സത്യന്‍ അന്തിക്കാട് എന്ന സംവിധായകനും ശ്രീനിവാസന്‍ എന്ന നടനെയും ഒരിക്കലും മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത രണ്ട് പേരാണ്. ഇരുവരുടെയും ചിത്രങ്ങള്‍ മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. ഇരുവരുടെ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും മലയാളികളുടെ മനസ്സില്‍ നിന്നും ഒരിക്കലും എടുത്ത് മാറ്റാന്‍ സാധിക്കാത്ത ഒന്ന് തന്നെയായിരിക്കും. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയ്ക്കു ശേഷം നീണ്ട പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ പ്രകാശന്‍ എന്ന ചിത്രവുമായി ഇരുവരും എത്തിയപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വളരെ വലുതായിരുന്നു. ആ പ്രതീക്ഷകള്‍ക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ല എന്നാണ് ബോക്‌സ് ഓഫിസ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. വലിയ ഇടവേള ഉണ്ടായപ്പോള്‍ തങ്ങള്‍ തമ്മില്‍ പിണങ്ങിയെന്ന് പലരും പറഞ്ഞെന്നും എന്നാല്‍ അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ചിത്രത്തിന്റെ റിലീസിനു ശേഷം ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പറഞ്ഞു.
'ഞാന്‍ പ്രകാശനില്‍ പതിനാറുവര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന് മറ്റുള്ളവര്‍ പറയുമ്പോഴാണ് ഇത്രയും കാലമായല്ലോ എന്ന് നമുക്ക് തോന്നുന്നത്. സിനിമയില്ലാത്തപ്പോഴും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം അതുപോലെ തന്നെയുണ്ടായിരുന്നു. സിനിമയില്‍ അല്ലാത്ത നേരങ്ങളില്‍ ഞാനും ശ്രീനിയും സാധാരണ പ്രേക്ഷകരാണ്. സിനിമയിലെയും സമൂഹത്തിലെയും ഓരോ പുതുമകളെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകനുമായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രം ചെയ്യണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതിനുവേണ്ടിയാണ് ഇത്രയും നാള്‍ കാത്തിരുന്നത്.' സത്യന്‍ അന്തിക്കാട് പറഞ്ഞു.
'സംവിധായകനെക്കാളും തിരക്കഥാകൃത്തിനെക്കാളും മുകളിലാണ് പ്രേക്ഷകന്റെ സ്ഥാനം. അവര്‍ക്ക് ഇഷ്ടമായിക്കോളും എന്ന് കരുതി, എന്തെങ്കിലും കൊടുക്കാന്‍ പറ്റില്ല. ഹിറ്റായ കൂട്ടുകെട്ട് എപ്പോഴും കൂടിചേര്‍ന്നാല്‍ അടുത്തത് ഹിറ്റാകണമെന്ന് നിര്‍ബന്ധമില്ല. ഞാന്‍ എന്റേതായ രീതിയിലും ശ്രീനി ശ്രീനിയുടേതായ രീതിയിലും സിനിമയില്‍ ജോലികള്‍ ചെയ്യുന്നുണ്ടായിരുന്നു.' സത്യന്‍ അന്തിക്കാട് പറഞ്ഞു.