തമിഴ്നാടിനെ ഗജ ചുഴലികാറ്റ് പിടിച്ചുകുലുക്കിയപ്പോള്‍ കൈതാങ്ങായി സന്തോഷ് പണ്ഡിറ്റും. ചുഴലികാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നേരിട്ട് എത്തിയാവും സഹായം എത്തിക്കുക. പ്രളയ സമയത്ത് കേരളത്തിന് കോടികളുടെ സഹായം നല്കിയ തമിഴ്നാടിനെ തിരിച്ച് സഹായിക്കണമെന്ന് തോന്നിയതിനാലാണ് ഈ പര്യടനമെന്നും താരം പറഞ്ഞു.
നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, പുതുകോട്ടൈ എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ചെറിയ സഹായങ്ങള്‍ ചെയ്യുവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് താരം ഫെയ്ബുക്ക് പോസ്റ്റില്‍ പങ്ക് വെച്ചു. ഇപ്പോഴും പെയ്യുന്ന മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.നാഗപട്ടണത്തെ ഉള്‍ഗ്രാമങ്ങളില്‍ എത്രയോ ദിവസങ്ങളായി വൈദ്യുതിയില്ലെന്നും ഭൂരിഭാഗം പാവപ്പെട്ടവരുടെ കുടിലുകളും കൃഷിയും കന്നുകാലികളേയും 'ഗജ' യിലൂടെ നഷ്ടപ്പെട്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
തമിഴ്നാടിന് കഴിഞ്ഞ ദിവസം 10 കോടി രൂപയുടെ സഹായം കേരളം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ കെ.എസ്.ഇ.ബി സഹായവും ഒരു കോടി രൂപയുടെ മരുന്നുകളും കേരളത്തില്‍ നിന്ന് എത്തിച്ചിരുന്നു.
.