ് കഴിഞ്ഞ് മോഹന്‍ലാലിനൊപ്പം കാറില്‍ മടങ്ങുകയായിരുന്നു സത്യന്‍ അന്തിക്കാട്. വഴിയില്‍ പരിചയമില്ലാത്ത ഒരാള്‍ കൈകാണിച്ചു. അസമയമായതിനാല്‍ ലിഫ്റ്റ് കൊടുക്കുന്നത് അത്ര പന്തിയല്ല എന്ന് സത്യന്‍ പറഞ്ഞെങ്കിലും മോഹന്‍ലാല്‍ സമ്മതിച്ചില്ല. മനുഷ്യരോട് സഹാനുഭൂതി കാണിക്കണമെന്നും ഈ മനുഷ്യനെ കൂടി കയറ്റിയതു കൊണ്ടു നമുക്ക് പ്രത്യേകിച്ചെന്തു ബുദ്ധിമുട്ടുണ്ടാകാനാണ്? എന്നായി ലാലിന്റെ ചോദ്യം.
അങ്ങനെ അയാളെയും വണ്ടിയില്‍ കയറ്റി. യാത്രയ്ക്കിടെ അയാള്‍ മോഹന്‍ലാലിനോടു സംസാരം തുടങ്ങി. വീടെവിടെയാണെന്നും വീട്ടില്‍ ആരൊക്കെയുണ്ടെന്നുമൊക്കെയാണ് ചോദ്യങ്ങള്‍. വീടു തിരുവനന്തപുരത്താണെന്നറിയിച്ച ലാല്‍ വീട്ടുകാരുടെ വിരങ്ങളും പറഞ്ഞു. കാറിയില്‍ കയറിയ ആളും തിരുവനന്തപുരംകാരനാണ്. പറഞ്ഞു വന്നപ്പോള്‍ മോഹന്‍ലാലിന്റെ അച്ഛനേയും അമ്മയേയും സഹോദരനേയുമെല്ലാം ആള്‍ക്ക് അറിയാമായിരുന്നു.
എന്നാല്‍ പിന്നീട് അയാള്‍ തികച്ചും അപ്രതീക്ഷിതമായ ചോദ്യമാണ് ചോദിച്ചത്. 'നിങ്ങളുടെ പേരെന്താണ്?' പെട്ടെന്ന് മറുപടി പറഞ്ഞില്ലെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം മോഹന്‍ലാല്‍ എന്നു പറഞ്ഞു. ഇനി ആള്‍ക്ക് മോഹന്‍ലാലിനെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടായിരിക്കുമോ എന്ന് സംശയിച്ച് സത്യന്‍ അന്തിക്കാട് വണ്ടിയില്‍ ലൈറ്റിട്ടു. അപ്പോള്‍ നല്ല വെളിച്ചത്തില്‍ മോഹന്‍ലാലിന്റെ മുഖത്തുനോക്കി അയാളുടെ അടുത്ത ചോദ്യം വന്നു: 'മിസ്റ്റര്‍ മോഹന്‍ലാല്‍ എന്തുചെയ്യുന്നു?' ഇതുകേട്ട് കാറിനകത്തുള്ളവരെല്ലാം ഞെട്ടി!
ലാല്‍ എന്തോ മറുപടി പറഞ്ഞ് ഉഴപ്പി. ചിരിപൊട്ടിപ്പോകാതിരിക്കാന്‍ താന്‍ പാടുപെട്ട് മുഖം കുനിച്ചുവെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. പെന്നെ നോക്കുമ്‌ബോള്‍ ലാല്‍ ഉറക്കം അഭിനയിച്ച് സീറ്റില്‍ ചാരിക്കിടക്കുകയാണ്. യാത്ര അവസാനിക്കുന്നതു വരെ മോഹന്‍ലാല്‍ കള്ള ഉറക്കം തുടര്‍ന്നു.
തനിക്കിറങ്ങേണ്ട സ്ഥലമായപ്പോള്‍ അയാള്‍ യാത്രപറയാനായി ലാലിനെ നോക്കി. ലാലുണ്ടോ ഉണരുന്നു! 'പാവം ഉറങ്ങിക്കോട്ടെ..ഉണരുമ്‌ബോ വിശ്വനാഥന്‍ നായരുടെ മോനോട് പറഞ്ഞാല്‍ മതി' എന്ന് പറഞ്ഞ് ആള്‍ ഇറങ്ങിപ്പോയി. ആ നിമിഷം മോഹന്‍ലാല്‍ ഉണര്‍ന്ന് സത്യനോട് ചോദിച്ചു: 'ഇതിപ്പോള്‍ നേരംവെളുക്കുന്നതിനു മുമ്ബുതന്നെ നിങ്ങള്‍ മാലോകരെ അറിയിക്കുമല്ലോ അല്ലേ? ''ഉറപ്പായും അറിയിക്കുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. മോഹന്‍ലാലിന് വാക്കുകൊടുത്തപോലെ താന്‍ അതു പാലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിലെ സത്യന്‍ അന്തിക്കാടിന്റെ പ്രസംഗത്തെക്കുറിച്ച് കഥാകൃത്ത് കൂടിയായ അധ്യാപകന്‍ വി.ദിലീപാണ് എഴുതിയത്.